യുക്രെയ്ന്‍ സംഘര്‍ഷം; ഓഹരിവിപണിയിലേക്ക് ഉറ്റുനോക്കുന്നവര്‍ അറിയേണ്ടത്
ഭൗമ രാഷ്ട്രീയ അസ്ഥിരതകള്‍ വരുത്തുന്ന വിപണി ചാഞ്ചാട്ടങ്ങള്‍ നിക്ഷപകര്‍ക്ക് ആശങ്കയുണ്ടാക്കുമ്പോള്‍ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പരിശോധിക്കാം.
യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം ലോകം മുഴുവനുമുള്ള മേഖലകളെ ബാധിക്കുന്നുണ്ടെങ്കിലും വളര്‍ന്നു വരുന്ന വിപണികള്‍ പോസിറ്റീവ് ആയാണ് ഇപ്പോഴുള്ളത്. രൂപയുടെ മൂല്യത്തകര്‍ച്ചയും മൊത്ത വ്യാപാര-ഉപഭോക്തൃ വില സൂചികകള്‍ തമ്മിലുള്ള വ്യത്യാസം കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും എന്നതൊഴിച്ചാല്‍ നിലവിലെ ഭൗമ രാഷ്ട്രീയ അശാന്തി ഇന്ത്യയില്‍ വലിയ പ്രഭാവം ഉണ്ടാക്കില്ല.
നിലവിലുള്ള മാക്രോ ഇക്കണോമിക് സംഭവ വികാസങ്ങള്‍,ഓഹരി, കടപ്പത്രങ്ങള്‍ തുടങ്ങി എല്ലാ പ്രധാന ആസ്തി വിഭാഗങ്ങളെയും അസ്ഥിരതയിലേക്ക് നയിക്കുന്നു. വിപണിയുടെ ദിശ എങ്ങോട്ടാണെന്ന് വ്യക്തമാകുന്നതു വരെ ഈ ചാഞ്ചാട്ടം പ്രകടമാകും.
വാസ്തവത്തില്‍ പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം ഉയര്‍ന്നുവന്ന, അടിസ്ഥാനപരമായി ദുര്‍ബലമായ ഓഹരികള്‍ നിങ്ങള്‍ ഇപ്പോഴും വിടാതെ കൈവശം വെച്ചിരിക്കുകയാണെങ്കില്‍ അത് വിറ്റൊഴിയാനുള്ള സമയമാണിത്. അതേസമയം ഗുണനിലവാരമുള്ള ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കോട്ടം തട്ടാത്ത സ്ഥിതിക്ക് അതില്‍ തന്നെ തുടരാം. വിപണി തിരുത്തലിന് വിധേയമാകുമ്പോള്‍ വാങ്ങല്‍ അവസരങ്ങള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ നിക്ഷേപകര്‍ വാങ്ങലിനായി തിരക്കു കൂട്ടേണ്ടതില്ല. നിക്ഷേപകര്‍ കാത്തിരുന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുക.
മികച്ച നേട്ടം നല്‍കുന്നതും മൂല്യമുള്ളതുമായ ഓഹരി വിഭാഗങ്ങള്‍ മാത്രം വാങ്ങുക. വിദേശ നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് ഇന്ത്യന്‍ ആസ്തികള്‍ വെട്ടിച്ചുരുക്കാനാണ് സാധ്യത. ഇത് ഉയര്‍ന്ന നിലവാരമുള്ള ചില ധനകാര്യ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നത് തുടരും. മികച്ച മൂലധനവും വളര്‍ച്ചാ സാധ്യതകളുമുള്ള കമ്പനികളെ ഉള്‍പ്പെടുത്തി ദീര്‍ഘകാല പോർട്ട്ഫോളിയോ നിര്‍മിക്കാനുള്ള നല്ല അവസരമാണ് ഓഹരി സൂചികകളിലെ ഇടിവ് നല്‍കുന്നത്.
ആഭ്യന്തര നിക്ഷേപത്തിന് ഇപ്പോള്‍ വിദേശ നിക്ഷേപകരേക്കാള്‍ കൂടുതല്‍ സ്വാധീനമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ വിദേശ സ്ഥാപന നിക്ഷേപകര്‍ 1.30 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചെങ്കിലും ആഭ്യന്തര നിക്ഷേപം കാരണം വിപണിയിടിഞ്ഞത് 10 ശതമാനം മാത്രമാണ്.
സാഹചര്യങ്ങള്‍ മൂലം വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടായേക്കാം. എന്നാല്‍ ഇന്ത്യയുടെ ജിഡിപിയും പണപ്പെരുപ്പവും മറ്റു ലോക സമ്പദ്വ്യവസ്ഥകളേക്കാള്‍ മെച്ചപ്പെട്ട നിലയിലായതിനാല്‍ മികച്ച പ്രകടനം ഉണ്ടാകും.
രാജ്യത്തിനകത്തുള്ള നിക്ഷേപകര്‍ക്കും മ്യൂച്വല്‍ ഫണ്ടിലേക്കുള്ള നിക്ഷേപ ഒഴുക്കിനും വിദേശ നിക്ഷേപകരുടെ പിന്‍വലിയലിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ഇപ്പോള്‍ ഉയര്‍ന്ന തലത്തിലുള്ളവയില്‍ നിന്ന് ലാഭമെടുക്കാനും താഴ്ന്ന തലങ്ങളിലുള്ള ഓഹരികളില്‍ നിക്ഷേപിക്കുകയും ചെയ്യുകയാണ് ഉചിതം.
പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ചെറുക്കുന്നതിനുള്ള വേലിയായി ലോഹങ്ങള്‍ പരിഗണിക്കപ്പെടുന്നു. കിഴക്കന്‍ യൂറോപ്പില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ സ്വര്‍ണവില കുതിച്ചുയരുകയും ഒമ്പതു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. അതിനാല്‍ സ്വര്‍ണത്തില്‍ കുറച്ചു നിക്ഷേപിക്കുന്നത് എപ്പോഴും വിവേകപൂര്‍ണമായ നടപടിയാണ്.
വലിയ ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളുണ്ടാകുമ്പോഴും പണപ്പെരുപ്പ സാഹചര്യങ്ങളിലും സ്വര്‍ണം പൊതുവേ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. 9/11, ആഗോള സാമ്പത്തിക പ്രതിസന്ധി, 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപകമായപ്പോഴെല്ലാം വില ഉയര്‍ന്നിരുന്നു. ഇവിടെ നേട്ടമുണ്ടാക്കുക എനര്‍ജി ഓഹരികളായിരിക്കും.
പലിശ നിരക്ക് ഉയരുന്നതിനാല്‍ എന്‍ബിഎഫ്സി, ബാങ്കിംഗ് ഓഹരികളും നേട്ടമുണ്ടാക്കും. ഉപരോധത്തിലും യുഎസ് നിരക്ക് വര്‍ധനയും വ്യക്തത ഉണ്ടാകുന്നതു വരെ ചാഞ്ചാട്ടം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നിക്ഷേപകര്‍ ഇത്തരം വിപണി സാഹചര്യങ്ങളില്‍ വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം എസ്ഐപികളിലോ ഡോളര്‍-കോസ്റ്റ് ആവറേജിംഗിലോ ശ്രദ്ധിക്കണം.
രാഷ്ട്രീയ വീഴ്ചകള്‍ക്ക് പൊതുവേ ആയുസ്സ് കുറവാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള 29 വന്‍കിട ഭൗമരാഷ്ട്രീയ സംഭവങ്ങളില്‍ 24 ലും ഒരു വര്‍ഷത്തിനു ശേഷം വിപണി മെച്ചപ്പെട്ടിരുന്നു. 9/11 പോലുള്ള വന്‍ സംഭവങ്ങള്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം വിപണി ഇടിഞ്ഞത് രണ്ടു ശതമാനം മാത്രമാണ്.
2003 ലെ ഇറാഖ് യുദ്ധം, 1979 ലെ ഇറാനിയന്‍ ബന്ദി പ്രതിസന്ധി, 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി എന്നിവ ഉള്‍പ്പടെയുള്ള ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട് 12 ല്‍ 9 തവണയും എസ് & പി 500 ഒരു വര്‍ഷത്തിനു ശേഷം ഉയരുകയാണുണ്ടായത്. ശരാശരി നേട്ടം 8.6 ശതമാനമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ സംഭവങ്ങളില്‍ എസ് & പി 500 യില്‍ ഉണ്ടായ ഇടിവ് ശരാശരി 5.5 ശതമാനമായിരുന്നു. സംഭവത്തിനു ശേഷം വിപണി ശരാശരി 24 ദിവസം കൊണ്ടാണ് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതെങ്കില്‍ വിപണി തിരിച്ചു കയറാന്‍ എടുത്തത് ശരാശരി 28 ദിവസങ്ങളാണ്. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം അത്തരം സംഭവങ്ങള്‍ ഇല്ലാതെ പോലും സാധാരണയായി 30 ശതമാനം വരെ ഇടിയുമെന്ന് അനുമാനിക്കുന്നതാണ് നല്ലത്.
വിപണി 10ശതമാനം ഇടിവ് നേരിട്ടെങ്കിലും തിരിച്ചുവരവിന്റെ സൂചനകള്‍ കാണാം. ഏറ്റവും ലളിതമായ മാര്‍ഗം അടുത്ത ഒരു കൊല്ലം കൊണ്ട് ഭാഗങ്ങളായി നിക്ഷേപിക്കുക എന്നതാണ്. ദീര്‍ഘകാല നിക്ഷേപകനാണ് നിങ്ങളെങ്കില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അവഗണിക്കാനും ദീര്‍ഘകാല പോര്‍ട്ടഫോളിയോയിലേക്ക് കടക്കാനുള്ള ആസൂത്രണത്തിനും സമയമായി.
വൈവിധ്യമാര്‍ന്ന ഓഹരികള്‍ കാലക്രമേണ നിങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തുക. വിപണിക്ക് വളരെ മോശമായി പ്രവര്‍ത്തിക്കാനാകുമെന്ന് മനസ്സിലാക്കുക. നമ്മള്‍ ഘടനാപരമായ ബുള്‍ റണ്ണിലാണ്. അതുകൊണ്ട് നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപം തുടരുക.
മൊത്തത്തിലുള്ള പ്രവണത ബുള്ളിഷാണ്. എന്നാല്‍ അടുത്ത ഒരു മാസത്തിനുള്ള വന്‍തോതിലുള്ള ഉയര്‍ച്ചതാഴ്ചകളുണ്ടാകാം. അതിനാല്‍ ഹ്രസ്വകാല നിക്ഷേപകര്‍ കരുതിയിരിക്കുക. ദീര്‍ഘകാല നിക്ഷേപകര്‍ ഈ തിരുത്തല്‍ വാങ്ങലിനുള്ള അവസരമായി വിനിയോഗിക്കണം.
കാപിറ്റല്‍ ഗുഡ്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, കണ്‍സ്യൂമര്‍ ഗുഡ്സ്, ഓട്ടോ ആന്‍സിലറീസ് തുടങ്ങിയ മേഖലകളില്‍ നമ്മള്‍ ബുള്ളിഷാണ്. അതുകൊണ്ട് ഈ മേഖലകളില്‍ വാങ്ങലിനുള്ള അവസരവും പ്രകടമാണ്.
നിലവിലുള്ള തിരുത്തല്‍ സാഹചര്യം ഗുണനിലവാരമുള്ള ഓഹരികള്‍ പോർട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരമാണെന്നിരിക്കെ ഐറ്റി മേഖല മികച്ച രീതിയില്‍ തുടരും. ഓട്ടോ മേഖലയും മോശം പ്രകടനത്തിന് ശേഷം റിസ്‌ക്-റിവാര്‍ഡ് അവസരങ്ങള്‍ നല്‍കുന്നുണ്ട്.
(എസ്ബിഐ ചീഫ് മാനേജരാണ് ലേഖകന്‍ (also Chartered wealth Manager and Certified Financial Planner)