മാന്ദ്യകാലത്ത് എവിടെ നിക്ഷേപിക്കണം?

Update:2019-09-24 15:36 IST

സാമ്പത്തികമേഖലയില്‍ വെല്ലുവിളികള്‍ ഉയരുന്നു. നാളത്തെ സ്ഥിതി എന്താകുമെന്നറിയാത്ത അനിശ്ചിതത്വത്തിലാണ് നിക്ഷേപകര്‍. മിച്ചം പിടിച്ച് നിക്ഷേപിച്ച തുക സാമ്പത്തികമാന്ദ്യത്തില്‍ ചോര്‍ന്നുപോകുമോ എന്ന ചോദ്യം ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്നു. എന്തായാലും കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തോടെ ഓഹരിവിപണി നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് ഉയരങ്ങളിലേക്ക് കുതിച്ചു. വിപണിയുടെ അവസ്ഥ കണ്ട് ഭയപ്പാടോടെ നേരത്തെ എസ്.ഐ.പികള്‍ നിര്‍ത്തിയ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ നഷ്ടബോധം തോന്നുന്നുണ്ടാകും.

ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്കകള്‍ക്കിടയിലും ഓഹരി വിപണിയിലെ ഈ കുതിപ്പ് നിക്ഷേപകര്‍ക്ക് ചെറുതല്ലാത്ത ധൈര്യം പകര്‍ന്നിട്ടുണ്ട്. ഈ ഉണര്‍വ് എത്രകാലത്തേക്ക് ഉണ്ടാകും എന്ന ആശങ്കകള്‍ക്കിടയിലും.

മാന്ദ്യത്തിനിടയിലും കരുതലോടെ നിക്ഷേിപിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. മാന്ദ്യകാലത്ത് ഒരു ലക്ഷ്യം വെച്ച് അതിനനുസരിച്ച് നീങ്ങുന്ന നിക്ഷേപമന്ത്രമാണ് പിന്തുടരേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. ഏതൊക്കെയാണ് സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങള്‍:

1. സ്വര്‍ണ്ണം

സാമ്പത്തികമാന്ദ്യമുണ്ടാകുമ്പോള്‍ സ്വര്‍ണ്ണം എക്കാലത്തെയുംകാള്‍ കൂടുതല്‍ ശോഭിക്കുന്നത് കാണാം. കഴിഞ്ഞ 6-8 മാസം കൊണ്ട് സ്വര്‍ണ്ണവിലയിലുണ്ടായ ഉയര്‍ച്ച ഇതിന് തെളിവാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 18.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ ഗോള്‍ഡ് കോയ്ന്‍, ബാര്‍ പോലുള്ള യഥാര്‍ത്ഥ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപത്തില്‍ പണിക്കൂലിയും പണിക്കുറവുമൊക്കെ അടങ്ങിയിരിക്കുന്നതുകൊണ്ട് അത് നല്ലൊരു നിക്ഷേപമായി കണക്കാനാകില്ല. ഗോള്‍ഡ് ബോണ്ടുകളും ഗോള്‍ഡ് ഇറ്റിഎഫുകളുമാണ് പരിഗണിക്കേണ്ടത്. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ 10-15 ശതമാനം സ്വര്‍ണ്ണത്തിനായി മാറ്റിവെക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

2. ഇക്വിറ്റി ഫണ്ടുകള്‍

ഓഹരിവിപണി താഴേക്കുപോകുന്ന സാഹചര്യം അത് വാങ്ങാനുള്ള സമയമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും വിപണി താഴേക്കുപോകുമ്പോള്‍ ആശങ്കാകുലരായി പലരും എസ്.ഐ.പികള്‍ നിര്‍ത്തുന്നു. അത് ഒരിക്കലും പാടില്ല. കാരണം എസ്‌ഐപികളുടെ ലക്ഷ്യം തന്നെ അതാണ്. അതായത് താഴേക്കുപോകുന്ന വിപണിയില്‍ നേട്ടമുണ്ടാക്കുകയെന്നത്. നിങ്ങളുടെ ഫണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്ല പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കില്‍ അത് നിര്‍ത്തി നല്ല പ്രകടനം കാഴ്ചവെക്കുന്ന ഫണ്ടിലേക്ക് മാറ്റാം. കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന മിഡ്-സ്മാള്‍ കാ്പ്പ് വിഭാഗത്തില്‍ നിക്ഷേപിക്കാന്‍ ഇത് നല്ല അവസരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

3. റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. വലിയ നഗരങ്ങളില്‍പ്പോലും ഇടപാടുകള്‍ നടക്കുന്നില്ല. പല വലിയ പ്രോജക്റ്റുകളും പാതിവഴിയില്‍ കിടക്കുന്നു. വില താഴ്ന്നിരിക്കുന്ന സമയം എന്ന രീതിയില്‍ ഈ രംഗത്ത് നിക്ഷേപിക്കാന്‍ ഇത് നല്ല അവസരമാണ്. എന്നാല്‍ വാങ്ങുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണം. സ്ഥലം അല്ലെങ്കില്‍ ഫ്‌ളാറ്റ് വാങ്ങുന്നതിന് മുമ്പ് ഈ രംഗത്തെ പരിചയസമ്പന്നരായ അഭിഭാഷകരുടെ സഹായം തേടാം.

4. ഡെബ്റ്റ് ഫണ്ട്

വിപണിയിലെ ഉയര്‍ച്ചയും താഴ്ചയും നിങ്ങളെ ഏറെ പേടിപ്പെടുത്തുന്നുണ്ടെങ്കില്‍ ഡെബ്റ്റ്, ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മതി. ഇവയ്ക്ക് താരതമ്യമേന റിസ്‌ക് കുറവായിരിക്കും. അതുകൊണ്ടുതന്നെ നേട്ടം മറ്റുള്ളവയെക്കാള്‍ അപേക്ഷിച്ച് കുറയും. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇവയെ കാര്യമായി ബാധിക്കില്ലെന്നതാണ് നേട്ടം.

5. ഓഹരികള്‍

കരുതലോടെ നീങ്ങി ഏത് തകര്‍ച്ചയില്‍ നിന്നും നേട്ടമുണ്ടാകുന്ന ചില നിക്ഷേപകരുണ്ട്. ആരോഗ്യസംരക്ഷണം, യൂട്ടിലിറ്റീസ്, കണ്‍സ്യൂമര്‍ ഗുഡ്‌സ് തുടങ്ങിയ മേഖലകളാണ് മികച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മേഖലയെന്ന് എടുക്കാതെ കമ്പനികളെക്കുറിച്ച് പഠിക്കണം. ഉദാഹരണത്തിന് കണ്‍സ്യൂമര്‍ മേഖലയിലുള്ള ചില കമ്പനികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നോര്‍ക്കണം. നിങ്ങള്‍ക്ക് ഓഹരിവിപണിയെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലെങ്കില്‍ ഏറെ കരുതലോടെ നീങ്ങണം. അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇനി ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപിക്കണം എന്നാണെങ്കില്‍ ഈ മേഖലയിലെ പ്രൊഫഷണലുകളുടെ സഹായം തേടുക.

Similar News