കേരളത്തില്‍ സ്വര്‍ണവില കഴിഞ്ഞ ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

Update: 2020-09-02 08:00 GMT

കേരളത്തില്‍ ബുധനാഴ്ച സ്വര്‍ണ വില കഴിഞ്ഞ ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്ന് ഒരു പവന് 320 രൂപ കുറഞ്ഞ് 37480 രൂപയാണ് വില. ജൂലൈ 23നാണ് കേരളത്തില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ വ്യാപാരം നടന്നത്. ഒരു ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഓഗസ്റ്റില്‍ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കായ 42000 രൂപ വരെ എത്തിയിരുന്നു. ഓഗസ്റ്റ് 7,8,9 തീയതികളിലാണ് മുമ്പ് നിരക്ക് താഴ്ന്ന് നിന്നിരുന്നത്.

ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.35 ശതമാനം ഇടിഞ്ഞ് 51,320 രൂപ തൊട്ടു. വെള്ളി ഫ്യൂച്ചറുകള്‍ 1.3 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 70,000 രൂപയായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.44 ശതമാനവും വെള്ളി ഫ്യൂച്ചറുകള്‍ 0.4 ശതമാനവും കുറഞ്ഞിരുന്നു. എന്നാല്‍ ഓഗസ്റ്റ് ഏഴ്‌ന് സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ 56,200 രൂപയിലെത്തിയിരുന്നു.

ആഗോള വിപണിയില്‍, യുഎസ് ഡോളറിന്റെ ഇടിവിനെ തുടര്‍ന്ന് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,971.07 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1,978.90 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി ഔണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 28.25 ഡോളറിലെത്തി. പ്ലാറ്റിനം 0.3 ശതമാനം ഉയര്‍ന്ന് 943.63 ഡോളറിലായി.

ഓഗസ്റ്റ് ആദ്യ വാരം നിരീക്ഷകര്‍ അറിയിച്ചിരുന്നത് പോലൊരു താഴ്ച്ചയാണ് സ്വര്‍ണ വിലയില്‍ ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നത് ഓണക്കാലത്തെ കച്ചവടം വര്‍ധിപ്പിച്ചിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ ലോക്ഡൗണില്‍ നിന്നും കരകയറി വരുന്ന ജൂവല്‍റി ഉടമകള്‍ക്ക് ബിസിനസ് മെച്ചപ്പെടുന്നതായാണ് വിപണിയിലെ സൂചന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News