ഈ ആഴ്ച പരിഗണിക്കാന്‍ 4 ഓഹരികള്‍, പ്രതീക്ഷിക്കാം 17 മുതല്‍ 55 ശതമാനം വരെ നേട്ടം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയും വിവിധ വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപെടുത്തുന്നത് ഓഹരികള്‍ക്ക് ഗുണമാകും

Update: 2024-03-29 09:33 GMT

Image by Canva

അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മാണ രംഗത്ത് കൂടുതല്‍ നിക്ഷേപം എന്നിവ സിമന്റ് വിപണിക്ക് ശക്തി പകരും. മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വ്യവസായത്തിന് നേട്ടമാകും. തൊഴിലവസരങ്ങളും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന ചില ഓഹരികള്‍ നോക്കാം.

1. സാഗര്‍ സിമന്റ്‌സ് (Sagar Cements Ltd): തെക്കേ ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാണ കമ്പനിയാണ് സാഗര്‍ സിമന്റ്‌സ്. 1985ല്‍ സ്ഥാപിച്ച കമ്പനിക്ക് 1.06 കോടി ടണ്‍ ഉത്പാദന ശേഷിയുണ്ട്. 2023-24 ഡിസംബര്‍ പാദത്തില്‍ കൂടുതല്‍ സിമന്റ് വിറ്റഴിച്ചത് കൂടാതെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വില്‍പ്പന വില ലഭിച്ചതും കമ്പനിക്ക് നേട്ടമായി. വരുമാനം 16 ശതമാനം ഉയര്‍ന്ന് 669 കോടി രൂപയായി. വില്‍പ്പന 14 ശതമാനവും.  മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വില്‍പ്പന വില 2.4 ശതമാനം വര്‍ധിച്ചു. ചില സംസ്ഥാനങ്ങളില്‍ വെള്ള പൊക്കവും ഉത്സവങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പുകളും  ഒക്കെ ഉണ്ടായത് സിമന്റ് വിപണനം കുറയാന്‍ കാരണമാകും. 2024-25ല്‍ വില്‍പ്പന 70 ലക്ഷം ടണ്ണായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു (നേരത്തെ കണക്കാക്കിയത് 75 ലക്ഷം ടണ്‍). 2023-24 മുതല്‍ 2025-26 വരെയുള്ള  കാലയളവില്‍ മൂലധന ചെലവ് 470 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അറ്റ കടം നിലവിലുള്ള 1400-1450 കോടി രൂപയില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന നിര്‍മാണത്തിനും ഊന്നല്‍ നല്‍കുന്നത് സിമന്റ് ഡിമാന്‍ഡ് വര്‍ധിപ്പിക്കും, ഇത് കമ്പനിക്ക് നേട്ടമാകും. മൂന്ന് സ്ഥലങ്ങളില്‍ പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചതിനാല്‍ ശേഷി വിനിയോഗം വര്‍ധിക്കുന്നുണ്ട്. ചെലവ് ചുരുക്കിയും കാര്യക്ഷമത വര്‍ധിപ്പിച്ചും ഉത്പാദന ശേഷി കൂട്ടിയും കമ്പനിക്ക് വരും വര്‍ഷങ്ങളില്‍ ആദായം ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതാം. സിമന്റ് വിലയില്‍ അടുത്തിടെ ഉണ്ടായ വ്യതിയാനങ്ങള്‍ വളര്‍ച്ചയെ ബാധിക്കാം. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആന്ധ്ര സിമന്റ്‌സിന്റെ  5 ശതമാനം ഓഹരികള്‍ വിറ്റു. ഏറ്റവും കുറഞ്ഞ പൊതു ഓഹരി പങ്കാളിത്തം ഉറപ്പാക്കാനാണ് ഓഹരികള്‍ വിറ്റത്. വിൽപ്പനയ്ക്ക്  ശേഷം  90 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 246 രൂപ
നിലവില്‍- 208.95 രൂപ
Stock Recommendation by Geojit Financial Services.

2. പി.ജി ഇലക്ട്രോപ്ലാസ്റ്റ് (PG Electroplast Ltd): ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2003ല്‍ സ്ഥാപിതമായ കമ്പനിയാണ് പി.ജി ഇലക്ട്രോപ്ലാസ്റ്റ്. 2023-24ല്‍ ആദ്യ മൂന്ന് പാദങ്ങളില്‍ സാമ്പത്തിക ഫലം മെച്ചപ്പെട്ടതിനാല്‍ ഈ സ്മാള്‍ ക്യാപ് ഓഹരി അകര്‍ഷകമാകുന്നു. വില്‍പ്പന 26 ശതമാനം വര്‍ധിച്ച് വിറ്റുവരവ് 1,665 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം 50 ശതമാനം വര്‍ധിച്ച് 155 കോടി രൂപയായി. പ്ലാസ്റ്റിക്ക് മോള്‍ഡിംഗ് നടത്തിയിരുന്ന കമ്പനി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ കമ്പനികള്‍ക്ക് ഒ.ഇ.എം (OEM) ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ തുടങ്ങി. എയര്‍ കൂളര്‍, എ.സി, എല്‍.ഇ.ഡി ടിവി തുടങ്ങിയവക്ക് വേണ്ട ഘടകങ്ങള്‍ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഒറിജിനല്‍ ഭാഗങ്ങളായി നിര്‍മിച്ചു നല്‍കുന്നുണ്ട്. വാഷിംഗ് മെഷീന്‍, എ.സി ഘടകങ്ങളുടെ നിര്‍മാണത്തില്‍ മുന്നില്‍ എത്താന്‍ സാധിച്ചിട്ടുണ്ട്. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ എല്‍.ഇ.ഡി ടിവി ബിസിനസില്‍ 9 ശതമാനം, എ.സി 15 ശതമാനം, വാഷിംഗ് മെഷീന്‍ 29 ശതമാനം, പ്ലാസ്റ്റിക് മോള്‍ഡിംഗ് ബിസിനസില്‍ 19 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 15 ശതമാനം, EBITDA 16 ശതമാനം, ലാഭത്തില്‍ 41 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 2430 രൂപ
നിലവില്‍ വില- 1666 രൂപ
Stock Recommendation by JM Financial.
3. ഇന്‍ഫോ എഡ്ജ് (Info Edge (India ) Ltd ): തൊഴില്‍ അവസരങ്ങള്‍ (നൗകരി ഡോട്ട് കോം), വിവാഹ സേവനങ്ങള്‍ (ജീവന്‍ സാത്തി), റിയല്‍ എസ്റ്റേറ്റ് സേവനങ്ങള്‍ (99 ഏക്കേഴ്‌സ്) എന്നിവ നല്‍കുന്ന പ്രമുഖ കമ്പനിയാണ് ഇന്‍ഫോ എഡ്ജ്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ആഗസ്ത് 25ന് നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services) അന്നത്തെ ലക്ഷ്യ വിലയായ 4,896 രൂപ ഭേദിച്ച്  
2024 
മാര്‍ച്ച് 28ന്‌  ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ഓഹരി എത്തി -5634.40 രൂപ. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനം 11 ശതമാനം ഉയര്‍ന്ന് 1,773 കോടി രൂപയായി. ബില്ലിംഗ് 3 ശതമാനം വര്‍ധിച്ച് 1,669 കോടി രൂപയായി. ഐ.ടി രംഗത്ത് ഒരു ഇടവേളക്ക് ശേഷം നിയമനങ്ങള്‍ വര്‍ധിക്കുന്നത് കൊണ്ട് നൗകരി ഡോട്ട് കോമിന്റെ വരുമാനം വര്‍ധിക്കുമെന്ന് കരുതുന്നു. ഉപകമ്പനി റെഡ്സ്റ്റാര്‍ട്ട് എന്ന ഇന്റര്‍നെറ്റ് കമ്പനിയില്‍ 30 കോടി രൂപ നിക്ഷേപം നടത്തി. പ്രവര്‍ത്തന മാര്‍ജിന്‍ 36.5 നിലനിര്‍ത്താന്‍ സാധിച്ചു, പ്രവര്‍ത്തന ചെലവ് 6 ശതമാനം വര്‍ധിച്ചു. അടിസ്ഥാന സൗകര്യ രംഗം, ഉപഭോക്തൃ മേഖല  സേവന മേഖല എന്നിവയില്‍ നിയമനങ്ങള്‍ വര്‍ധിക്കുന്നത് നൗകരി ബിസിനസ് വളര്‍ച്ച വര്‍ധിപ്പിക്കും. 2024-25 ആദ്യ പാദത്തില്‍ 99 ഏക്കേഴ്‌സ് ലാഭത്തിലാകുമെന്ന് കരുതുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇടപാടുകള്‍ വര്‍ധിക്കുന്നത് ഈ വിഭാഗത്തിന് നേട്ടമാണ്. ഈ കമ്പനിക്ക് സൊമാറ്റോയില്‍ 13.7 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സൊമാറ്റോയുടെ ഓഹരി മൂല്യം വര്‍ധിക്കുന്നത് കമ്പനിക്ക് ഗുണകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 6993 രൂപ
നിലവില്‍ വില- 5497.35 രൂപ
Stock Recommendation by ICICI Securities.
4. സായ് സില്‍ക്സ് (കലാമന്ദിര്‍) ലിമിറ്റഡ് (Sai Silks Kalamandir): ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്‌നിക് സാരി വിപണനത്തില്‍ അതിവേഗം വളരുന്ന കമ്പനിയാണ് സായ് സില്‍ക്സ് കലാമന്ദിര്‍. 60 സ്റ്റോറുകള്‍ നടത്തുന്നുണ്ട്. 2023-24ല്‍ വിവാഹങ്ങള്‍ കുറഞ്ഞത് കൊണ്ട് പോത്തീസ് ഒഴികെയുള്ള സില്‍ക്ക് സാരി വ്യാപാരികള്‍ക്ക് ബിസിനസ് വളര്‍ച്ച കുറഞ്ഞതായി അറിയാന്‍ സാധിച്ചു. സാരി വിതരണക്കാര്‍ക്ക് നേരത്തെ പണം നല്‍കി ക്യാഷ് ഡിസ്‌കൗണ്ട് നേടുകയാണ്. 2023 സെപ്റ്റംബറിലാണ് പ്രഥമ ഓഹരി വില്‍പ്പന നടത്തി ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തത്. കാഞ്ചീപുരം വരാഹ ലക്ഷ്മി സില്‍ക്സ് എന്ന ബ്രാന്‍ഡിലും സില്‍ക്ക് സാരികള്‍ വില്‍ക്കുന്നുണ്ട്. അതിനായി 10 ഷോറൂമുകള്‍ തെക്കേ ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്‌നാട് വിപണിയില്‍ കമ്പനിക്ക് ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഐ.പി.ഒ പണം 2024-25ല്‍ വികസനത്തിനായി വിനിയോഗിക്കുമ്പോള്‍ അതിന് ശേഷം വരുമാന വര്‍ധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 310 രൂപ
നിലവില്‍ വില- 200 രൂപ
Stock Recommendation by HDFC Securities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News