റഷ്യ-യുക്രെയ്ൻ യുദ്ധം; ക്രിപ്‌റ്റോ കാലത്തെ ഉപരോധങ്ങള്‍
ലോകരാജ്യങ്ങളില്‍ നിന്ന് ക്രിപ്‌റ്റോ രൂപത്തില്‍ യുക്രെനിലേക്കും സാമ്പത്തിക സഹായങ്ങള്‍ എത്തുന്നുണ്ട്
റഷ്യയുടെ യുക്രെന്‍ (russia-ukraine) അധിനിവേശത്തോട് ലോക രാജ്യങ്ങള്‍ പ്രതിക്ഷേധിക്കുന്നത് സാമ്പത്തിക ഉപരോധങ്ങളിലൂടെയാണ്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികളുടെ കാലത്ത് ഈ ഉപരോധങ്ങള്‍ എത്രത്തോളം ഫലപ്രതമാണ് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച് ക്രിപ്‌റ്റോ കറന്‍സികളുടെ (cryptocurrency) ഉപയോഗം വലിയ തോതില്‍ ഉള്ള റഷ്യക്കെതിരെ.
രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ മറികടന്ന് വിവിധ രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബിറ്റ്‌കോയിനിലൂടെ ഇടപാട് നടത്താമെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. റഷ്യന്‍ സ്ഥാപനങ്ങളുടെ ആസ്ഥികള്‍ മറ്റ് രാജ്യങ്ങള്‍ മരവിപ്പിച്ചാല്‍ ഇത്തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനാവും.
കോയിന്‍ടെലഗ്രാഫ് റിപ്പോര്‍ട്ട് പ്രകാരം ബിറ്റ്‌കോയിന്‍ (Bitcoin) നെറ്റ്വവര്‍ക്കിലെ പകുതിയോളം കംപ്യൂട്ടിംഗ് മേഖലയും കൈകാര്യം ചെയ്യുന്നത് യുഎസ്, കസാക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്. കേംബ്രിഡ്ജ് സെന്റര്‍ ഫോര്‍ അള്‍ട്ടര്‍നേറ്റീവ് ഫിനാന്‍സിന്റെ 2021 ജൂലൈവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ബിറ്റ്‌കോയിന്‍ ഹാഷ്‌റേറ്റിന്റെ (മൈനിംഗിനായി വേണ്ടിവരുന്ന കംപ്യൂട്ടിംഗ് പവര്‍) 11 ശതമാനവും റഷ്യയാണ് ചെലവിടുന്നത്.
അതേ സമയം ഉപരോധങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും രാജ്യാന്തര പണകൈമാറ്റ ശൃംഖലയായ സ്വഫ്റ്റില്‍ ( സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍) നിന്ന് റഷ്യയെ പുറത്താക്കിയിട്ടില്ല. രാജ്യങ്ങള്‍ പണമിടപാട് നടത്താന്‍ ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. മുന്നൂറിലധികം റഷ്യന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ ബല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റിന്റെ ഭാഗമാണ്.
ലോകരാജ്യങ്ങളില്‍ നിന്ന് ക്രിപ്‌റ്റോ (crypto) രൂപത്തില്‍ യുക്രൈനും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. യുക്രെന്‍ സൈന്യത്തെ സഹായിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു ചാരിറ്റി സംഘടനയുടെ വാലറ്റിലേക്ക് ഏകദേശം 5 കോടിയോളം രൂപയുടെ ബിറ്റ്‌കോയിനാണ് സംഭാവനയായി ലഭിച്ചത്. അതില്‍ 3 കോടിയോളം രൂപ എത്തിയത് ഫെബ്രുവരി 24ന് ആണ്. ബ്ലോക്ക്‌ചെയിന്‍.കോം ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.