ലാഭമെടുക്കൽ തുടരും; വിദേശികൾ പിന്മാറില്ല; വാഹന വിൽപനയിൽ ഉണർവ് അകലെ; ക്രൂഡ് വിലക്കയറ്റം സൂക്ഷിക്കണം

ഓഹരി വിപണിയിൽ വിദേശികൾ നിക്ഷേപിക്കുമ്പോൾ ഇന്ത്യൻ ഫണ്ടുകൾ വിൽപ്പനത്തിരക്കിൽ . ക്രൂഡ് വില ഉയരുന്നു . മാരുതിക്ക് എന്തു പറ്റി ?

Update: 2021-02-10 03:16 GMT

ആറു ദിവസത്തെ തുടർച്ചയായ കുതിപ്പിനു ശേഷം കിതപ്പ്. ലാഭമെടുക്കാനുള്ള വിൽപന സമ്മർദം സൂചികകളെ താഴ്ത്തി. ബാങ്ക്, എൻബിഎഫ്സി, എഫ്എംസിജി, ഐടി ഓഹരികളിലായിരുന്നു കൂടുതൽ വിൽപന.

വിദേശ നിക്ഷേപകർ അല്ല സൂചികകളെ നേരിയ തോതിൽ താഴ്ത്തിയത്. അവർ ഇന്നലെയും 1300 കോടി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.അതേ സമയം ഇന്ത്യൻ ഫണ്ടുകൾ 1756 കോടി രൂപ വിപണിയിൽ നിന്നു വലിച്ചു.
സൂചികകൾ അനിശ്ചിതത്വം കാണിക്കുന്നുണ്ടെങ്കിലും വലിയ തിരുത്തൽ അധികമാരും പ്രതീക്ഷിക്കുന്നില്ല. നിഫ്റ്റിക്കു 15,030-ൽ ശക്തമായ താങ്ങ് സാങ്കേതിക വിശകലനക്കാർ പറയുന്നു. 15,000-നു താഴേക്കു നീങ്ങിയാലേ തിരുത്തൽ പ്രതീക്ഷിക്കേണ്ടതുള്ളു. ഇന്നും ചില മേഖലകളിൽ വിൽപന സമ്മർദം തുടരാം. ഉയർച്ചയിൽ 15,220-ലും 15,337 ലും തടസം പ്രതീക്ഷിക്കുന്നു.
യു എസ് വിപണി ഇന്നലെ നേരിയ താഴ്ച കാണിച്ചു. ഇന്നു രാവിലെ ജാപ്പനീസ് സൂചികകളും ചെറിയ താഴ്ചയിലാണ്. സിംഗപ്പുരിലെ നിഫ്റ്റി ഡെറിവേറ്റീവ് എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,130-നു മുകളിലാണ്.
നിഫ്റ്റി കോൾ ഓപ്ഷൻ ഓപ്പൺ ഇൻ്ററസ്റ്റ് 15,500-ലും 16,000-ലും ആണ് കൂടുതൽ. ഉയർച്ച തന്നെയാണു ഫണ്ടുകളും വലിയ നിക്ഷേപകരും പ്രതീക്ഷിക്കുന്നതെന്നു സൂചന.

ക്രൂഡ് ഓയിൽ ഉയരുമ്പോൾ
ക്രൂഡ് ഓയിൽ വില കൂടുകയാണ്. 61 ഡോളറിനു താഴേക്കു പോയ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 61.1 ഡോളറിലേക്കു തിരിച്ചു കയറി. അമേരിക്കയിൽ ക്രൂഡ് സ്റ്റോക്ക് കുറവായതാണു കാരണം.
ക്രൂഡ് വിലവർധന ഇന്ത്യയിൽ ഇന്ധനവില കൂട്ടുന്നുണ്ട്. വിലക്കയറ്റ സൂചികകളെ ബാധിക്കാവുന്ന വിധത്തിൽ വിലകൾ ഉയരുന്നതായാണു സൂചന. ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റത്തിൽ ഇതു കാര്യമായി പ്രതിഫലിക്കും. ജനുവരിയിലെ വില സൂചിക വെള്ളിയാഴ്ച പുറത്തുവരും.

സ്വർണം, ബിറ്റ്കോയിൻ
ലോകവിപണിയിൽ ചൊവ്വാഴ്ച താഴോട്ടു പോയ സ്വർണ വില ഇന്നു രാവിലെ ഉണർവ് കാണിച്ചു. 1834-ൽ നിന്ന് 1838 ഡോളറിലേക്കു സ്വർണം കയറി. ഡോളറിൻ്റെ ക്ഷീണവും ഇലോൺ മസ്ക് സ്വർണ ഫണ്ടിൽ നിക്ഷേപിച്ചെന്ന സംസാരവും ഇതിനു കാരണമായി.
ബിറ്റ് കോയിൻ 48,000-നു മുകളിൽ കയറിയിട്ട് അൽപം താണു വ്യാപാരം തുടരുന്നു. ഇന്ത്യ സ്വകാര്യ ഡിജിറ്റൽ കറൻസികളെ വിലക്കുമെന്നും ഔദ്യോഗിക ഡിജിറ്റൽ കറൻസി ഇറക്കുമെന്നും ഇന്നലെ ധനമന്ത്രാലയം ആവർത്തിച്ചു പറഞ്ഞു.

ടാറ്റാ സ്റ്റീലിനു തിളങ്ങുന്ന റിസൽട്ട്
ടാറ്റാ സ്റ്റീലിൻ്റെ മൂന്നാം പാദ റിസൽട്ട് വിപണിയുടെ പ്രതീക്ഷകളെക്കാൾ മികച്ചതായി. വരുമാനവും ലാഭവും ഓരോ ടണ്ണിലും നേടിയ മിച്ചവുമൊക്കെ നിരീക്ഷകരുടെ കണക്കുകൂട്ടലുകളെക്കാൾ അധികമായി. ഇന്നു വിപണിയിൽ ടാറ്റാ സ്റ്റീൽ ഓഹരിക്ക് നേട്ടമുണ്ടാകാം.
വിറ്റുവരവ് 11.5 ശതമാനം വർധിച്ച് 39,594 കോടി രൂപയായി. കഴിഞ്ഞ വർഷം 1166 കോടി രൂപ നഷ്ടമുണ്ടായ സ്ഥാനത്ത് 3989 കോടി രൂപ അറ്റാദായം. പ്രവർത്തന ലാഭം 9540 കോടി രൂപ 2.6 മടങ്ങാണ്. ഇന്ത്യൻ ബിസിനസിൽ മാത്രമുള്ള പ്രവർത്തന ലാഭം 8811 കോടി വരും.
സ്റ്റീൽ വിലയിലെ വലിയ വർധനയാണ് ലാഭക്കുതിപ്പിനു പിന്നിൽ. ഇന്ത്യയിലെ വില ടണ്ണിന് 20,175 രൂപ ലാഭം നൽകുന്നതായിരുന്നു. വിദേശത്തേതു കൂടി കണക്കാക്കുമ്പോൾ ടണ്ണിനു 18,931 കോടി രൂപയാണു ലാഭം.
ഏറ്റവും പ്രധാന കാര്യം ഈ പാദത്തിൽ കമ്പനിയുടെ കടം 10,325 കോടി രൂപ കുറച്ചതാണ്. ഒമ്പതു മാസം കൊണ്ട് കടം 18,609 കോടി രൂപ താഴ്ന്നു.മാർച്ചോടെ കടത്തിൽ 12,000 കോടി രൂപ കൂടി കുറയ്ക്കാമെന്നാണു പ്രതീക്ഷ.

വാഹന വിപണി ഉണർന്നിട്ടില്ല
ഡിസംബറിൽ വാഹനങ്ങളുടെ റീട്ടെയിൽ വിൽപന തലേ ഡിസംബറിലേക്കാൾ കൂടി. ഈ ധനകാര്യ വർഷത്തിൽ ആദ്യമാണ് യഥാർഥവിൽപന വർധിച്ചത്. എന്നാൽ ജനുവരിയിലെ വിൽപന തലേ ജനുവരിയെ അപേക്ഷിച്ച് 10 ശതമാനം കുറവായപ്പോൾ ഉണർവ് വാദം പൊളിഞ്ഞു.
സെമികണ്ടക്ടറുകളുടെ ക്ഷാമം മൂലം പല വാഹനങ്ങളും ആവശ്യത്തിനു നിർമിച്ചു നൽകാൻ കഴിയുന്നില്ല. ഇതും വില വർധനയും വിൽപനയെ ചെറുതായി ബാധിച്ചിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പറയുന്നത് കഴിഞ്ഞ വർഷം ബിഎസ് നാല് വാഹനങ്ങൾ വിൽക്കാൻ കൂടുതൽ ഡിസ്കൗണ്ട് ഉണ്ടായിരുന്നത് അന്നു വിൽപന കൂട്ടി എന്നാണ്. കാരണം എന്തായാലും ലോക്ക് ഡൗണിൻ്റെ ആലസ്യത്തിൽ നിന്നു വാഹന വിപണി കരകയറിയിട്ടില്ല.
ചില്ലറ വിൽപന 17,63,011 ൽ നിന്ന് 15,92,636- ലേക്കാണു താണത്. കാറുകൾ അടക്കം പാസഞ്ചർ വാഹന വിൽപന 294,817-ൽ നിന്ന് 2,81,666 ആയി താണു. 4.5 ശതമാനം ഇടിവ്. ടൂ വീലർ വിൽപന 8.78 ശതമാനം ഇടിഞ്ഞ് 11,63,322 ആയി. വാണിജ്യ വാഹന വിൽപനയിലെ തകർച്ച 24.99 ശതമാനമാണ്. 74,439-ൽ നിന്ന് 55,835-ലേക്ക്. ത്രീവീലർ വിൽപനത്തകർച്ച 51.31 ശതമാനം വരും. 63,785-ൽ നിന്ന് 31,059 ലേക്ക്.

മാരുതിയുടെ വിപണി പങ്കാളിത്തം കുറയുന്നു
ഇന്ത്യൻ കാർ വിപണിയിൽ മാരുതി സുസുകിയുടെ പങ്ക് ഈ ജനുവരിയിൽ 50 ശതമാനത്തിനു താഴെയായി. തലേ ജനുവരിയിൽ 51.42 ശതമാനം ഉണ്ടായിരുന്ന സ്ഥാനത്ത് 49.24 ശതമാനത്തിലേക്കു താണു. ഹ്യുണ്ടായിയും കിയാ മോട്ടോഴ്സും ടാറ്റാ മോട്ടോഴ്സുമാണു മുന്നറിയത്. ഹ്യുണ്ടായി 15.67-ൽ നിന്ന് 17.13 ശതമാനത്തിലെത്തി. കിയാ 3.38-ൽ നിന്ന് 5.14 ശതമാനത്തിലേക്കുയർന്നു. ടാറ്റാ മോട്ടോഴ്സ് 5.63 ൽ നിന്ന് 8.26 ശതമാനമായി.


Tags:    

Similar News