വാറന്‍ ബഫറ്റിനെ ശതകോടീശ്വരനാക്കിയ വാല്യു ഇന്‍വെസ്റ്റിംഗ് മുതല്‍ മൊമെന്റം ഇന്‍വെസ്റ്റിംഗ് വരെ..
കുറഞ്ഞ വില മതിപ്പുള്ള ഓഹരികളില്‍ നിക്ഷേപിക്കാവുന്ന വാല്യു ഇന്‍വെസ്റ്റിംഗ്, ചെറിയ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന ഗ്രോത്ത് ഇന്‍വെസ്റ്റിംഗ്
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണവും കൂടുകയാണ്. ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഏറെ കരുതലോടെയും ദീര്‍ഘമായ ഗവേഷണത്തിന് ശേഷവും ആയിരിക്കണം എന്ന് അറിയാമല്ലോ.
ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് വിവിധ തന്ത്രങ്ങളുണ്ട്. അത്തരത്തില്‍ ചിലതാണ് ഇക്കുറി ഓഹരി പാഠത്തില്‍.
1) വാല്യു ഇന്‍വെസ്റ്റിംഗ്
ചില ഓഹരികള്‍ക്ക് വില അവയ്ക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹമായതിനേക്കാള്‍ താഴെയായിരിക്കും. ഇത്തരത്തിലെ 'അണ്ടര്‍വാല്യൂഡ്' ആയിട്ടുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നൊരു രീതിയാണ് വാല്യു ഇന്‍വെസ്റ്റിംഗ് (Value Investing).
ഇത്തരത്തില്‍ വില കുറഞ്ഞ് നില്‍ക്കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നവരാണ് വാല്യു ഇന്‍വെസ്റ്റര്‍മാര്‍ (Value Investors).
ഓഹരി വിപണി പലപ്പോഴും പോസിറ്റീവോ നെഗറ്റീവോ ആയ വാര്‍ത്തകളോട് അമിതമായി പ്രതികരിക്കാറുണ്ട്. ഇത്, ബന്ധപ്പെട്ട കമ്പനികളുടെ ദീര്‍ഘകാല മൂല്യത്തിന് വിരുദ്ധമായി ഓഹരി വില വന്‍തോതില്‍ കൂടാനോ കുറയാനോ ഇടയാക്കുകയും ചെയ്യും.
വിപണിയുടെ ഈ അമിത പ്രതികരണം ചിലപ്പോള്‍ ഓഹരികള്‍ ഏറെ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സഹായിക്കും. വന്‍കിട ഓഹരികളൊക്കെ ചിലപ്പോള്‍ ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും. പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിനെ പ്രശസ്തനാക്കിയ് അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള വാല്യു ഇന്‍വെസ്റ്റിംഗ് തന്ത്രങ്ങളാണ്.
കുറഞ്ഞ വിലമതിപ്പുള്ള ഓഹരികളില്‍ തിരഞ്ഞുപിടിച്ച് നിക്ഷേപിച്ചശേഷം, ദീര്‍ഘകാലം അവ കൈയില്‍ വയ്ക്കുകയാണ് ചെയ്യുക. ഇത് ദീര്‍ഘകാലത്തില്‍ മികച്ച നേട്ടം (Return) നേടാന്‍ നിക്ഷേപകരെ സഹായിക്കുകയും ചെയ്യും.
2) ഗ്രോത്ത് ഇന്‍വെസ്റ്റിംഗ്
ഏറ്റവും പുതിയതോ താരതമ്യേന ചെറുതോ ആയ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന തന്ത്രമാണ് ഗ്രോത്ത് ഇന്‍വെസ്റ്റിംഗ് (Growth Investing).
അത്തരം കമ്പനികളില്‍ നിക്ഷേപകര്‍ വിപണിയേക്കാള്‍ മികച്ച ശരാശരിയിലുള്ള ബിസിനസ് മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇത്, ഭാവിയില്‍ മികച്ച നേട്ടം (Return) ഓഹരികളില്‍ നിന്ന് ലഭ്യമാക്കുമെന്നും അവര്‍ കരുതുന്നു. എന്നാല്‍, ഏറെ റിസ്‌ക് നിറഞ്ഞതാണ് ഈ നിക്ഷേപരീതി. കാരണം, പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിക്കൊണ്ട് മാത്രമുള്ള നിക്ഷേപരീതിയാണിത്. പ്രതീക്ഷകള്‍ പാളിയാല്‍ നിക്ഷേപം നഷ്ടക്കണക്കായി മാറും.
ചില കമ്പനികള്‍ വിപണി വിപുലീകരണത്തിനും പുത്തന്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ പ്രവര്‍ത്തന വിപുലീകരണത്തിനും ശ്രമിക്കുമ്പോള്‍ അത്തരം കമ്പനികളുടെ ഓഹരികളിലും നിക്ഷേപിക്കാന്‍ ഗ്രോത്ത് ഇന്‍വെസ്റ്റര്‍മാര്‍ (Growth Investors) ശ്രമിക്കും. കമ്പനികളുടെ ലാഭവിഹിതത്തിലല്ല (dividend) ഇവരുടെ നോട്ടം, പകരം വിപണി വിപുലീകരണം, മൂലധന വര്‍ദ്ധന തുടങ്ങിയവയിലൂടെ ഓഹരികളിലുണ്ടാകുന്ന വര്‍ദ്ധന വഴി ലഭിക്കുന്ന ലാഭത്തിലാണ്.
അതുകൊണ്ട് തന്നെ, ഈ ശ്രേണിയിലുള്ള കമ്പനികള്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന കൊടുക്കുന്നത് ആ തുക വിപണി കൂടുതല്‍ വിപുലീകരിക്കാനായിരിക്കും. കമ്പനിയുടെ വരുമാനവും ലാഭവും ഇതുവഴി കൂടുന്നതോടെ, ഓഹരി വിലയും ഓഹരികളില്‍ നിന്നുള്ള ആദായവും ഉയരുമെന്ന് നിക്ഷേപകര്‍ കരുതുന്നു.
ഇത്തരം 'ഗ്രോത്ത് ഓഹരി' കമ്പനികള്‍ക്ക് ഉയര്‍ന്ന പ്രൈസ്-ഏണിംഗ് അനുപാതം (P/E Ratio) ഉണ്ടാകും. കറന്റ് ഏണിംഗ്‌സ് (Current Earnings) ഉണ്ടാവണമെന്നില്ല. പേറ്റന്റുകളും ആസ്തികളും മറ്റും പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കാനായി ഉപയോഗപ്പെടുത്തുന്നതിനാലാണിത്. കൈവരിക്കുന്ന ലാഭം ഈ കമ്പനികള്‍ സാങ്കേതികവിദ്യ വിപുലപ്പെടുത്തി, പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനാണ് വിനിയോഗിക്കുക. പേറ്റന്റ് നിലനിറുത്തി, ദീര്‍ഘകാല വളര്‍ച്ചാസ്ഥിരത ഉറപ്പാക്കാനും അവ ഇതുവഴി ശ്രമിക്കുന്നു.
3) മൊമെന്റം ഇന്‍വെസ്റ്റിംഗ്
വളരുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന തന്ത്രമാണിത് (Momentum Investing). നിക്ഷേപ വിലയേക്കാള്‍ ഉയരത്തിലേക്ക് ആ ഓഹരി എത്തുമെന്ന് മൊമെന്റം നിക്ഷേപകര്‍ (Momentum Investors) കരുതുന്നു. ഇത്തരത്തില്‍, പ്രതീക്ഷിക്കാവുന്ന ഏറ്റവും ഉയര്‍ന്ന വിലയില്‍ ഓഹരി എത്തുമ്പോള്‍ വിറ്റൊഴിഞ്ഞ് ലാഭമെടുക്കും.
മൊമെന്റം എന്നാല്‍, ഉയര്‍ന്ന വിലയില്‍ സ്ഥിരത നേടാന്‍ ഓഹരികള്‍ക്കുള്ള ശേഷിയാണ്. ഓഹരിയുടെ ഉയര്‍ന്ന വില ദീര്‍ഘകാലത്തില്‍ സ്ഥിരത കൈവരിക്കുമെന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്നു. ആ ഒരു ട്രെന്‍ഡിനൊപ്പം നിലനിന്ന് ദീര്‍ഘകാലത്തില്‍ ലാഭമെടുക്കാനാകുമെന്നും അവര്‍ കരുതുന്നു.
ഈ നിക്ഷേപത്തിന് ചില സാങ്കേതിക വിശകലനങ്ങള്‍ നിക്ഷേപകര്‍ നടത്താറുണ്ട്. അത് ഓഹരികളുടെ ദിശ സൂചിപ്പിക്കുന്ന സാങ്കേതിക സൂചകങ്ങളാകാം. ഓഹരിയില്‍ എപ്പോള്‍ നിക്ഷേപിക്കണം, നിക്ഷേപത്തില്‍ നിന്ന് എപ്പോള്‍ പുറത്ത് കടക്കണം എന്നിങ്ങനെ അതില്‍ നിന്ന് വിലയിരുത്താനാകും.
4) കണ്‍സെട്രെയിന്‍ ഇന്‍വെസ്റ്റിംഗ്
വിപണിയുടെ ട്രെന്‍ഡിനും മറ്റ് നിക്ഷേപകരുടെ പൊതുവനോഭാവത്തിനും വിരുദ്ധമായ നിലപാടിന്മേലുള്ള നിക്ഷേപമാണ് കണ്‍സ്‌ട്രെയിന്‍ ഇന്‍വെസ്റ്റിംഗ് (Constrain Investing). ഇത്തരം നിക്ഷേപകരാണ് കണ്‍സ്‌ട്രെയിന്‍ നിക്ഷേപകര്‍ (Constrain Investors).
മറ്റുള്ളവര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇവര്‍ ചെയ്യുക നിലവിലെ നിക്ഷേപം വിറ്റൊഴിയുകയായിരിക്കും. മറ്റുള്ളവര്‍ വില്‍ക്കുമ്പോള്‍ ഇവര്‍ വാങ്ങുകയും ചെയ്യും.
കൂടുതല്‍ ആളുകള്‍ ഓഹരിയില്‍ മുന്നേറ്റ പ്രതീക്ഷ വയ്ക്കുമ്പോള്‍ (Optimistic), ആ പ്രതീക്ഷയ്ക്ക് ഒരു അതിര്‍വരമ്പുണ്ടെന്നും ശേഷം ഓഹരികളില്‍ ഇടിവ് തുടരുമെന്നും വിലയിരുത്തി തീരുമാനങ്ങളെടുക്കുന്നവരാണ് കണ്‍സ്‌ട്രെയിന്‍ നിക്ഷേപകര്‍.
അതായത്, മറ്റുള്ളവര്‍ വിറ്റൊഴിയും മുമ്പേ ഇക്കൂട്ടര്‍ ഓഹരികളില്‍ നിന്ന് ലാഭമെടുത്ത് കഴിഞ്ഞിരിക്കും. അതുപോലെ, മറ്റുള്ളവര്‍ വാങ്ങുന്നതിന് ഏറെ മുമ്പേ തന്നെ ഇവര്‍ വാങ്ങിക്കൂട്ടിയിരിക്കും.
ഉദാഹരണത്തിന്, ഒരു ഓഹരി വലിയ തകര്‍ച്ചയിലാണെന്നും അതിന് ഇനി സമീപഭാവിയില്‍ വലിയ കയറ്റത്തിന് സാദ്ധ്യതയില്ലെന്നും മറ്റ് നിക്ഷേപകര്‍ പൊതുവേ കരുതുന്നു എന്നിരിക്കട്ടെ. കണ്‍സ്‌ട്രെയിന്‍ നിക്ഷേപകര്‍ പക്ഷേ, ഇത് ഒരു അവസരമായി കാണും. അതായത്, യഥാര്‍ത്ഥത്തില്‍ വേണ്ടതിനേക്കാള്‍ കുറഞ്ഞ വിലയില്‍ നില്‍ക്കുന്ന ആ ഓഹരി അവര്‍ വന്‍തോതില്‍ വാങ്ങിവയ്ക്കും. ദീര്‍ഘകാലത്തില്‍ ഓഹരി വില കൂടുമ്പോള്‍ മികച്ച ലാഭത്തോടെ വില്‍ക്കുകയും ചെയ്യും.