ടേഗ ഇന്‍ഡസ്ട്രീസ് ഐപിഒ ഇന്നുമുതല്‍; വിശദാംശങ്ങള്‍ അറിയാം
443-453 രൂപയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 33 ഓഹരികള്‍ അടങ്ങിയ സ്ലോട്ടുകളായി വാങ്ങാവുന്നതാണ്
ടേഗ ഇന്‍ഡസ്ട്രീസിന്റെ (Tega Industries Ltd) പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ ഇന്നുമുതല്‍. മൂന്നിനാണ് ഐപിഒ അവസാനിക്കുന്നത്. 612.23 കോടിരൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 443-453 രൂപയാണ് പ്രൈസ് ബാന്‍ഡ്.
ഏറ്റവും കുറഞ്ഞത് 33 ഓഹരികള്‍ അടങ്ങിയ സ്ലോട്ടുകളായി വാങ്ങാവുന്നതാണ്. ഡിസംബര്‍ 13ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി. ഗ്രേ മാര്‍ക്കറ്റില്‍ 310 രൂപ നിരക്കിലായിരുന്നു കമ്പനി ഓഹരികളുടെ വില്‍പ്പന.
പ്രൊമോട്ടര്‍മാരുടെയും നിക്ഷേപകരുടെയും ഓഹരികള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഐപിഒ. 1,36,69,478 ഓഹരികളാണ് വില്‍ക്കുന്നത്. മദന്‍ മോഹന്‍ മോഹങ്ക 33,14,657 ഓഹരികളും മനീഷ് മോഹങ്ക 6,62,931 ഓഹരികളും യുഎസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്യുറ്റി സ്ഥാപനമായ വാഗ്‌നര്‍ ലിമിറ്റഡ് 96,91,890 ഓഹരികളും വില്‍ക്കും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പോളിമര്‍ അധിഷ്ഠിത മില്‍ ലൈനേഴ്സ് (polymer-based mill liners) നിര്‍മാതാക്കളാണ് ടേഗ.
ആറ് ഫാക്ടറികളാണ് ടേഗ ഇന്‍സ്ട്രീസിന് ഉള്ളത്. ഗുജറാത്തിലും പശ്ചിമ ബംഗാളിലുമാണ് മൂന്ന് ഫാക്ടറികളാണ് ഇന്ത്യയിലുള്ളത്. ചിലി, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് മറ്റ് ഫാക്ടറികള്‍. സ്വീഡനിലെ സ്‌കേഗ എബിയുടെ സഹകരണത്തോടെ 1978ല്‍ ആണ് ടേഗ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2001ല്‍ മദന്‍ മോഹന്‍ മോഹങ്ക സ്‌കേഗയില്‍ നിന്ന് മുഴുവന്‍ ഓഹരികളും സ്വന്തമാക്കുകയായിരുന്നു.
2020-21 സാമ്പത്തിക വര്‍ഷം 856.68 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം ഇത് 695.54 കോടിയായിരുന്നു. അറ്റലാഭം 65.50 കോടിയില്‍ നിന്ന് 136.41 കോടിയായി ആണ് ഉയര്‍ന്നത്. ആക്സിസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.