വി-ഗാര്‍ഡിന്റെ ലാഭത്തില്‍ 48% വര്‍ധന; വരുമാനത്തിലും കുതിപ്പ്, വിപണിമൂല്യം ₹13,000 കോടി കടന്നു

ഓഹരികളില്‍ ഉണര്‍വ്, കടബാധ്യതയില്‍ മികച്ച കുറവ്

Update: 2024-02-02 06:00 GMT

കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പുവര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ 48.3 ശതമാനം വളര്‍ച്ചയോടെ 58.24 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനകാലത്ത് ലാഭം 39 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലെ 58.95 കോടി രൂപയെ അപേക്ഷിച്ച് ലാഭം താഴ്ന്നു.

കഴിഞ്ഞപാദ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 18.6 ശതമാനം ഉയര്‍ന്ന് 1,165.39 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ പാദത്തില്‍ വരുമാനം 982.28 കോടി രൂപയായിരുന്നു. ദക്ഷിണേന്ത്യക്ക് പുറത്തുനിന്നുള്ള വരുമാനവിഹിതം 45.6 ശതമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.2 ശതമാനമാണ് വളര്‍ച്ച.
ലാഭക്ഷമതയിലും നേട്ടം
നികുതിക്കും പലിശയ്ക്കും മറ്റ് ബാധ്യതകള്‍ക്കും മുമ്പുള്ള ലാഭം (EBITDA) 66.89 കോടി രൂപയില്‍ നിന്ന് 51.9 ശതമാനം ഉയര്‍ന്ന് 101.62 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിന്‍ 6.8 ശതമാനത്തില്‍ നിന്ന് 8.7 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. കമ്പനിയുടെ കടബാധ്യത 292 കോടി രൂപയില്‍ നിന്ന് 145.12 കോടി രൂപയായി കുറഞ്ഞെന്ന നേട്ടവുമുണ്ട്.
ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ഡിമാന്‍ഡ് മെച്ചപ്പെട്ടത് കഴിഞ്ഞപാദത്തില്‍ നേട്ടമായെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. വരും പാദങ്ങളിലും മികച്ച വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഹരികള്‍ നേട്ടത്തില്‍
ഇന്നലെ ഉച്ചയോടെയാണ് വി-ഗാര്‍ഡ് മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചത്. ഇന്നലെ രണ്ടു ശതമാനത്തോളം ഉയര്‍ന്ന ഓഹരി ഇന്നും നേട്ടത്തിലാണുള്ളത്. 3.59 ശതമാനം നേട്ടവുമായി 309.90 രൂപയിലാണ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. വി-ഗാര്‍ഡിന്റെ വിപണിമൂല്യം 13,000 കോടി രൂപ കടന്നിട്ടുണ്ട്.
Tags:    

Similar News