അനില്‍ അംബാനിക്കമ്പനിയില്‍ എല്‍.ഐസിക്ക് ലാഭമെടുപ്പ്, നിക്ഷേവുമായി വിജയ് കേഡിയ; ഓഹരി മുന്നേറ്റത്തില്‍

കഴിഞ്ഞ മാസം അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ജെ.എസ്.ഡബ്ല്യുവുമായി 132 കോടിയുടെ കരാര്‍ ഒപ്പുവച്ചിരുന്നു

Update:2024-04-24 12:03 IST

അനില്‍ അംബാനി, വിജയ് കേഡിയ

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ പുതിയ നിക്ഷേപവുമായി പ്രമുഖ നിക്ഷേപകനായ വിജയ് കേഡിയ. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ജനുവരി-മാര്‍ച്ച് പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് വിജയ് കേഡിയയുടെ ഉടമസ്ഥതയിലുള്ള കേഡിയ സെക്യൂരിറ്റീസ് 1.01 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്. ചൊവ്വാഴ്ചത്തെ ഓഹരിയുടെ ക്ലോസിംഗ് വിലയനുസരിച്ച് 77.2 കോടി രൂപ വരും ഈ ഓഹരികളുടെ മൂല്യം.

അതേസമയം പൊതുമേഖല ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ എല്‍.ഐ.സി മാര്‍ച്ച് പാദത്തില്‍ റിലയന്‍സ് ഇന്‍ഫ്രായിലെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുകയായിരുന്നു. റിലയന്‍സ് ഇന്‍ഫ്രയുടെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണില്‍ നിന്ന് എല്‍.ഐ.സിയുടെ പേര് അപ്രത്യക്ഷമായി.

തൊട്ട് മുന്‍പാദത്തില്‍ 41,40,529 ഓഹരികളാണ് എല്‍.ഐ.സിക്ക് റിലയന്‍സ് ഇന്‍ഫ്രയിലുണ്ടായിരുന്നത്. അതായത് കഴിഞ്ഞ പാദത്തില്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിയുകയോ അല്ലെങ്കില്‍ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെയായി കുറയ്ക്കുകയോ ചെയ്തതായാണ് അനുമാനിക്കുന്നത്.
30 ശതമാനം നേട്ടം 
കഴിഞ്ഞ മാസം കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടിരുന്ന ഓഹരിയാണ് റിലയന്‍സ് ഇന്‍ഫ്ര. എന്നാല്‍ ഈ മാസം ഓഹരി വില 30 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 15 ശതമാനം നേട്ടം റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം ഏഴ് ശതമാനത്തിലധികമാണ്. ഒരു വര്‍ഷക്കാലയളവില്‍ അനില്‍ അംബാനിയുടെ ഈ ഓഹരി 24 ശതമാനത്തോളം ഉയര്‍ച്ച നേടിയിട്ടുണ്ട്. മൂന്നു വര്‍ഷക്കാലയളവില്‍ 480 ശതമാനവും.

ഇന്ന് രണ്ട് ശതമാനത്തിലധികം ഉയര്‍ന്ന് 197.10 രൂപയിലാണ് ഓഹരിയുള്ളത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 7,722 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിപണി മൂല്യം.

അനില്‍ അംബാനിയുടെ തിരിച്ചു വരവ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നീണ്ട കാലമായി മുഖ്യധാരയില്‍ നിന്ന് മാറി നിന്നിരുന്ന അനില്‍ അംബാനി അടുത്ത കാലത്തായി വീണ്ടും വാര്‍ത്തകളിലിടം പിടിക്കകുയാണ്. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന അനില്‍ അംബാനി ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സമ്പന്നനായിരുന്നു. പിന്നീട് കമ്പനികളുടെ തകര്‍ച്ചയെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ യു.കെ കോടതി അനില്‍ അംബാനിയെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവര്‍ മികച്ച ഓര്‍ഡറുകള്‍ നേടിയ കരുത്തില്‍ ഓഹരി വില മെച്ചപ്പെടുത്തിയിരുന്നു. ജെ.എസ്.ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജിയുമായി 132 കോടി രൂപയുടെ വന്‍ കരാറില്‍ റിലയന്‍സ് പവര്‍ കഴിഞ്ഞ മാസമാണ് ഒപ്പു വച്ചത്. റിലയന്‍സ് പവറിലെയും റിലയന്‍സ് ഇന്‍ഫ്രയിലെയും കടങ്ങള്‍ കുറച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പുതിയ നീക്കങ്ങളിലൂടെ അനിൽ അംബാനി വീണ്ടും പഴയ പ്രതാപത്തിലേക്കു തിരിച്ചു വരുമോ എന്നാണ് ബിസിനസ് ലോകം ഉറ്റു നോക്കുന്നത്. 

Tags:    

Similar News