വേദാന്തയുടെ ഓഹരി വില 11 വര്‍ഷത്തെ ഉയരത്തില്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം കാരണമായതിങ്ങനെ

ഒരാഴ്ചക്കിടെ ഓഹരി വില 12 ശതമാനത്തോളമാണ് ഉയര്‍ന്നത്

Update:2022-03-02 13:43 IST

വിപണി ദുര്‍ബലമായിട്ടും ഓഹരി വില 3.2 ശതമാനം ഉയര്‍ന്നതോടെ വേദാന്ത ലിമിറ്റഡിന്റെ (V) ഓഹരി വില 11 വര്‍ഷത്തെ ഏറ്റവും വലിയ നിരക്കില്‍. 2010 മെയ് മാസത്തിന് ശേഷമുള്ള ഉയര്‍ന്ന നിലയായ 392.8 രൂപയിലാണ് (02-03-2022, 10.40) ഇന്ന് വേദാന്തയുടെ വ്യാപാരം നടക്കുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചരക്ക് വില ഉയരാന്‍ തുടങ്ങിയതാണ് ഈ കമ്പനിയുടെ  മികച്ച പ്രകടനത്തിന് കാരണം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ മൈനിംഗ് കമ്പനിയായ വേദാന്ത ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇരുമ്പയിര്, സ്വര്‍ണം, അലുമിനിയം എന്നിവ ഖനനം ചെയ്യുന്നുണ്ട്. കൂടാതെ, ഓയില്‍ & ഗ്യാസ്, കോപ്പര്‍, പവര്‍ തുടങ്ങിയ മേഖലകളിലും ഈ കമ്പനി പ്രവര്‍ത്തിക്കുന്നു. സൗത്ത് ആഫ്രിക്ക, നമീബിയ എന്നിവിടങ്ങളിലും വേദാന്ത പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് നാല് ശതമാനത്തിന് മുകളില്‍ താഴ്ന്നപ്പോള്‍ വേദാന്തയുടെ ഓഹരി വില ഉയര്‍ന്നത് 12 ശതമാനത്തോളമാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക കമ്പനികളുടെയും ഓഹരി വില തിരുത്തലിലേക്ക് വീണപ്പോള്‍ നേട്ടമുണ്ടാക്കിയ അപൂര്‍വം കമ്പനികളിലൊന്നാണ് വേദാന്ത റിസോഴ്സിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത ലിമിറ്റഡ്. കഴിഞ്ഞ ആഴ്ച, ക്രിസില്‍ റേറ്റിംഗ്സ് വേദാന്തയുടെ ദീര്‍ഘകാല റേറ്റിംഗ് 'CRISIL AA-' ല്‍ നിന്ന് 'CRISIL AA' ആയി അപ്ഗ്രേഡ് ചെയ്തിരുന്നു.

Tags:    

Similar News