ഒരുലക്ഷം നിക്ഷേപം 5 കൊല്ലം കൊണ്ട്‌ 20 ലക്ഷം രൂപയാക്കി ഈ കേരള ഓഹരി

കേരളത്തില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാകാന്‍ മുത്തൂറ്റ് ഫിനാന്‍സുമായി മത്സരം

Update:2023-10-17 17:51 IST

Image : Canva

അഞ്ചുകൊല്ലം മുമ്പ് നിങ്ങള്‍ ഈ 'കേരള കമ്പനി'യുടെ ഓഹരികളില്‍ ഒരുലക്ഷം രൂപ നിക്ഷേപിക്കുകയും പിന്‍വലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഇന്നത് 20.4 ലക്ഷം രൂപയാകുമായിരുന്നു. അതായത്, 19.4 ലക്ഷം രൂപയുടെ നേട്ടം.

Also Read : ഫാക്ടിന്റെ വിപണിമൂല്യം ₹50,000 കോടി ഭേദിച്ചു; ഈ നേട്ടത്തിലേറിയ രണ്ടാമത്തെ കേരള കമ്പനി

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ അഥവാ ഫാക്ടിന്റെ (FERTILIZERS AND CHEMICALS TRAVANCORE LIMITED/FACT) ഓഹരികളുടെ കാര്യമാണ് പറയുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഫാക്ട് ഓഹരികള്‍ കാഴ്ചവച്ച മുന്നേറ്റം 1940 ശതമാനമാണ്. 2018 ഒക്ടോബര്‍ 17ന് ഓഹരി ഒന്നിന് 36.6 രൂപയായിരുന്ന ഫാക്ട് ഓഹരിക്ക് 746.7 രൂപയാണ് ഇന്നത്തെ വില.
വിപണിമൂല്യം 48,000 കോടി
ഫാക്ടിന്റെ വിപണിമൂല്യം ഇന്ന് വ്യാപാരാന്ത്യത്തില്‍ ബി.എസ്.ഇയില്‍ 48,316 കോടി രൂപയിലെത്തി. കഴിഞ്ഞ ജൂണ്‍ അവസാനവാരമാണ് ഫാക്ടിന്റെ വിപണിമൂല്യം ആദ്യമായി 30,000 കോടി രൂപ കടന്നത്. തുടര്‍ന്ന്, മൂന്നര മാസത്തിനകം മൂല്യം 48,000 കോടി രൂപ ഭേദിച്ചു.
ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം മുത്തൂറ്റ് ഫിനാന്‍സിനാണ് (50,300 കോടി രൂപ). നിലവിലെ മുന്നേറ്റ ട്രെന്‍ഡുമായി മുത്തൂറ്റ് ഫിനാന്‍സിനെ ഫാക്ട് ഉടന്‍ മറികടക്കുമോയെന്നാണ് നിക്ഷേപകലോകം ഉറ്റുനോക്കുന്നത്.
യുദ്ധ പശ്ചാത്തലത്തിലെ കുതിപ്പ്
ഇന്നലെ (ഒക്ടോബര്‍ 16) ഫാക്ട് ഓഹരികള്‍ 20 ശതമാനം മുന്നേറിയിരുന്നു. ഇന്ന് ബി.എസ്.ഇയില്‍ ഓഹരി വില വ്യാപാരാന്ത്യത്തിലുള്ളത് 13.47 ശതമാനം വര്‍ധിച്ച് 746.70 രൂപയില്‍.
ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ പൊതുവേ വളം കമ്പനികളുടെ ഓഹരികള്‍ കാഴ്ചവയ്ക്കുന്ന മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് ഫാക്ട് ഓഹരികളുടെയും കുതിപ്പ്.
ആഗോള വിപണിയിലേക്ക് പൊട്ടാഷ് വളം എത്തുന്നത് പ്രധാനമായും ഇസ്രായേലില്‍ നിന്നാണ്. വടക്കന്‍ ഗാസയിലെ അഷ്‌ദൊദ് തുറമുഖം വഴിയാണ് ഇസ്രായേലിന്റെ പൊട്ടാഷ് വളം കയറ്റുമതി. യുദ്ധത്തെ തുടര്‍ന്ന് തുറമുഖത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇതോടെ, പൊട്ടാഷ് വിതരണം തടസ്സപ്പെടുമെന്നും വളം വില കുതിച്ചുയരുമെന്നുമുള്ള വിലയിരുത്തലാണ് ഫാക്ട് അടക്കമുള്ള വളം നിര്‍മ്മാണ കമ്പനികളുടെ ഓഹരികളില്‍ കുതിപ്പുണ്ടാക്കുന്നത്.
നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ 'തുടര്‍ച്ചയായി നഷ്ടത്തിലുള്ള കമ്പനി' എന്നാണ് ഫാക്ടിനെ ഏവരും വിശേഷിപ്പിച്ചിരുന്നത്. 2015ന് മുമ്പുവരെ 300-400 കോടിയോളം രൂപ പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തിയിരുന്നു ഫാക്ട്.
എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫാക്ട് 612.99 കോടി രൂപയുടെ പ്രവര്‍ത്തനലാഭം കുറിച്ചു. 2020-21ല്‍ 350 കോടി രൂപയും 2021-22ല്‍ 353 കോടി രൂപയുമായിരുന്നു ലാഭം. 2018ല്‍ 1,955 കോടി രൂപയായിരുന്ന വിറ്റുവരവ് കഴിഞ്ഞവര്‍ഷം (2022-23) മൂന്നിരട്ടി ഉയർന്നു 6,198 കോടി രൂപയിലേക്കും എത്തി.
കിഷോര്‍ റുംഗ്തയുടെ ധനകാര്യ വൈദഗ്ധ്യം
തുടര്‍ച്ചയായി നഷ്ടത്തിലുള്ള കമ്പനി എന്നതില്‍ നിന്ന് ''തുടര്‍ച്ചയായി ലാഭം കുറിക്കുന്ന കമ്പനി'' എന്നതിലേക്ക് ഫാക്ടിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കിഷോര്‍ റുംഗ്തയാണ്. രാജസ്ഥാന്‍ സ്വദേശിയായ കിഷോര്‍ റുംഗ്ത 2019 ഫെബ്രുവരിയിലാണ് ഫാക്ടിന്റെ സി.എം.ഡി സ്ഥാനം ഏറ്റെടുത്തത്.
മൂലധനവുമില്ല, ആസ്തി പോലും നെഗറ്റീവ് എന്ന നിലയില്‍ ഫാക്ട് പ്രതിസന്ധി നേരിടുന്ന കാലത്താണ് ഫാക്ടിനെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിച്ചത്. ധനകാര്യ മാനേജ്‌മെന്റ് രംഗത്തെ തന്റെ പരിചയ സമ്പത്ത് അദ്ദേഹം ഫാക്ടിനെ നേട്ടത്തിലെത്തിക്കാന്‍ ഉപയോഗിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫാക്ട് നേട്ടങ്ങളുടെ പടികള്‍ കയറി. ബംഗാള്‍, മഹാരാഷ്ട്ര ഉള്‍പ്പെടെ പുതിയ വിപണികളിലേക്ക് ഫാക്ട് ചുവടുവച്ചു. വര്‍ഷങ്ങളോളം പൂട്ടിക്കിടന്ന പെട്രോകെമിക്കല്‍ പ്ലാന്റ് അദ്ദേഹം മുന്‍കൈ എടുത്ത് വീണ്ടും തുറന്നു. ഇതെല്ലാം ഫാക്ടിന്റെ ഓഹരികളിലും കുതിപ്പുണ്ടാകാന്‍ വഴിയൊരുക്കി. 5 ലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്റ് കൊച്ചി അമ്പലമുഗളില്‍ അടുത്ത വര്‍ഷം മദ്ധ്യത്തോടെ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഫാക്ട്.
ഫാക്ടിനെ വിജയതീരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേതൃത്വ മികവിനുള്ള അംഗീകാരമായി ഈ വര്‍ഷം ജൂണ്‍ 22ന് കൊച്ചിയില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2023ല്‍ ''ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍'' പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Tags:    

Similar News