ഈ ജ്വല്ലറി റീട്ടെയ്‌ലറും ഓഹരി വിപണിയിലേക്ക്, ഐപിഒയിലൂടെ സമാഹരിക്കുന്നത് 525 കോടി

നിലവില്‍ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 127 ഷോറൂമുകളാണ് ഈ ജ്വല്ലറി റീട്ടെയ്‌ലര്‍ കമ്പനിക്കുള്ളത്

Update:2022-04-16 13:39 IST

ജ്വല്ലറി റീട്ടെയ്‌ലര്‍ സെന്‍കോ ഗോള്‍ഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഐപിഒയിലൂടെ 525 കോടി രൂപ സമാഹരിക്കാനാണ് ഈ കമ്പനി ഒരുങ്ങുന്നത്. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒയില്‍ 325 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും ഓഹരി ഉടമയായ SAIF Partners India IV Limited ന്റെ 200 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്.

കൂടാതെ, 65 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികളുടെ പ്രീഐപിഒ പ്ലേസ്‌മെന്റും കമ്പനി പരിഗണിച്ചേക്കും. അങ്ങനെയാണെങ്കില്‍ ഐപിഒയിലെ പുതിയ ഓഹരി വില്‍പ്പനയുടെ വലുപ്പം കുറയും. പുതിയ ഇഷ്യൂവില്‍ നിന്ന് ലഭിക്കുന്ന 240 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ബാക്കി പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവില്‍ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 89 നഗരങ്ങളിലും പട്ടണങ്ങളിലും സെന്‍കോ ഗോള്‍ഡിന് 127 ഷോറൂമുകള്‍ ഉണ്ട്. ഇവയില്‍ 70 ഷോറൂമുകള്‍ കമ്പനി നേരിട്ട് നടത്തുന്നതും 57 എണ്ണം ഫ്രാഞ്ചൈസികളുമാണ്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും കമ്പനി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. പ്രധാനമായും ദുബായ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആഭരണങ്ങളുടെ മൊത്ത കയറ്റുമതിയും സെന്‍കോ ഗോള്‍ഡ് നടത്തുന്നുണ്ട്.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ആംബിറ്റ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.


Tags:    

Similar News