സെന്‍സെക്സ് 80,000 കടത്തിയ 10 വമ്പന്മാര്‍ ഇവരാണ്, വളര്‍ച്ചയുടെ നാള്‍വഴികള്‍ ഇങ്ങനെ
വെറും 139 വ്യാപാര ദിനങ്ങള്‍കൊണ്ടാണ് സെന്‍സെക്‌സ് 10,000 പോയിന്റ് കൂട്ടിച്ചേര്‍ത്തത്
സെന്‍സെക്‌സ് ഇന്നലെ ചരിത്രത്തിലാദ്യമായി 80,000 പോയിന്റെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്നു വ്യാപാരം പുരോഗമിക്കുന്നതും 80,000ത്തിനു മുകളില്‍ തന്നെ. വെറും 139 വ്യാപാര ദിനങ്ങള്‍കൊണ്ട് 10,000 പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ സെന്‍സെക്‌സിന് കരുത്ത് പകര്‍ന്നത് പ്രധാനമായും 10 കമ്പനികളാണ്. ഇതില്‍ 5,466 പോയിന്റും സംഭാവന ചെയ്തിരിക്കുന്നത് അഞ്ച് കമ്പനികളാണെന്നതാണ് ശ്രദ്ധേയം.
റിലയന്‍സ് മുതല്‍ എന്‍.ടി.പി.സി വരെ
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയാണ് ഇതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11 ന് സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് പിന്നിട്ടത് മുതല്‍ ഇതുവരെ 1,972 പോയിന്റാണ് റിലയന്‍സ് കൂട്ടിച്ചേര്‍ത്തത്. വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും മുന്നിലുള്ള കമ്പനിയായ റിലയന്‍സിന്റെ ഓഹരികള്‍ ഇത് വരെയുള്ള കാലയളവില്‍ നേടിയത് 26.3 ശതമാനം ഉയര്‍ച്ചയാണ്. നിലവിലെ ഓഹരി വിലയനുസരിച്ച് 21 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം.