സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നു, വിവിധ രംഗത്ത് നിന്ന് വാങ്ങാൻ 4 ഓഹരികൾ

ധനകാര്യ, ഫാഷൻ, ലെഷർ, ഫാർമ വ്യവസായങ്ങൾക്ക് കൂടുതൽ വളർച്ച കൈവരിക്കാൻ സാഹചര്യം

Update:2024-06-02 11:02 IST

Image by Canva

2023-24 സാമ്പത്തിക വർഷത്തിൽ 7.8 ശതമാനം ജി.ഡി.പി വളർച്ചപ്രതീക്ഷിച്ച സ്ഥാനത്ത് 8.2 ശതമാനം കൈവരിച്ചു. ഏപ്രിൽ മാസം പ്രധാന വ്യവസായ മേഖലകളിൽ 6.2 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു. ധനകമ്മിയുടെ വർധനവും പ്രതീക്ഷിച്ചതിലും കുറഞ്ഞു.  ധനകാര്യ, ഉപഭോക്‌തൃ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് വളർച്ചക്ക് അനുകൂല സാഹചര്യമാണ്. ഈ സാഹചര്യത്തിൽ പരിഗണിക്കാൻ 4 ഓഹരികൾ.


1. എഫ്.എസ്.എൻ.ഇ-കോമേഴ്‌സ് വെഞ്ചേഴ്സ് (നൈക): സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ത്വക്ക് സംരക്ഷണ ഉത്പന്നങ്ങൾ, ഫിറ്റ്നസ് ഉത്പന്നങ്ങൾ എന്നിവ വിൽക്കുന്ന ഓമ്നി ചാനൽ ബിസിനസ് മോഡൽ സ്വീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് നൈക ബ്രാൻഡിൽ അറിയപ്പെടുന്ന എഫ്.എസ്.എൻ.ഇ- കോമേഴ്‌സ് വെഞ്ചേഴ്സ് (FSN E-Commerce Ventures-Nyka). ഈ ഓഹരി വാങ്ങാനുള്ള നിർദേശം 2023 ജനുവരി 23ന് ധനം ഓൺലൈനിൽ നൽകിയിരുന്നു. അന്നത്തെ ലക്ഷ്യ വിലയായ 145 രൂപ ഭേദിച്ച് 2024 ജനുവരി 10ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന വിലയിൽ ഓഹരി എത്തി -195 രൂപ. തുടർന്ന് ലാഭമെടുപ്പിൽ ഇടിവ് ഉണ്ടായി. 2023-24 മാർച്ച് പാദത്തിൽ എല്ലാ മേഖലകളിലും മുന്നേറ്റം ഉണ്ടായത് കൊണ്ട് വരുമാനത്തിൽ 28.1 ശതമാനം വർധന രേഖപ്പെടുത്തി -1668 കോടി രൂപ. സൗന്ദര്യം വ്യക്‌തി പരിപാലനം (Beauty & Personal Care) വിഭാഗത്തിൽ 24 ശതമാനം വളർച്ച നേടാൻ സാധിച്ചു. കളർ കോസ്‌മെറ്റിക്സ്, സുഗന്ധങ്ങൾ, ത്വക്ക്, കേശ സംരക്ഷണ, സ്നാന, ബോഡി കെയർ ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന വർധിച്ചു. 68 നഗരങ്ങളിൽ 187 റീറ്റെയ്ൽ സ്റ്റോറുകൾ ആരംഭിച്ചിട്ടുണ്ട്. അതിൽ 38 എണ്ണം 2023-24ൽ ആരംഭിച്ചതാണ്. റീറ്റെയ്ൽ കടകളുടെ വിസ്തൃതി 1.7 ലക്ഷം ചതുരശ്ര അടിയായി. സൗന്ദര്യം വ്യക്‌തി പരിപാലനം, ഫാഷൻ മേഖലകളിൽ തുടർന്നും മികച്ച വളർച്ച പ്രതീക്ഷിക്കുന്നു. ചെലവ് ചുരുക്കി, കാര്യക്ഷമത വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മാതൃ കമ്പനിയിലേക്ക് നൈക ഫാഷൻ ലിമിറ്റഡിന്റെ പാശ്ചാത്യ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളുടെ വിഭാഗം ലയിപ്പിക്കും. ഇല്യൂമിന മീഡിയ എന്ന കമ്പനിയെ നൈക ഫാഷനിലേക്ക് ലയിപ്പിക്കും. ഇങ്ങനെ ബിസിനസ് പുനഃക്രമീകരണത്തിലൂടെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തന ക്ഷമത മെച്ചപ്പെടുത്താൻ സാധിക്കും. കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ പ്രശസ്ത ബ്രാൻഡുകളുമായി പങ്കാളിത്ത കരാറിൽ ഏർപ്പെടും. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഇ കൊമേഴ്സ് ബിസിനസ് വർധിപ്പിക്കാൻ സാധിക്കും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 186 രൂപ

നിലവിൽ വില- 164 രൂപ

Stock Recommendation by Geojit Financial Services.

2. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന് (Muthoot ഫിനാൻസ് Ltd) 2023-24 നേട്ടങ്ങളുടെ വർഷമായിരുന്നു. ഇതു വരെ നൽകിയതിൽ ഏറ്റവും കൂടുതൽ സ്വർണ വായ്‌പ നൽകാൻ കഴിഞ്ഞു . ഏറ്റവും കൂടുതൽ അറ്റാദായം നേടി -4050 കോടി രൂപ. ഏറ്റവും അധികം പലിശ വരുമാനവും നേടാൻ സാധിച്ചു -10984 കോടി രൂപ. ഉപ കമ്പനികളായ ബെൽസ്റ്റാർ മൈക്രൊ ഫിനാൻസ്, മുത്തൂറ്റ് ഹോം ഫിനാൻസ്, മുത്തൂറ്റ് മണി എന്നിവ ആസ്തിയിലും ആദായത്തിലും മികച്ച വളർച്ച രേഖപ്പെടുത്തി. മുത്തൂറ്റ് ഫിനാൻസ് ശാഖകളുടെ എണ്ണം 12 ശതമാനം വർധിച്ച് 6,541 ആയി. മുത്തൂറ്റ് ബെൽസ്റ്റാർ പ്രഥമ ഓഹരി വിൽപ്പനക്ക് തയ്യാറെടുക്കുകയാണ്. നിലവിലുള്ള 300 കോടി ഓഹരികൾ വിൽക്കുകയും 1000 കോടി രൂപയുടെ പുതിയ ഓഹരി മൂലധനം കണ്ടെത്തുകയുമാണ് ലക്‌ഷ്യം. അടുത്ത പാദങ്ങളിൽ വായ്പ ചെലവുകൾ വർധിച്ച് 9 ശതമാനമാകുമെന്ന് കമ്പനി കരുതുന്നു. എന്നാൽ ആസ്തിയിൽ നിന്നുള്ള ആദായത്തെ ബാധിക്കില്ല. 2024-25 ൽ ആസ്തികളിൽ 15 ശതമാനം വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് കരുതുന്നു. സ്വർണ ഇതര വായ്പകൾ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 20 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, സ്വർണ വായ്‌പ ആസ്തികളിൽ 15 ശതമാനം വളർച്ച കൈവരിക്കാൻ സാധിക്കും. 2024-25ൽ 200 പുതിയ ശാഖകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയിൽ സ്വർണ വായ്‌പ ബിസിനസിലുള്ള ആധിപത്യം നിലനിർത്തികൊണ്ട് അനുബന്ധ ബിസിനസുകളിലും നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് കമ്പനിക്ക് ആത്മ വിശ്വാസം ഉണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം: വങ്ങുക (Buy)

ലക്ഷ്യ വില- 1936 രൂപ

നിലവിൽ വില- 1682.50 രൂപ

Stock Recommendation by Nirmal Bang Research.

3. വണ്ടർലാ ഹോളിഡേയ്‌സ്‌: തീം പാർക്കുകൾ കൂടുതൽ തുറന്ന് ബിസിനസ് വികസിപ്പിക്കാനുള്ള ശ്രമം  തുടരുകയാണ് വണ്ടർലാ ഹോളിഡേയ്‌സ്‌ (Wonderla Holidays). ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ 2023 ജൂൺ 26ന് നൽകിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വിലയായ  710 രൂപ ഭേദിച്ച് 2024 ഏപ്രിൽ 8 ന് ഓഹാരി വില 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി -1106.70 രൂപ. തുടർന്ന് വിലയിടിവ് ഉണ്ടായി. 2023-24 മാർച്ച് പാദത്തിൽ കൊച്ചി, ബാംഗളൂരു തീം പാർക്കുകളിൽ സന്ദർശകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. പരീക്ഷകൾ കാരണം വലിയ സംഘങ്ങളായി എത്തുന്നവരുടെ എണ്ണം ബാംഗളൂരു, കൊച്ചി തീം പാർക്കുകളിൽ കുറഞ്ഞു. 400 കോടി രൂപ ചെലവിൽ ചെന്നൈയിൽ പൂർത്തിയാകുന്ന പാർക്ക് 2025-26 ൽ പ്രവർത്തന സജ്ജമാകും. ഒഡീഷയിൽ പുതിയ പാർക്കിന്റെ പണി പുരോഗമിക്കുന്നു. ഗുജറാത്ത്, മധ്യ പ്രദേശ്, പഞ്ചാബ്, ഉത്തർ പ്രദേശ് സർക്കാരുകളുമായി അവിടെ പാർക്ക് ആരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നിലവിലുള്ള പാർക്കുകളിൽ ശരാശരി പ്രതി ഉപഭോക്താവിൽ നിന്നുള്ള ആദായം 14 ശതമാനം വർധിച്ച് 1,349 രൂപയായി. മാർച്ച് പാദത്തിൽ ബിസിനസ് വളർച്ചക്ക് മങ്ങൽ നേരിട്ടുവെങ്കിലും വികസന പദ്ധതികൾ അതിവേഗം നടപ്പാക്കുന്നതിനാൽ ഭാവി വരുമാന വളർച്ച മെച്ചപ്പെടുമെന്ന് കരുതുന്നു.

നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക (Buy)

ലക്ഷ്യ വില- 1,221 രൂപ

നിലവിൽ വില- 842.65 രൂപ

Stock Recommendation by ICICI Securities.

4. സൈഡസ് ലൈഫ് സയൻസസ്: പ്രമുഖ ഫാർമ കമ്പനിയായ സൈഡസ് ലൈഫ് സയൻസസ് (Zydus Lifesciences Ltd)എല്ലാ വിപണികളിലും ശക്തമായ വളർച്ച നേടിയത് കൊണ്ട് മാർച്ച് പാദത്തിൽ വരുമാനം 10.4 ശതമാനം വർധിച്ച് 5,534 കോടി രൂപയായി. ഈ ഓഹാരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ 2023 ജൂലൈ ഒന്നിന് നൽകിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വിലയായ 663 രൂപ മറികടന്ന് 2024 മെയ് 21ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന വിലയിൽ ഓഹരി എത്തി -1171.95 രൂപ. തുടർന്ന് വിലയിടിവ് നേരിട്ടു. മാർച്ച് പാദത്തിൽ ഫാർമ വിഭാഗത്തിൽ 10.5 ശതമാനം, ഉപഭോക്‌തൃ ഉത്പന്നങ്ങളിൽ 9.8 ശതമാനം എന്നിങ്ങനെ വളർച്ച കൈവരിക്കാൻ സാധിച്ചു. അമേരിക്കൻ വിപണിയിൽ പുതിയ ഔഷധങ്ങൾ പുറത്തിറക്കിയും വിൽപ്പന വർധിപ്പിച്ചും ബിസിനസ് വളർച്ച നേടാൻ സാധിച്ചു. 2024-25ൽ പുതിയ ഉത്‌പന്നങ്ങൾ പുറത്തിറക്കി ഇരട്ട അക്ക വളർച്ച നേടുകയാണ് ലക്ഷ്യം. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള മാർജിൻ 27.5 ശതമാനത്തിൽ അധികം നേടാൻ സാധിക്കും. മാർച്ച് പാദത്തിൽ യു.കെ ബിസിനസ് ആരംഭിച്ചു. ഗവേഷണ വികസനത്തിലൂടെ വിപണിയിൽ വളർച്ചക്ക് ശ്രമിക്കും.


നിക്ഷേപകർക്കുള്ള നിർദേശം-വാങ്ങുക (Buy)

ലക്ഷ്യ വില- 1,196 രൂപ

നിലവിൽ വില- 1000 രൂപ.

Stock Recommendation by Geojit Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)

Tags:    

Similar News