കള്ളങ്ങള്‍ പൊളിയുന്നു,സൂക്ഷിച്ചു നീങ്ങേണ്ട സമയം; ഐഎംഎഫില്‍ നിന്നു വീണ്ടും ഞെട്ടല്‍

Update: 2020-10-15 03:36 GMT

എല്ലാം ഭദ്രം, പഴയതുപോലെയായി എന്നു പറഞ്ഞതു കൊണ്ടു കാര്യമില്ല. അവസ്ഥ വളരെ മോശം തന്നെ എന്ന് ഓരോ ദിവസവും വ്യക്തമാകുന്നു. എങ്കിലും അങ്ങേയറ്റത്തെ ശുഭാപ്തി വിശ്വാസം വിപണികളെ നയിക്കുമെന്ന് ഓഹരികളുടെ കയറ്റം കാണിക്കുന്നു.

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ത്യന്‍ ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ അമേരിക്കയില്‍ രണ്ടാം ദിവസവും സൂചികകള്‍ താഴോട്ടു നീങ്ങി. ബാങ്ക് ഓഫ് അമേരിക്കയുടെ ലാഭം 16 ശതമാനം ഇടിഞ്ഞതും ഉത്തേജക പ്രതീക്ഷ അകന്നു പോകുന്നതും കാരണമായി. യൂറോപ്പും ഇന്നലെ ദുര്‍ബലമായിരുന്നു. ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരവും താഴ്ന്ന നിലവാരത്തിലാണ്.

വാഹനവില്‍പ്പന കണക്ക് ഞെട്ടിക്കും

ഇന്ത്യയിലെ വാഹന വില്‍പ്പന ഈവര്‍ഷം ഒരു ദശകത്തിനിടയിലെ ഏറ്റവും താണ നിലയിലാകും എന്നു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഇക്ര (ഐസിആര്‍എ) റിപ്പോര്‍ട്ട് പുറത്തു വന്നത് ഞെട്ടിപ്പിക്കുന്നതായി. വാഹന വില്‍പ്പന പഴയ പോലെയായി എന്നു പറയാന്‍ മത്സരിച്ചിരുന്ന കമ്പനികളുടേതു വെറും പുളുവടി ആയിരുന്നെന്നു തെളിയുന്നു.

കാര്‍ വില്‍പ്പന 22 ശതമാനം കുറവാകും. മീഡിയം -ഹെവി വാണിജ്യ വാഹന വില്‍പ്പന 18 വര്‍ഷം മുമ്പത്തെ നിലയിലാകും. ഇരുചക്രവാഹന വില്‍പ്പന എഴു വര്‍ഷം മുമ്പത്തെ നിലയിലാകും. ആകെ മെച്ചപ്പെടുക ട്രാക്ടര്‍ വില്‍പ്പന എന്നാണ് ഇക്ര പറയുന്നത്. കഴിഞ്ഞ 'വര്‍ഷവും വാഹന വില്‍പ്പന കുറവായിരുന്നു എന്നു കൂടി ഓര്‍ക്കണം. തുടര്‍ച്ചയായി രണ്ടു വര്‍ഷം ഇടിയുമ്പോള്‍ അതു സമസ്ത മേഖലകളിലും തിരിച്ചടി ഉണ്ടാക്കുമെന്ന് ഉറപ്പ്.

വാഹന അനുബന്ധ വ്യവസായങ്ങളും വായ്പാ സ്ഥാപനങ്ങളും ഒക്കെ ബി സിനസ് കുറയുന്നവയില്‍ പെടും.

* * * * * * * *

സ്റ്റാര്‍ട്ടപ്പുകള്‍ക്കു കഷ്ടകാലം

കോവിഡ് കാലത്തു രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 15 ശതമാനത്തിലേറെ അടച്ചു പൂട്ടിയെന്നും ആ മേഖലയിലേക്കു നിക്ഷേപ വരവ് പകുതിയിലും താഴെയായി എന്നതും സന്തോഷകരമായ വാര്‍ത്തയല്ല. 40 ശതമാനത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ ദുരിതത്തിലായി. മുന്‍നിരയിലെ ഏതാനും കമ്പനികളുടെ തിളക്കത്തില്‍ യാഥാര്‍ഥ്യം കാണാതെ പോകരുത്.

* * * * * * * *

നാണംകെട്ട പ്രതിരോധം

ഇന്ത്യ ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിന്റെ പിന്നിലാകും എന്ന ഐ എം എഫ് റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ ക്രയശേഷി സന്തുലന (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി - പി പി പി) കണക്കിനെ ആശ്രയിച്ച കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നാണംകെട്ടു . പിപിപി രീതിയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വലിയ അകലം ഇല്ലെന്നാണു തെളിഞ്ഞത്.

2021-22 ല്‍ ഇന്ത്യ വീണ്ടും ബംഗ്ലാദേശിന്റെ മുന്നിലാകും എന്ന ഐ എം എഫ് റിപ്പോര്‍ട്ടും നമ്മുടെ ദയനീയത മാറ്റുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി വളര്‍ച്ച ഇരു രാജ്യങ്ങളും തുടര്‍ന്നാല്‍ 2025-ല്‍ ബംഗ്ലാദേശുകാരുടെ ആളോഹരി വരുമാനം വീണ്ടും ഇന്ത്യക്കാരുടേതിലും കൂടുതലാകും. ഭൂട്ടാനും മാലദ്വീപും നേപ്പാളും ഇപ്പാള്‍ തന്നെ ഇക്കാര്യത്തില്‍ മുന്നിലാണെന്നു കൂടി അറിയുക

* * * * * * * *

ഐഎംഎഫില്‍ നിന്നു വീണ്ടും ഞെട്ടല്‍

ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നും ഇന്ത്യന്‍ ജിഡിപി 10.3 ശതമാനം ഇടിയുമെന്നും ഐ എം എഫ് പ്രവചിച്ചതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അതിനു മുമ്പേ ഞെട്ടിക്കുന്ന മറ്റൊരു കണക്ക് ഐ എം എഫില്‍ നിന്ന്. ഇന്ത്യയുടെ സര്‍ക്കാര്‍ കടം അടുത്ത മാര്‍ച്ചോടെ ജിഡിപിയുടെ 90 ശതമാനമാകും. ഐ എം എഫിന്റെ ഫിസ്‌കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ വിക്ടര്‍ ഗാസ്പറിന്റേതാണ് ഈ മുന്നറിയിപ്പ്. 199l -നു ശേഷം ഒരിക്കല്‍ പോലും ഇന്ത്യയുടെ പൊതുകടം ജി ഡി പി യുടെ 80 ശതമാനത്തിലധികമായിട്ടില്ല. 2001-05 കാലത്ത് 75 ശതമാനത്തിലധികമായിരുന്നത് ഒഴിച്ചാല്‍ ശരാശരി 70 ശതമാനത്തില്‍ പൊതുകടം നിര്‍ത്താന്‍ നമുക്കു കഴിഞ്ഞിരുന്നു.

പൊതുകടം വര്‍ധിക്കുമ്പോള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതു തിരിച്ചു കൊടുക്കാന്‍ പ്രയാസം കൂടും. രാജ്യത്തിന്റെ റേറ്റിംഗിനെയും ഇതു ബാധിക്കും. അതു കൊണ്ടാണ് ജിഡിപിയുടെ 70 ശതമാനത്തിനടുത്ത് പൊതുകടം എന്ന രീതിയില്‍ നാം പോന്നിരുന്നത്. ഇപ്പോള്‍ കടം 17 ശതമാനം കൂടി വര്‍ധിക്കുമെന്ന് ഐഎംഎഫ് പറയുമ്പോള്‍ സമ്പദ്ഘടന നേരിടുന്ന വെല്ലുവിളി അതീവ ഗുരുതരമാണെന്നു വ്യക്തം.

* * * * * * * *

വിലക്കയറ്റം കൂടുന്നു,പലിശ കുറയ്ക്കല്‍ അകലെ

മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. സെപ്റ്റംബറിലെ വിലക്കയറ്റം 1.32 ശതമാനമാണ്. ഓഗസ്റ്റില്‍ 0.16 ശതമാനമായിരുന്നു.

ഇത് അത്ര വലിയ നിരക്കല്ല. എന്നാല്‍ അതിലെ ഭക്ഷ്യ വിലക്കയറ്റം ഗുരുതരമാണ്. 8.17 ശതമാനം. ഓഗസ്റ്റില്‍ ഇത് 3.84 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. പച്ചക്കറികള്‍ക്ക് 36.5 ശതമാനവും പയറു വര്‍ഗങ്ങള്‍ക്ക് 12.5 ശതമാനവും കയറ്റം വലുതാണ്.

ഭക്ഷ്യ വിലക്കയറ്റം താഴ്ന്ന വരുമാന വിഭാഗങ്ങളെ സാരമായി ബാധിക്കും. പുറമെ പലിശ നിരക്ക് താഴ്ത്താനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഉപഭോക്തൃ വിലകള്‍ ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റവും ഉയര്‍ന്നു നില്‍ക്കുകയാണ്.

* * * * * * * *

ഇന്‍ഫോസിസിന്റെ റിസല്‍ട്ട് ആവേശകരം

ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷകളെ കടത്തിവെട്ടി. 25.3 ശതമാനമുണ്ട് പ്രവര്‍ത്തനലാഭ മാര്‍ജിന്‍. രണ്ടാം പാദത്തില്‍ 315 കോടി ഡോളറിന്റെ ഇടപാടുകള്‍ കരാറാക്കാനായത് റിക്കാര്‍ഡ് നേട്ടമാണ്. ഈ ധനകാര്യ വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ മൂന്നു ശതമാനത്തിലേക്ക് ഉയര്‍ത്താനും കമ്പനി തയാറായി. ജനുവരി മുതല്‍ ജീവനക്കാര്‍ക്കു ശമ്പള വര്‍ധനയും പ്രൊമോഷനും പ്രഖ്യാപിച്ചു. ഓഹരി വില റിക്കാര്‍ഡ് ഉയരങ്ങളിലെത്തിയത് തികച്ചും ന്യായമെന്നു പറയാം.

ചൊവ്വാഴ്ച റിസല്‍ട്ട് പ്രഖ്യാപിച്ച വിപ്രോയില്‍ ഇന്നലെ ലാഭമെടുക്കല്‍ മൂലം ഓഹരിക്ക് വില ഗണ്യമായി ഇടിഞ്ഞു.

ഈ ആഴ്ച തന്നെ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ റിസല്‍ട്ടും വരും.

* * * * * * * *

തുടര്‍ച്ചയായ പത്താംദിവസവും സൂചികകള്‍ കുതിച്ചു

തുടര്‍ച്ചയായ പത്താം ദിവസവും ഓഹരി സൂചികകള്‍ കയറി. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇത്ര ദിവസം നീണ്ട ഒരു ഉയര്‍ച്ച. ഈ 10 ദിവസം കൊണ്ട് സെന്‍സെക്‌സ് 7.43 ശതമാനവും നിഫ്റ്റി 6.6 ശതമാനവും ഉയര്‍ന്നു.

ഇന്നലെ എച്ച് ഡി എഫ് സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണു സൂചികകളെ ഉയര്‍ത്തിയത്. രാവിലെ മുതല്‍ ഉച്ചവരെ താഴ്ന്നു നിന്ന വിപണിയെ ധനകാര്യ കമ്പനികളാണു സഹായിച്ചത്.

* * * * * * * *

തടസം കടന്നു. നിക്ഷേപകര്‍ കരുതി നീങ്ങണം

തുടര്‍ച്ചയായി പത്തു ദിവസം ഉയര്‍ന്ന ഓഹരി വിപണി സാങ്കേതിക വിശകലനക്കാരുടെ അഭിപ്രായത്തില്‍ വീണ്ടും ഉയരാനുള്ള ഊര്‍ജം നേടിയിട്ടുണ്ട്. 11950 മേഖലയിലെ ശക്തമായ തടസം മറികടന്ന നിലയ്ക്ക് 12,100 വരെ കാര്യമായ തടസം ഇല്ലത്രെ.

സാങ്കേതിക വിശകലനം എന്തായാലും വിപണിയില്‍ അപായസൂചനകള്‍ ഉള്ളതു കാണാതിരുന്നു കൂടാ. സൂചികകളെ നിയന്ത്രിക്കുന്ന വലിയ കമ്പനി ഓഹരികളിലാണു കുതിപ്പ് കാണാനുള്ളത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ അനക്കം ഇല്ല. അവ മിക്കതും താഴോട്ടു പോവുകയാണ്.

വിപണിയിലെ ബുള്‍ പ്രവണതയ്ക്ക് ആഴവും പരപ്പും കുറവാണെന്നു ചുരുക്കം. നിക്ഷേപകര്‍ കരുതലോടെ നീങ്ങണം.

* * * * * * * *

കൂട്ടുപലിശ ഒഴിവാക്കാന്‍ താമസമെന്തെന്നു കോടതി

മോറട്ടോറിയം കാലത്തെ കൂട്ടു പലിശ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഒഴിവാക്കാം എന്ന തീരുമാനം നടപ്പാക്കാന്‍ എന്തേ വൈകുന്നതെന്നു സുപ്രീം കോടതി. നവംബര്‍ രണ്ടിനകം അതു നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പിഴപ്പലിശ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കുമെന്നും ഇന്നലെ വ്യക്തമാക്കപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട കേസുകള്‍ തുടരുകയാണെങ്കിലും ബാങ്കുകള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. കൂട്ടുപലിശ സര്‍ക്കാര്‍ നല്‍കുമെന്നതുകൊണ്ട് രണ്ടാം പാദത്തിലെ റിസല്‍ട്ട് തയാറാക്കാന്‍ ഇനി തടസങ്ങളുമില്ല

ഇക്കാര്യം ഇത്രയും വലിച്ചു നീട്ടിയത് എന്തിനാണെന്നു മാത്രമേ അറിയാത്തതായുള്ളൂ. അധികാര കേന്ദ്രീകരണത്തിന്റെ ഫലമായി തീരുമാനങ്ങള്‍ അനാവശ്യമായി വൈകുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഇത്.

* * * * * * * *

ക്രൂഡ് ഉയര്‍ന്നു

ആഗോള വിപണിയില്‍ ക്രൂഡ് വില കൂടി. ചൈനയില്‍ നിന്നു ഡിമാന്‍ഡ് കൂടിയതാണു കാരണം. ബ്രെന്റ്് ഇനം വീപ്പയ്ക്ക് 43.4 ഡോളറും ഡബ്‌ള്യു ടി ഐ ഇനം 41.1 ഡോളറുമായി.

സ്വര്‍ണം: ശങ്ക മാറി

ആഗോള സമ്പദ്ഘടന മാന്ദ്യത്തിലായ സാഹചര്യത്തില്‍ രാജ്യങ്ങളെ സഹായിക്കാന്‍ പണമുണ്ടാക്കാന്‍ അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) സ്വര്‍ണം വില്‍ക്കുമെന്ന അഭ്യൂഹം ഫണ്ട് നിഷേധിച്ചു. ഇതു സ്വര്‍ണവിലയിലെ ഇടിവ് മാറ്റി. ഇന്നു രാവിലെ ട്രോയ് ഔണ്‍സിന് 1896 ഡോളറാണു വില.

ഡോളര്‍-രൂപ

കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റതോടെ ഇന്നലെ രൂപ അല്‍പം ഉയര്‍ന്നു. ഡോളറിന് ആറു പൈസ കുറഞ്ഞ് 73.30 രൂപയായി.

* * * * * * * *

ഇന്നത്തെ വാക്ക് : ട്രോയ് ഔണ്‍സ്

സ്വര്‍ണം പോലുള്ള വിലയേറിയ ലോഹങ്ങള്‍ തൂക്കുന്നതിന് ഉപയോഗിക്കുന്ന ഭാര യൂണിറ്റ്. 31.1034768 ഗ്രാമാണ് ഒരു ട്രോയ് ഔണ്‍സ്. ഫ്രാന്‍സിലെ ട്രോയ് (Troyes) നഗരത്തില്‍ തട്ടാന്മാര്‍ ഉപയോഗിച്ചിരുന്ന യൂണിറ്റായതു കൊണ്ടാണ് ഈ പേര്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News