ഇന്ത്യന്‍ കയറ്റുമതി വര്‍ധിക്കുന്നു, ഇപ്പോള്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍

എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍, ഫാര്‍മ, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ വളര്‍ച്ച സാധ്യത

Update:2024-06-16 11:48 IST

Image by Canva

ഇന്ത്യയില്‍ പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതും കയറ്റുമതി വ്യവസായങ്ങള്‍ക്ക് നേട്ടമായി. 2024 മെയ് മാസത്തില്‍ എന്‍ജിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതി 23 ശതമാനം വര്‍ധിച്ചു, ഇലക്ട്രോണിസ്‌ക് ഉത്പന്ന കയറ്റുമതി 22.9 ശതമാനവും ഫാര്‍മ കയറ്റുമതി 10.45 ശതമാനവുമാണ്. ആഗോള വ്യാപാരം വര്‍ധിക്കുന്നതും ഇന്ത്യയില്‍ പണപ്പെരുപ്പം കുറയുന്നതും, ഉത്പാദന മേഖലയുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കുന്നതും 2024ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍:


1. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ്: 73 ആശുപത്രികളും 6,000 ഫാര്‍മസികളും അടങ്ങുന്ന വലിയ ശൃംഖല നടത്തുന്ന സ്ഥാപനമാണ് അപ്പോളോ ഹോസ്പിറ്റല്‍സ് (Apollo Hospitals Enterprise Ltd). 2023-24ല്‍ 19,116 കോടി രൂപ വരുമാനവും (14.7% വളര്‍ച്ച), നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 2.497 കോടി രൂപയും (16.7% വളര്‍ച്ച) കൈവരിക്കാന്‍ സാധിച്ചു. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ആഗസ്റ്റ് 24ന് നല്‍കിയിരുന്നു (Stock Recommendation by Motilal Oswal Financial Services). അന്നത്തെ ലക്ഷ്യ വിലയായ 5,700 രൂപ മറികടന്ന് 2024 ഫെബ്രുവരി 22ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 6871.30 ല്‍ ഓഹരി എത്തി, തുടര്‍ന്ന് ഇടിവ് ഉണ്ടായി.

2023-24 മാര്‍ച്ച് പാദത്തില്‍ വരുമാനത്തിലും ആശുപത്രികളുടെ എണ്ണത്തിലും കിടക്കകളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തി. അപ്പോളോ ഹെല്‍ത്ത് കോ എന്ന ഉപകമ്പനി ഓമ്‌നി ചാനല്‍ ബിസിനസ് മാതൃകയില്‍ ഫാര്‍മസി, ടെലി മെഡിസിന്‍ സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിക്കുകയാണ്. ഇതിനായി 2,475 കോടി രൂപയുടെ മൂലധന നിക്ഷേപം അന്താരാഷ്ട്ര സ്വകാര്യ ഓഹരി നിക്ഷേപക കമ്പനിയായ ആഡ് വന്റ്റില്‍ നിന്ന് ലഭിക്കാന്‍ ധാരണയായി. രണ്ടു ഗഡുവായിട്ടാണ് ലഭിക്കുന്നത്. നിലവിലുളള വിപണികളില്‍ 1500 കിടക്കകള്‍ ഉള്ള നാലു ആശുപത്രികള്‍ ആരംഭിക്കും. ഗുര്‍ഗാവ്, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 2025-26 ലാണ് പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നത്. ബംഗളൂരുവില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിത ബുദ്ധി അധിഷ്ഠിത കൃത്യമായ അര്‍ബുദ ചികിത്സ നല്‍കുന്ന സ്ഥാപനം ആരംഭിച്ചു. നൂതന ശസ്ത്രക്രിയകള്‍ നടത്തി, രോഗനിര്‍ണയ ബിസിനസും അന്താരാഷ്ട്ര ബിസിനസും മെച്ചപ്പെടുത്തി കമ്പനി ഇനിയും ശക്തമാകുമെന്ന് കരുതുന്നു. ആശുപത്രികളിലെ താമസ നിരക്ക് (occupancy rate) 65 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 7,059 രൂപ

നിലവില്‍ വില- 6,199 രൂപ

Stock Recommendation by Geojit Financial Services

2. സുപ്രജിത്ത് എന്‍ജിനീയറിംഗ് : ഓട്ടോമൊബൈല്‍ വ്യസായത്തിന് ഘടകങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സുപ്രജിത്ത് (Suprajit Engineering). ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2022 ജൂലൈ 11ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research) അന്നത്തെ ലക്ഷ്യ വിലയായ 437 രൂപ മറികടന്ന് 2024 ജൂണ്‍ 14ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 518.10 ല്‍ ഓഹരി എത്തി. പാപ്പരായ ജര്‍മന്‍ കമ്പനിയെ 121.5 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയാണ്. ഈ കമ്പനിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ 450 കോടി രൂപയുടെ വാര്‍ഷിക വരുമാനം അധികമായി ലഭിക്കും. ജര്‍മന്‍ കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസുകള്‍ രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന കമ്പനിയില്‍ 36-45 കോടി രൂപയുടെ അധിക നിക്ഷേപം നടത്തേണ്ടി വരും. ഫീനിക്‌സ് ലാംപ് വിഭാഗം കയറ്റുമതിയിലും ആഫ്റ്റര്‍ മാര്‍ക്കറ്റ് വിപണിയിലും ശതമായ പ്രകടനം നടത്താന്‍ സാധിച്ചു. കണ്‍ട്രോള്‍ കേബിള്‍സ് വിഭാഗം 2024-25ല്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചു. ആഭ്യന്തര കണ്‍ട്രോള്‍ വിഭാഗവും ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധ്യത ഉണ്ട്. ആധുനിക ബ്രേക്ക് ഘാടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന് വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഓട്ടോമൊബൈല്‍ കൂടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കൃഷി, നിര്‍മാണ ഉപകരണങ്ങള്‍ക്കും വേണ്ട ഘടകങ്ങളും നിര്‍മിച്ചു നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങളിലെ വളര്‍ച്ചയും കമ്പനിയുടെ വരുമാനവും ലാഭക്ഷമതയും വര്‍ധിപ്പിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 642 രൂപ

നിലവില്‍ വില- 514 രൂപ

Stock Recommendation by Sharekhan by BNP Paribas.

3.ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യുട്ടിക്കല്‍സ് ): ഗവേഷണത്തിന് ഊന്നല്‍ നല്‍കി ആഗോള വിപണിയില്‍ വളര്‍ച്ച കൈവരിക്കുന്ന ഔഷധദ നിര്‍മാതാക്കളാണ് ഗ്ലെന്‍മാര്‍ക് (Glenmark Pharmaceuticals. ശ്വാസകോശ രോഗങ്ങള്‍ക്ക് ഉള്ള ഔഷധങ്ങള്‍, ത്വക്ക് രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ വിഭാഗത്തില്‍ ഇന്ത്യയില്‍ മുന്‍ നിരയില്‍ എത്തിയ കമ്പനിയാണ്. ഈ മൂന്ന് വിഭാഗങ്ങളിലും പുറത്തിറക്കുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ കമ്പനിയുടെ ഭാവി വളര്‍ച്ചക്ക് ശക്തി പകരും. അമേരിക്കന്‍ ജനറിക്‌സ് ഔഷധങ്ങളുടെ (പേറ്റന്റ് കാലാവധി പൂര്‍ത്തിയായത്) വിപണിയില്‍ ശക്തമാകാനായി പുതിയ മരുന്നുകള്‍ പുറത്തിറക്കും. കൂടാതെ ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിപണിയില്‍ 14-ാം സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്. 2023-24ല്‍ വരുമാനം 2 ശതമാനം വര്‍ധിച്ച് 11813.1 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായം 26.89 ശതമാനം കുറഞ്ഞ് 1195.3 കോടി രൂപയായി. 2020-21 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ ഔഷധങ്ങളുടെ വില വര്‍ധിപ്പിച്ചാണ് വളര്‍ച്ചയുടെ 55-65 ശതമാനം നേടാന്‍ സാധിച്ചത്. ഉയര്‍ന്ന കടം ഉള്ളത് കൊണ്ട് നിലവില്‍ ബാലന്‍സ് ഷീറ്റ് ദുര്‍ബലമാണ്. അമേരിക്കയില്‍ ജനറിക്സ് ബിസിനസില്‍ മാന്ദ്യം നേരിട്ടത് കൊണ്ട് ബ്രാന്‍ഡഡ് ഔഷധങ്ങള്‍ ഇറക്കി വിപണി പിടിക്കാന്‍ ശ്രമിക്കുകയാണ്. ഗോവയിലെയും മണ്‍റോയിലെയും ഉത്പാദന കേന്ദ്രങ്ങളെ കുറിച്ച് അമേരിക്കന്‍ ഔഷധ അധികാരികള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തുകയാണ്. 2028-29 ഓടെ ബ്രാന്‍ഡഡ് ബിസിനസ് വിഹിതം മൊത്തം വില്‍പ്പനയുടെ 70 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -1,403 രൂപ

നിലവില്‍ വില- 1237.10 രൂപ

Stock Recommendation by KR Choksey Research

4. ടി.ടി.കെ പ്രസ്റ്റീജ് : ടി.ടി.കെ ഗ്രൂപ്പില്‍പെട്ട അടുക്കള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രധാന കമ്പനിയാണ് ടി.ടി.കെ പ്രസ്റ്റീജ് (TTK Prestige). അഞ്ച് ഉത്പാദന കേന്ദ്രങ്ങളും ശക്തമായ വിതരണ ശൃംഖലയും ഉണ്ട്. അള്‍ട്രാ ഫ്രഷ് എന്ന പേരില്‍ മോഡുലാര്‍ കിച്ചന്‍ ബിസിനസ് ആരംഭിച്ചതില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 31 കോടി രൂപ വരുമാനം ലഭിച്ചു. പണപ്പെരുപ്പം മൂലം വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ബാധിച്ചു. എങ്കിലും ആഗോള പണപ്പെരുപ്പം കുറയുന്നത് കയറ്റുമതി വര്‍ധിക്കാന്‍ സഹായിക്കും. കേന്ദ്ര സര്‍ക്കാര്‍ ചെലവ് കുറഞ്ഞ ഭവന പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയും അടുക്കള ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഉത്പാദനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില കുറഞ്ഞത് മൊത്തം മാര്‍ജിന്‍ 1 ശതമാനം വര്‍ധിക്കാന്‍ സഹായിച്ചു. കടുത്ത മത്സരം ഉണ്ടായിട്ടും വിവിധ ഉത്പന്നങ്ങളില്‍ വിപണി വിഹിതം നിലനിര്‍ത്താന്‍ കഴിഞ്ഞു. പുതിയ പ്രീമിയം ബ്രാന്‍ഡ് പുറത്തിറക്കുമെന്ന് അറിയുന്നു. 2023-24 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 9 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 902 രൂപ

നിലവില്‍ വില- 752 രൂപ

Stock Recommendation by Geojit Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Tags:    

Similar News