വൊഡാ-ഐഡിയയ്ക്ക് 'ഭീമന്‍' രണ്ടാംപാദ നഷ്ടം, ഉപയോക്താക്കളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു

കമ്പനിയുടെ മൊത്തം ബാധ്യത രണ്ടുലക്ഷം കോടിക്കും മേലെ

Update: 2023-10-27 04:26 GMT

Image : myvi.in/vodafone-idea and Canva

ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍-ഐഡിയയുടെ (വീ/Vi) നഷ്ടം നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 8,738 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ നഷ്ടം 7,595 കോടി രൂപയായിരുന്നു.

വരുമാനം 10,615 കോടി രൂപയില്‍ നിന്ന് നേരിയതോതില്‍ വളര്‍ന്ന് 10,716 കോടി രൂപയിലെത്തി. 4ജി ഉപയോക്താക്കളുടെ എണ്ണം കൂടിയത് വരുമാന വര്‍ധനയ്ക്ക് സഹായിച്ചു. അതേസമയം, വീയുടെ മൊത്തം വരിക്കാരുടെ എണ്ണം തൊട്ടു മുന്‍പാദത്തിലെ 22.14 കോടിയില്‍ നിന്ന് 21.98 കോടി പേരായി കുറഞ്ഞു.
നികുതി, പലിശ തുടങ്ങിയ ബാധ്യത
കള്‍ക്ക് ശേഷമുള്ള ലാഭമായ എബിറ്റ്ഡ (EBITDA) 4,097 കോടി രൂപയില്‍ നിന്ന് 4,283 കോടി രൂപയായി മെച്ചപ്പെട്ടു. എബിറ്റ്ഡയുടെ മികവ് ക്ഷമത (EBITDA Margin) 1.4 ശതമാനവും മെച്ചപ്പെട്ട് 40 ശതമാനമായി.
വരുമാനവും കടവും
ഓരോ ഉപയോക്താവില്‍ നിന്നും നേടുന്ന ശരാശരി വരുമാനം (ARPU - Average Revenue per User) പാദാടിസ്ഥാനത്തില്‍ 139 രൂപയില്‍ നിന്ന് 142 രൂപയായി ഉയര്‍ന്നത് കമ്പനിക്ക് നേട്ടമായി. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍പാദത്തില്‍ ഇത് 132 രൂപയായിരുന്നു.
വൊഡാഫോണ്‍-ഐഡിയയുടെ മൊത്തം കടബാധ്യത 2.12 ലക്ഷം കോടി രൂപയാണ്. കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള സ്പെക്ട്രം ഫീസ് കുടിശികയായ 1.35 ലക്ഷം കോടി രൂപ, എ.ജി.ആര്‍ ബാധ്യതയായ 68,180 കോടി രൂപ, ബാങ്കുകള്‍ക്ക് വീട്ടാനുള്ള 7,860 കോടി രൂപ, കടപ്പത്രങ്ങള്‍ (ഡിബഞ്ചര്‍) പുറത്തിറക്കിയ വകയില്‍ തിരിച്ചുനല്‍കേണ്ടുന്ന 1,610 കോടി രൂപ എന്നിവയും കടത്തില്‍ ഉള്‍പ്പെടുന്നു. ടെലികോം കമ്പനികളുടെ ടെലികോം-ഇതര വരുമാനവും പരിഗണിച്ച് ലൈസന്‍സ് ഫീസ് ഇടാക്കുന്ന സംവിധാനമാണ് എ.ജി.ആര്‍.
ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. 1.38 ശതമാനം താഴ്ന്ന് 10.70 രൂപയിലായിരുന്നു ഇന്നലെ ഓഹരികളുള്ളത്. പ്രവര്‍ത്തനഫലത്തോടുള്ള ഓഹരി നിക്ഷേപകരുടെ പ്രതികരണം ഇന്നറിയാം.
Tags:    

Similar News