കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട് തുടങ്ങുമ്പോള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

Update: 2020-01-02 10:20 GMT

ദീര്‍ഘകാല സമ്പാദ്യം ലക്ഷ്യമിട്ടുകൊണ്ടാണ് പലരും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവും തുടങ്ങി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായുള്ള മികച്ച മാര്‍ഗമായി പലരും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കായുള്ള ഇത്തരം നിക്ഷേപം അവര്‍ക്കായ് തന്നെ മാറ്റിവെയ്ക്കുക. ഇത് മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഇതിന് കുട്ടികളുടെ പേരില്‍ തന്നെ നിക്ഷേപങ്ങള്‍ നടത്തുന്നത് സഹായിക്കും. എന്നാല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേരിലെ നിക്ഷേപങ്ങള്‍ മൈനര്‍ അക്കൗണ്ടിലായതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒരു സാമ്പത്തിക കരാറില്‍ ഏര്‍പ്പെടാന്‍ നിയമം അനുവദിക്കാത്തതിനാല്‍, മാതാപിതാക്കളോ നിയമപരമായ രക്ഷകര്‍ത്താക്കളോ ആവും ആ അക്കൗണ്ടിന്റെ സൂക്ഷിപ്പുകാരന്‍. രക്ഷകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ അല്ലെങ്കില്‍ നിയുക്ത രക്ഷാകര്‍തൃത്വത്തിലുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അക്കൗണ്ടില്‍ നിന്നോ വരുന്ന തുക മാത്രമേ നിക്ഷേപ തുകയായി ഉപയോഗിക്കാവൂ. കുട്ടി പ്രായപൂര്‍ത്തിയായികഴിഞ്ഞാല്‍ അവന്‍ നിക്ഷേപകനാവുകയും സാധാരണ (18 വയസ്സ് പൂര്‍ത്തിയായവരുടെ) കെവൈസി അതേ രീതി പിന്തുടരാം.

വേണം ഈ രേഖകള്‍

കുട്ടിയുടെ പ്രായം തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് ആവശ്യമാണ്. അതിനൊപ്പം രക്ഷകര്‍ത്താവുമായുള്ള കുട്ടിയുടെ ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും സമര്‍പ്പിക്കണം. ഒപ്പം അഡ്രസ്സും. മാതാപിതാക്കളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റിലോ പാസ്പോര്‍ട്ടിലോ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ മതിയാവും. ലീഗല്‍ ഗാര്‍ഡിയന്‍ ആണെങ്കില്‍, കോടതി ഉത്തരവിന്റെ ഒരു പകര്‍പ്പ് ആവശ്യമാണ്. ഇതിനുപുറമെ, സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ കൃത്യമായ കെവൈസി സമര്‍പ്പിക്കുകയും വേണം.

നികുതി

ആദായനികുതി നിയമങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെ വരുമാനം, ലാഭവിഹിതം, എംഎഫ് നിക്ഷേപത്തില്‍ നിന്നുള്ള മൂലധന നേട്ടം എന്നിവ മാതാപിതാക്കളുടെയോ നിയുക്ത രക്ഷാധികാരിയുടെയോ വരുമാനവുമായി ബന്ധിപ്പിക്കുകയും അവരുടെ സ്വന്തം വരുമാനമായി നികുതി ചുമത്തുകയും ചെയ്യുന്നദതാണ്. കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഇത് മാറും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News