വിക്രം സോളാര്‍ ഐപിഒയ്ക്ക്, സെബിക്ക് പേപ്പര്‍ സമര്‍പ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ ഫോട്ടോ- വോള്‍ട്ടിക് മൊഡ്യൂള്‍ നിര്‍മാതാക്കളാണ് കമ്പനി.
ഊര്‍ജ മേഖലയില്‍ നിന്നും മറ്റൊരു കമ്പനികൂടി ഓഹരി വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ ഫോട്ടോ-വോള്‍ട്ടിക് മൊഡ്യൂള്‍ നിര്‍മാതാക്കളും സൗരോര്‍ജ മേഖലയിലെ മുന്‍നിര ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) സേവന ദാതാക്കളുമായ വിക്രം സോളാര്‍ ലിമിറ്റഡ് ആണ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നത്.
ഐപിഒ അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 5,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, സഫാരി എജര്‍ജി, സതേണ്‍ കറന്റ് തുടങ്ങി നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ കമ്പനിയുടെ ഉപയോക്താക്കളാണ്.
യുഎസ്എയിലും ചൈനയിലും ഓഫീസുള്ള കമ്പനി 32 രാജ്യങ്ങളില്‍ സോളാര്‍ പിവി മൊഡ്യൂള്‍ വിതരണം ചെയ്യുന്നുണ്ട്.ജെഎം ഫിനാന്‍ഷ്യല്‍, കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.