പേയ്റ്റിഎം ഓഹരികള്‍ നഷ്ടത്തില്‍ വിറ്റഴിച്ച് വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ
പേയ്റ്റിഎമ്മിലെ നിക്ഷേപത്തില്‍ ബെര്‍ക്ക്ഷെയറിന് ഏകദേശം 507 കോടി രൂപയുടെ നഷ്ടമുണ്ടായി
പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ പേയ്റ്റിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷനിലെ 2.46 ശതമാനം ഓഹരികള്‍ 1,371 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ഓഹരി ഒന്നിന് ശരാശരി 877 രൂപ നിരക്കില്‍ പേയ്റ്റിഎമ്മിന്റെ 1.56 കോടിയിലധികം ഓഹരികളാണ് ബെര്‍ക്ക്ഷയര്‍ ഹാത്ത്വേയുടെ അനുബന്ധ സ്ഥാപനമായ ബി.എച്ച് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് വിറ്റഴിച്ചത്.
2021 നവംബറില്‍ പേയ്റ്റിഎമ്മിന്റെ 18,300 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ (IPO) ബി.എച്ച് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് 302 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഓഹരി ഒന്നിന് 2,150 രൂപയ്ക്കാണ് അന്ന് വിറ്റഴിച്ചത്. ഐ.പി.ഒ രേഖകള്‍ അനുസരിച്ച് 2018 സെപ്റ്റംബറില്‍ ബി.എച്ച് ഇന്റര്‍നാഷണല്‍ ഓഹരി ഒന്നിന് 1,279.7 രൂപയ്ക്ക് 2,179 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു.
507 കോടി രൂപയുടെ നഷ്ടം
പേയ്റ്റിഎമ്മിലെ നിക്ഷേപത്തില്‍ ബെര്‍ക്ക്ഷെയറിന് ഏകദേശം 507 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇത് വാറന്‍ ബഫറ്റിന്റെ പ്രാരംഭ നിക്ഷേപത്തിന്റെ 23% നഷ്ടമാണ്. എന്നാല്‍ 2018 സെപ്റ്റംബറില്‍ ഒരു ഡോളറിന് 72 ആയിരുന്ന രൂപയുടെ മൂല്യം ഇന്ന് 83.3 ആയി കുറഞ്ഞു നില്‍ക്കുമ്പോള്‍ ഡോളര്‍ മൂല്യത്തില്‍ അദ്ദേഹത്തിന്റെ നഷ്ടം ഏകദേശം 32 ശതമാനമാണ്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പേയ്റ്റിഎം ഐ.പി.ഒ നിക്ഷേപകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. ഐ.പി.ഒ വിലയായ 2,150 രൂപയില്‍ നിന്ന് 80% ഇടിഞ്ഞ് 438 രൂപയിലെത്തിയിരുന്നു. എന്‍.എസ്.ഇയില്‍ ഇന്നലെ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഏകദേശം 3 ശതമാനം ഇടിഞ്ഞ് 895 രൂപയിലെത്തി.
രണ്ടാം പാദത്തില്‍ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ സംയോജിത നഷ്ടം 292 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 572 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംയോജിത വരുമാനം കഴിഞ്ഞ വര്‍ഷത്തെ 1,914 കോടി രൂപയില്‍ നിന്ന് 32 ശതമാനം വര്‍ധിച്ച് 2,519 കോടി രൂപയായി.