ബജറ്റ് പ്രഖ്യാപനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഓഹരികള്‍ ഇവയാണ്
അടിസ്ഥാന സൗകര്യ വികസനം, റിന്യൂവബിള്‍ എനര്‍ജി, ഗ്രാമീണ/ കൃഷി, ഹെല്‍ത്ത് കെയര്‍/ ഫാര്‍മ മേഖലകള്‍ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍
കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ പാതയിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും നിക്ഷേപങ്ങളിലൂന്നിയ വികസനവും ആയിരിക്കും കേന്ദ്ര ബജറ്റിന്റെ അടിസ്ഥാനം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വികസനം, ആരോഗ്യ മേഖല തുടങ്ങിയവയൊക്കെ ബജറ്റില്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളാകും.
ഇലക്ട്രിക് മൊബിലിറ്റി, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. ആക്സിസ് സെക്യൂരിറ്റീസ്, റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് തുടങ്ങിയവര്‍ നിര്‍ദ്ദേശിക്കുന്ന മേഖലകളും കമ്പനികളുമാണ് ചുവടെ ചേര്‍ക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം
റോഡ്, എയര്‍, തുറമുഖങ്ങള്‍, ഷിപ്പിംഗ്, റെയില്‍വേ മറ്റ് സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തെ മികച്ച 30 കമ്പനികളുടെ തോത് 2021ല്‍ 36 ശതമാനം ആണ് ഉയര്‍ന്നത്. 2009 ന് ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണിത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മറ്റുമായി സര്‍ക്കാര്‍ ഈ മേഖലയിലെ പൊതു ചെലവുകള്‍ ഉയര്‍ത്തുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ വിലയിരുത്തല്‍.
പോളിക്യാബ് ഇന്ത്യ, എച്ച്ജി ഇന്‍ഫ്രാ എഞ്ചിനീയറിംഗ്, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, പിഎന്‍സി ഇന്‍ഫ്രാടെക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, തെര്‍മാക്സ്, കെഇഐ ഇന്‍ഡസ്ട്രീസ്, എബിബി ഇന്ത്യ, സീമെന്‍സ് ഇന്ത്യ, രാംകോ സിമന്റ്സ്, അള്‍ട്രാടെക് സിമന്റ്, എസിസി, അംബുജ, ഭാരത് ഡൈനാമിക്സ്, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്‌സ്, എന്‍ടിപിസി, കണ്‍ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാണ് ഈ മേഖലയില്‍ ഐസിഐസിഐ ഡയറക്ട് നിര്‍ദ്ദേശിക്കുന്നത്.
റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കാം. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹന നിര്‍മാണം, ഹരിത ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് അക്സിസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍. മാരുതി സുസുക്കി ഇന്ത്യ, ടാറ്റ പവര്‍, അദാനി ഗ്രീന്‍, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മിന്‍ഡ കോര്‍പ്പറേഷന്‍, ഗബ്രിയേല്‍ ഇന്ത്യ, ഡിക്‌സണ്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
ഗ്രാമീണ/ കൃഷി മേഖല
പതിവ് പോലെ ഗ്രാമീണ മേഖലയ്ക്കും കൃഷിക്കും ബജറ്റില്‍ മികച്ച പിന്തുണ ഉണ്ടായേക്കാം. ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക വായ്പ, വള സബ്സിഡി തുടങ്ങിയവയ്ക്കെല്ലാം ഫണ്ട് നീക്കിവെയ്ക്കും. ഇത് ഇന്‍പുട്ട് കോസ്റ്റ് ഉയര്‍ന്നു നില്‍ക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ക്ക് ഗുണം ചെയ്യും.
ഗ്രാമീണ ഡിമാന്‍ഡും അടിസ്ഥാന സൗകര്യ വികസന നിക്ഷേപവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച് സെക്യുരിറ്റീസ് വിലയിരുത്തുന്നു. പിഐ ഇന്‍ഡസ്ട്രീസ്, ധനുക അഗ്രിടെക്, റാലിസ്, ഗോദ്‌റെജ് അഗ്രോവെറ്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഡാബര്‍, നെസ്ലെ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാണ് ഈ മേഖലിയില്‍ നിന്ന് അനലിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നത്.
ഹെല്‍ത്ത് കെയര്‍, ഫാര്‍മ
കോവിഡ്, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ലോകം മുഴുവനുള്ള സര്‍ക്കാരുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഫാര്‍മ കമ്പനികളുടെ ഉല്‍പ്പാദന ശേഷി ഉയര്‍ത്തല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന വ്യക്തികള്‍ക്ക് നികുതി ഇളവ്, ഗവേഷണം തുടങ്ങിയ മേഖലകള്‍ക്ക് കേന്ദ്രം കൂടുതല്‍ ഫണ്ട് വകയിരുത്തിയേക്കാം.
അപ്പോളോ ഹോസ്പിറ്റല്‍സ്, നാരായണ ഹെല്‍ത്ത്‌കെയര്‍, ഷാല്‍ബി ലിമിറ്റഡ്, ഗ്ലാന്‍ഡ് ഫാര്‍മ, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസ്, മാക്‌സ് ഹെല്‍ത്ത്, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്, മറ്റ് മരുന്ന് നിര്‍മ്മാണക്കമ്പിനികള്‍ എന്നിവയെ ആണ് ഈ മേഖലയില്‍ നിന്ന് അനലിസ്റ്റുകള്‍ നിക്ഷേപത്തിനായി നിര്‍ദ്ദേശിക്കുന്നത്.