ഈ ആഴ്ച നിക്ഷേപത്തിന് പരിഗണിക്കാവുന്ന വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 4 ഓഹരികൾ
2023-24 ഡിസംബർ പാദ ഫലങ്ങൾ അനുകൂലം, വരുമാന വളർച്ചാ ലക്ഷ്യങ്ങൾ നേടാൻ സാധ്യതയുള്ള ഓഹരികൾ
ഓട്ടോ ഘടകങ്ങൾ, ഊർജ, ഭക്ഷ്യ വിതരണ രംഗത്ത് നേട്ടം ഉണ്ടാക്കാവുന്ന 4 ഓഹരികൾ ആണ് ഈ ആഴ്ച വീക്കിലി സ്റ്റോക്ക് റെക്കമെ ന്റേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികളെ കുറിച്ച് വിശദമായി നോക്കാം.
1.സോമാറ്റോ ലിമിറ്റഡ് (Zomato Ltd): ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ വിതരണ കമ്പനിയായ സോമാറ്റോയുടെ 2023-24 ഡിസംബർ പാദ വരുമാനം 68.8 ശതമാനം വർധിച്ച് 3,288 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 51 കോടി രൂപയായി. ആദ്യമായി ഒരു പാദത്തിൽ EBITDA മാർജിൻ 1.6 ശതമാനം നേടാൻ സാധിച്ചു. ഭക്ഷ്യ വിതരണ ബിസിനസിൽ ആരോഗ്യകരമായ വളർച്ച കൈവരിക്കാൻ സാധിച്ചു. ഭക്ഷ്യ വിതരണ ബിസിനസിൽ ഡെലിവറി ചാർജ് ഒഴികെയുള്ള വരുമാനം 48.2 ശതമാനം വർധിച്ച് 1,704 കോടി രൂപയായി. ഭക്ഷണ ശാലകൾക്ക് വിതരണം നടത്തുന്ന ഹൈപ്പർ പ്യുവർ ബിസിനസ് വരുമാനം 104 ശതമാനം വർധിച്ച് 859 കോടി രൂപയായി. വിൽപ്പന ചെലവ് വരുമാനവുമായി ശതമാന കണക്കിൽ 10.08 ശതമാനം വർധിച്ചു. ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ, മറ്റു ചെലവുകൾ എന്നിവ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ യഥാക്രമം 7.41 ശതമാനം, 1.67 ശതമാനം എന്നിങ്ങനെ കുറഞ്ഞു. ദീർഘകാല അടിസ്ഥാനത്തിൽ 40 ശതമാനം വാർഷിക വരുമാന വളർച്ച പ്രതീക്ഷിക്കുന്നു, ഹ്രസ്വ കാലയളവിൽ 50 ശതമാനം വളർച്ച. ക്വിക്ക് കൊമേഴ്‌സ് ബിസിനസ് ബ്ലിങ്ക് ഇറ്റ് വരുമാനം 114 ശതമാനം വർധിച്ച് 644 കോടി രൂപയായി. ഉപഭോക്‌തൃ ഡിമാൻഡ് കുറഞ്ഞെങ്കിലും വിപണിയിലെ ആധിപത്യവും കൂടുതൽ ഭക്ഷണ ശാലകൾക്ക് സേവനം നൽകാൻ സാധിച്ചതും വരുമാനവും മാർജിനും വർധിക്കാൻ സഹായകരമായി.
നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 174 രൂപ
നിലവിൽ വില - 156.70 രൂപ
Stock Recommendation by Geojit Financial Services.
2. ലുമാക്സ് ഓട്ടോ ടെക്‌നോളജീസ് (Lumax Auto Technologies Ltd) : ഡി കെ ജെയിൻ ഗ്രൂപ്പിന് കീഴിൽ എഴ് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഓട്ടോമൊബൈൽ ഘടകങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് ലുമാക്സ് ഓട്ടോ ടെക്‌നോളജീസ്. 2022 സെപ്റ്റംബർ 13ന് ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ നൽകിയിരുന്നു. അന്നത്തെ ലക്ഷ്യ വിലയായ 356 രൂപ മറികടന്ന ഓഹരി 2024 ഫെബ്രുവരി 15ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തി-498 രൂപ (Stock Recommendation by Sharekhan by BNP Paribas). കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റെടുത്ത കമ്പനിയായ ഐ.എ.സി ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എന്ന കമ്പനിയിൽ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തത് നേട്ടമായി. പാസഞ്ചർ വാഹന ബിസിനസിൽ നിന്നുള്ള വരുമാനം ഡിസംബർ പാദത്തിൽ 4.6 ശതമാനം പാദാദിഷ്ടിത വളർച്ച കൈവരിച്ച് 732 കോടി രൂപയായി. ഉപകമ്പനിയായ ലുമാക്സ് കോർണഗ്ളീയ ടെക്‌നോളജീസ് പൂനയിൽ എയർ ഫിൽറ്റർ ഘടകങ്ങൾ, മോൾഡ്ഡ് ഘടകങ്ങൾ നിർമിക്കാനുള്ള കേന്ദ്രം സ്ഥാപിച്ചു. വാണിജ്യ വാഹനങ്ങൾക്ക് പ്ലാസ്റ്റിക്ക് ഇന്ധന ടാങ്കുകൾ നിർമിക്കുന്ന ആദ്യ കേന്ദ്രമാണ് സ്ഥാപിച്ചത്. 2024-25ൽ ഈ കേന്ദ്രത്തിൽ നിന്ന് 40 കോടി രൂപയുടെ അധിക വരുമാനം നേടാൻ സാധിക്കും. 40 ശതമാനം ഉത്പാദന ശേഷി ഘട്ടം ഘട്ടമായി വർധിക്കും. ലോക നിലവാരത്തിലുള്ള ഓട്ടോ ഘടകങ്ങൾ നിർമിക്കാൻ ജർമൻ കമ്പനിയുമായി തന്ത്രപരമായ പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്. മൊത്തം 1,100 കോടി രൂപയുടെ ഓർഡർ കൈവശമുണ്ട്. അതിൽ 40 ശതമാനം വൈദ്യുത വാഹനങ്ങൾക്ക് വേണ്ട ഘടകങ്ങൾ നിർമിക്കാനാണ്. 2024-25ൽ വരുമാനത്തിൽ ശക്തമായ ഇരട്ട അക്ക വളർച്ച കൈവരിക്കുമെന്ന് കരുതുന്നു. ഏറ്റെടുത്ത കമ്പനിയുടെ ബിസിനസ് 15 ശതമാനം വർധിക്കും.
നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക(Buy)
ലക്ഷ്യ വില- 540 രൂപ
നിലവിൽ വില- 429.50 രൂപ.
Stock Recommendation by Sharekhan by BNP Paribas.
3. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (Gujarat State Petronet Ltd): പൈപ്‌ലൈനിലൂടെ പ്രകൃതി വാതകം എത്തിക്കുന്ന ഗുജറാത്ത് സംസ്ഥാന പൊതുമേഖല സ്ഥാപനമാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്. പ്രകൃതി വാതക വിൽപ്പന 2023-24 ഡിസംബർ പാദത്തിൽ 30 ശതമാനം വർധിച്ചു. സിറ്റി ഗ്യാസ് വിതരണം 29 ശതമാനം വർധിച്ചു എങ്കിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ വർധനയാണ്. 4,500 കോടി രൂപ മൂലധന ചെലവിൽ ഹൈ പ്രഷർ വാതക ഗ്രിഡ് സ്ഥാപിക്കുന്നു. 2032ഓടെ പുതിയ എൽ.എൻ.ജി ടെർമിനലുകൾ വഴി വാതക വിതരണം സാധ്യമാകും. ഗുജറാത്തിലെ എൽ.എൻ.ജി ശേഷി അടുത്ത 2-3 വർഷങ്ങളിൽ 55 ശതമാനം വർധിക്കുമെന്ന് കരുതുന്നു. അതിൽ കൂടുതൽ വാതകവും പെട്രോനെറ്റ് കമ്പനിയുടെ വിതരണ ശൃംഖല വഴിയാണ് പോകാൻ സാധ്യത.ഗുജറാത്ത് പെട്രോനെറ്റ് കമ്പനിയുടെ വാതക പ്രസരണ വ്യാപ്തം 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ 13 ശതമാനം വർധിക്കുമെന്ന് കരുതുന്നു. ഗുജറാത്തിൽ വ്യാവസായിക മലിനീകരണം കുറക്കാനായി പ്രകൃതി വാതക ഉപയോഗം വർധിക്കുമെന്ന് കരുതുന്നു. 2023-24 ഡിസംബർ പാദത്തിൽ അറ്റ വിറ്റുവരവിൽ 30.7 ശതമാനം വർധന രേഖപ്പെടുത്തി (455.5 കോടി രൂപ). നികുതിക്കും പലിശക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 40.6 ശതമാനം വർധിച്ചു (379.6 കോടി രൂപ). EBITDA മാർജിൻ 83.3 ശതമാനം. ഹൈപ്രെഷർ വാതകത്തിന്റെ ഡിമാൻഡ് വർധിക്കുന്നതും പ്രകൃതി വാതക ശൃംഖല വിപുലപ്പെടുത്തുന്നതും കമ്പനിക്ക് വരും വർഷങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായകരമാകും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 450 രൂപ
നിലവിൽ വില -377.65 രൂപ
Stock Recommendation by Motilal Oswal Financial Services.
4. കമ്മിൻസ് ഇന്ത്യ (Cummins India Ltd): ഇന്ത്യയിലെ ഏറ്റവും വലിയ ഡീസൽ, പ്രകൃതിവാതക എഞ്ചിൻ നിർമാതാക്കളാണ് കമ്മിൻസ് ഇന്ത്യ. ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ 2023 ആഗസ്റ്റ് 9ന് നൽകിയിരുന്നു. (Stock Recommendation by HDFC Securities) അന്നത്തെ ലക്ഷ്യ വിലയായ 2,100 രൂപ മറികടന്ന് 2024 ഫെബ്രുവരി 15ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 2,645 രൂപ രേഖപ്പെടുത്തി. 2023-24 ഡിസംബർ പാദത്തിൽ വിറ്റുവരവ് 17 ശതമാനം വർധിച്ച് 2,502 കോടി രൂപയായി. ആഭ്യന്തര വിറ്റുവരവ് 36 ശതമാനം വർധിച്ചു എന്നാൽ കയറ്റുമതി വരുമാനം 40 ശതമാനം ഇടിഞ്ഞു. 2023-24ൽ വരുമാനത്തിൽ ഇരട്ട അക്ക വാർഷിക വളർച്ച പ്രതീക്ഷിക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിnte IV+ നിലവാരമുള്ള പവർ ജനറേറ്ററുകളുടെ ഡിമാൻഡ് വർധിച്ചു വരുന്നു. 3,000 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചു. പവർ ജനറേറ്ററുകളുടെ വിപണനത്തിൽ 29 ശതമാനം വളർച്ച കൈവരിച്ചു. പവർ ജീൻസെറ്റുകൾ വിതരണം ചെയ്യാനുള്ള വലിയ ഡാറ്റ കേന്ദ്രത്തിൽ നിന്ന് ഓർഡർ ലഭിച്ചത് നേട്ടമായി. ചെങ്കടലിൽ കപ്പലുകളുടെ നീക്കത്തിന് തടസങ്ങൾ ഉണ്ടെങ്കിലും കയറ്റുമതി ഡിമാൻഡ് കുറഞ്ഞെങ്കിലും ഉത്പാദന ശേഷി 60-70 ശതമാനം വിനിയോഗിക്കാൻ സാധിക്കുമെന്ന്ക രുതുന്നു.
നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക(Buy)
ലക്ഷ്യ വില- 2,860 രൂപ
നിലവിൽ വില- 2,617 രൂപ
Stock Recommendation by Capstocks Equity Research.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)