ഒരു മാസത്തിനിടെ ഓഹരിവില ഇടിഞ്ഞത് പതിനായിരത്തിലധികം രൂപ, ഈ വമ്പന്‍ ഓഹരിക്ക് ഇതെന്തുപറ്റി?
ഓഹരി വില ഒരു ലക്ഷം കടയ്ക്കുമെന്ന് ഏവരും പ്രതീക്ഷിച്ച കമ്പനിയാണിത്
ഒരു വര്‍ഷം മുമ്പ് വരെ ഓഹരി വില ഒരു ലക്ഷം രൂപ കടയ്ക്കുമെന്ന് ഏവരും പ്രതീക്ഷിച്ച കമ്പനി, കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത് 10,197 രൂപയുടെ ഇടിവാണ്. രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ മദ്രാസ് റബ്ബര്‍ ഫാക്ടറി അഥവാ എംആര്‍എഫാണ് നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് വലിയ ഇടിവിലേക്ക് വീണത്. കഴിഞ്ഞവര്‍ഷം ഇതേകാലയളില്‍ 90,000 രൂപയ്ക്ക് മുകളിലെത്തിയ ഓഹരി വില ഇന്ന് 66,634 (16-02-2022 1.21) രൂപയിലേക്കാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ മാത്രം ഓഹരി വിലയിലുണ്ടായത് 3,680 രൂപയുടെ കുറവാണ്. അതായത് 5.23 ശതമാനത്തിന്റെ ഇടിവ്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തില്‍ വലിയ ഇടിവ് നേടിയതാണ് കഴിഞ്ഞദിവസങ്ങളില്‍ ഓഹരി വില കുറയാന്‍ പ്രധാന കാരണം. കഴിഞ്ഞ കാലയളവിനേക്കാള്‍ 71 ശതമാനത്തിന്റെ കുറവാണ് ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ എംആര്‍എഫ് നേടിയത്. 2020-21 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 521 കോടി രൂപ അറ്റാദായം നേടിയപ്പോള്‍ ഈ വര്‍ഷത്തെ കാലയളവില്‍ 149 കോടി രൂപയായി കുറഞ്ഞു.
കൂടാതെ, ടയര്‍ കമ്പനികള്‍ ഒത്തുകളിച്ച് ടയര്‍ വില കൂട്ടിയതിന് എംആര്‍എഫ് അടക്കമുള്ള കമ്പനികള്‍ക്ക് 1,788 കോടി രൂപ കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തിയതും ഈ വമ്പന്‍ ഓഹരിയുടെ വില കുറയാന്‍ കാരണമായി.