2024ല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപ സാധ്യത, മികച്ച ആദായം നേടാവുന്ന 4 ഓഹരികള്‍
വൈദ്യുത കേബിള്‍, കണ്‍സ്യൂമര്‍, സിമന്റ്, വ്യോമയാന രംഗത്തെ ഓഹരികള്‍
2024ല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയില്‍ വിവിധ കമ്പനികളില്‍ കൂടുതല്‍ വിദേശ പങ്കാളിത്തമോ നിക്ഷേപങ്ങളോ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് ഗോള്‍ഡ് മാന്‍ സാക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരുക്ക്, ടെക്‌സ്‌റ്റൈല്‍സ്, രാസവസ്തുക്കള്‍, ഫാര്‍മ, ഓട്ടോമൊബൈല്‍ തുടങ്ങി നിരവധി മേഖലകളില്‍ പുതിയ നിക്ഷേപം പ്രതീക്ഷിക്കുന്നു. ജി.ഡി.പി വളര്‍ച്ച 2023-24ല്‍ 6.3% നേടാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള വളര്‍ച്ച സാധ്യത ഉള്ള 4 ഓഹരികള്‍ നോക്കാം.
1. ഫിനോലെക്‌സ് കേബിള്‍സ് (Finolex Cables Ltd):
ഇലക്ട്രിക്കല്‍ വയര്‍, കേബിള്‍ നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയാണ് ഫിനോലെക്‌സ് കേബിള്‍സ്. നിര്‍മാണ, അടിസ്ഥാന സൗകര്യ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിന്ന് ഡിമാന്‍ഡ് വര്‍ധിച്ചത് മൂലം ഇലക്ട്രിക്കല്‍ വയര്‍ വില്‍പ്പന 10% വര്‍ധിച്ചു. ആശയവിനിമയ കേബിളുകളുടെ വിറ്റുവരവില്‍ ഇടിവ് ഉണ്ടായി. ചൈന, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കേബിളുകള്‍ വിപണിയില്‍ എത്തിയതാണ് പ്രധാന കാരണം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ടെന്‍ഡറുകള്‍ വൈകിയതും വില്‍പ്പന കുറയാന്‍ കാരണമായി. എന്നാല്‍ 1,40,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഭാരത് നെറ്റ് വര്‍ക്കിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പതിവ് തെറ്റിയുള്ള കാലവര്‍ഷ മഴയും വേഗത്തില്‍ വിറ്റഴിയുന്ന വൈദ്യുത ഉത്പന്നങ്ങളുടെ വില്‍പ്പന കുറയാന്‍ കാരണമായി. അടുത്ത ഒന്നര വര്‍ഷത്തില്‍ 400 കോടി രൂപ മൂലധന ചെലവില്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കും. സോളാര്‍ കേബിള്‍, ആശയ വിനിമയ കേബിള്‍, ഓട്ടോമൊബൈല്‍, നിര്‍മാണ രംഗത്ത് ആവശ്യമുള്ള കേബിളുകളുടെ ഉത്പാദന ശേഷിയാണ് വര്‍ധിപ്പിക്കുന്നത്. ചെമ്പ് വില കുറഞ്ഞത് കൊണ്ട് ഉത്പന്നങ്ങളുടെ വില 3-4 % കുറക്കാന്‍ സാധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത ഉണ്ടാകുമെന്നതിനാല്‍ മാര്‍ജിന്‍ 14% നേടാന്‍ സാധിക്കും. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത്, മെച്ചപ്പെട്ട ക്യാഷ് ഫ്‌ളോ, വിവിധ കേബിളുകള്‍ക്കുള്ള ഉയർന്ന ഡിമാന്‍ഡ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഫിനോലെക്‌സ് ഓഹരിയില്‍ മുന്നേറ്റ സാധ്യത ഉണ്ട്.നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില - 1,100 രൂപ
നിലവില്‍ വില - 922.95 രൂപ
Stock Recommendation by Sharekhan by BNP Paribas.
2. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് (Tata Consumer Products): ആഭ്യന്തര തേയില ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ടസ് പുറത്തിറക്കുന്ന പ്രീമിയം ബ്രാന്‍ഡുകളായ ചക്ര ഗോള്‍ഡ്, ടാറ്റ ടീ ഗോള്‍ഡ്, ടാറ്റ ടെറ്റ് ലി ഗോള്‍ഡ് തുടങ്ങിയവ മികച്ച വളര്‍ച്ച കൈവരിച്ചു. ബ്രാന്‍ഡഡ് ഉപ്പ് വിപണിയിലും നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. 27 ലക്ഷം കടകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. പുതിയ ബ്രാന്‍ഡഡ് സുഗന്ധവ്യഞ്ജനങ്ങള്‍, ചെറുധാന്യങ്ങളായ സോള്‍ ഫുള്‍, സംപെന്‍, നറിഷ്‌കോ എന്നിവയുടെ വിപണി ശക്തിപെടുന്നുണ്ട്. ഇ-കൊമേഴ്സ് വിഭാഗത്തില്‍ കോള്‍ഡ് പ്രസ്സ്ഡ് എണ്ണയുടെ വിപണനത്തിന് നല്ല പ്രതികരണം ലഭിക്കുന്നുണ്ട്.
2023 മെയ് 26ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Motilal Oswal Investment Services). അന്നത്തെ ലക്ഷ്യ വിലയായ 910 രൂപ ഭേദിച്ച് നവംബര്‍ 20ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 940.55 എത്തിയ ശേഷം കുറഞ്ഞു. തുടര്‍ന്നും ഈ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 1,100 രൂപ
നിലവില്‍ വില- 929 രൂപ
Stock Recommendation by Nirmal Bang Research.
3. രാംകോ സിമന്റ്‌സ് (Ramco Cements Ltd): 2023 -24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 30.5% വര്‍ധിച്ച് 2,329 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 117% വര്‍ധിച്ച് 399 കോടി രൂപയായി. തമിഴ്നാട്ടില്‍ ആര്‍.ആര്‍ നഗറില്‍ പത്ത് ലക്ഷം ടണ്‍ സിമന്റ് പൊടിക്കാനുള്ള ശേഷി സ്ഥാപിച്ചു. വില്‍പ്പന വര്‍ധിച്ചതും ഉല്‍പാദന ചെലവ് കുറഞ്ഞതും മൂലം EBITDA മാര്‍ജിന്‍ 6.80% വര്‍ധിച്ചു. 133 മെഗാ വാട്ട് കാറ്റില്‍ നിന്നുള്ള പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി തനത് ആവശ്യത്തിന് ജൂണ്‍ 2023 മുതല്‍ ഉപയോഗിച്ച് തുടങ്ങി. ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ഓരോ ടണ്ണിനും 70 രൂപയുടെ ലാഭം ഉണ്ടാകുമെന്ന് കരുതുന്നു.
കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം ചെലവഴിക്കുന്നത് സിമന്റ് ഡിമാന്‍ഡ് വര്‍ധിപ്പിക്കും. രാംകോ നടപ്പാക്കുന്ന ഉത്പാദന ശേഷി വര്‍ധന വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
ഡ്രൈ മിക്‌സ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ (25 -30 %) ലഭിക്കും. ഡ്രൈ മിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കാനായി 2022-23ല്‍ രണ്ടു പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചു. 2023-24 ല്‍ 20% വില്‍പ്പന വര്‍ധന ഉണ്ടായിട്ടുണ്ട്. 2022-23 മുതല്‍ 2024-25 കാലയളവില്‍ 12% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 സെപ്റ്റംബര്‍ 25ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services). ലക്ഷ്യ വില 1,034 ഭേദിച്ച് നവംബര്‍ 9ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 1040.30യില്‍ എത്തി. തുടര്‍ന്ന് തിരുത്തല്‍ ഉണ്ടായി എങ്കിലും ഇനിയും മുന്നേറ്റം ഉണ്ടാകാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില - 1,119 രൂപ
നിലവില്‍ വില- 961.60 രൂപ
(Stock Recommendation by Geojit Financial Services).
4. ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ (Interglobe Aviation) : കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന കമ്പനികളില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്റര്‍ ഗ്ലോബ് (ഇന്‍ഡിഗോ). സെപ്റ്റംബര്‍ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 34% വര്‍ധന ഉണ്ടായത് കൊണ്ട് വരുമാനത്തില്‍ 20% വാര്‍ഷിക വര്‍ധന ഉണ്ടായി. വിമാനങ്ങളുടെ ശരാശരി ഉപയോഗ ശേഷി 83.3% നേടാന്‍ സാധിച്ചു. 1,586 കോടി രൂപ നഷ്ടത്തില്‍ (2022 -23 സെപ്റ്റംബര്‍ പാദത്തില്‍) നിന്ന് കരകയറി 188 കോടി രൂപ അറ്റാദായം നേടാന്‍ സാധിച്ചു. 18 വിമാനങ്ങള്‍ കൂടി സേവനത്തിന് വേണ്ടി എടുത്തത് കൊണ്ട് മൊത്തം വിമാനങ്ങളുടെ എണ്ണം 334 ആയി. ഉത്സവ സീസണ്‍ യാത്ര ഡിമാന്‍ഡ് വര്‍ധന, കൂടുതല്‍ ശേഷി വിനിയോഗം, ചെലവ് യുക്തിസഹമാക്കുക, സ്ഥിരമായ ടിക്കറ്റ് നിരക്ക് എന്നിവയിലൂടെ കമ്പനിയുടെ പ്രവര്‍ത്തന ഫലം മെച്ചപ്പെടുമെന്ന് കരുതാം. വിനോദത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും വിമാന യാത്ര ചെയ്യുന്നത് വര്‍ധിക്കുന്നുണ്ട്. അതിനാല്‍ ഇന്‍ഡിഗോയുടെ വിപണി വിഹിതം 60.7 ശതമാനത്തില്‍ നിന്ന് 63.4 ശതമാനമായി വര്‍ധിച്ചു. കമ്പനിയുടെ വരുമാനം 2022-23 മുതല്‍ 2024-25 കാലയളവില്‍ 18.5% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2023 മെയ് 25ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വിലയായ 2,679 രൂപ കടന്ന് ജൂലൈ 13ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 2,745.95ല്‍ എത്തി. തുടര്‍ന്ന് ഇടിവ് ഉണ്ടായി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില -3,008 രൂപ
നിലവില്‍ - 2568 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)