സമ്പന്നരാകാന്‍ ഏത് മാര്‍ഗമാണ് നിങ്ങള്‍ക്ക് അനുയോജ്യം; ഇതാ താരതമ്യം ചെയ്ത് നോക്കാം
ശരിയായ സമയത്ത് ശരിയായ രീതിയില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ വിനിയോഗിച്ചാല്‍ നിങ്ങള്‍ക്കും സമ്പന്നരാകാം. താരതമ്യം ചെയ്ത് നോക്കണമെന്നുമാത്രം. ഇതാ വിവിധ നിക്ഷേപങ്ങളെക്കുറിച്ച് ഇപ്പോള്‍ അറിയേണ്ട കാര്യങ്ങള്‍.
കുറച്ചധികം പണം കയ്യില്‍ വന്നാല്‍ അപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങാനും ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനുമൊക്കെയാണ് പലരും തിടുക്കം കാണിക്കുന്നത്. സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാത്തകുകൊണ്ടും വിവിധ നിക്ഷേപ പദ്ധതികളിലുളള അജ്ഞതകൊണ്ടും ബാങ്കിലും സ്വര്‍ണത്തിലും വസ്തുവിലും നിക്ഷേപിച്ച് സംതൃപ്തിയടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
ലഘു സമ്പാദ്യപദ്ധതികളും ബാങ്ക് നിക്ഷേപവുമാണ് മുന്‍തലമുറ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആദായത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുകൊണ്ടാണ് ഓഹരികളെക്കാള്‍ സുരക്ഷിതമായി ഈ പദ്ധതികളെ പൊതുജനം കയ്യുംനീട്ടി സ്വീകരിച്ചത്. ഓഹരിവിപണിയിലൂടെ പണം നേടുന്ന പദ്ധതികളോട് എല്ലാവര്‍ക്കും തുറന്ന മനോഭാവമില്ല.
വ്യക്തമായ ധാരണയും ലക്ഷ്യവുമില്ലാതെ ഓഹരിയില്‍ നിക്ഷേപിച്ച് പലരുടെയും കൈപൊള്ളിയെന്നത് വാസ്തവമാണ്. സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം സമ്പന്നനാകാനാവില്ലെന്നകാര്യമാണ് ഇത്തരക്കാര്‍ ഓര്‍ക്കേണ്ടത്. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ സ്ഥിര നിക്ഷേപ പദ്ധതികളോ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതോ സമ്പന്നനാക്കില്ല എന്നതാണ് അറിയേണ്ടത്. ഈ അവസരത്തില്‍ വിവിധ സ്വത്ത് സമ്പാദന മാര്‍ഗങ്ങളെ മനസ്സിലാക്കാം. ഇവ മനസ്സിലാക്കി നിങ്ങള്‍ക്കനുയോജ്യമായവയുടെ പോര്‍ട്ട്‌ഫോളിയോ തെരഞ്ഞെടുത്താല്‍ സമ്പന്നരാകാം.
റിയല്‍ എസ്റ്റേറ്റ്
ഒരുകാലത്ത് വസ്തുവില്‍ നിക്ഷേപിക്കുന്നവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറി. മിനിമം 50 ലക്ഷം രൂപയില്ലാതെ കേരളത്തില്‍ എവിടെയെങ്കിലും റീസെയില്‍ മൂല്യമുള്ള അഞ്ചുസെന്റ് സ്ഥലം ലഭിക്കുമോ? എന്നാല്‍ ഓഹരിയിലെ നിക്ഷേപം റിയല്‍ എസ്റ്റേറ്റിനേക്കാള്‍ നിരവധി കാര്യങ്ങളില്‍ മികവുപുലര്‍ത്തുന്നതായി ഓഹരി വിദഗ്ധര്‍ പറയുന്നു. വരുമാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുതാര്യത, നികുതി, പണമാക്കല്‍ മുതലായവ ശ്രദ്ധിച്ചാല്‍ അതു ബോധ്യമാകും.
സ്വര്‍ണം
ഇന്ത്യക്കാരുടെ ഇടയില്‍ ഏറ്റവുമധികം സ്വര്‍ണസമ്പാദ്യമുള്ള നിക്ഷേപങ്ങളിലൊന്നാണ് കേരളം. കയ്യില്‍ ആഭരണമായി ഇരിക്കുന്ന സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരു മികച്ച നിക്ഷേപമാണോ. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ അതില്‍നിന്ന് വരുമാനം(ലാഭവിഹിതം പോലെ)ഒന്നുംലഭിക്കുന്നില്ല. അതുമാത്രമല്ല ഫിസിക്കല്‍ രൂപത്തില്‍ (നാണയമോ, ആഭരണമോ ആയി)സൂക്ഷിക്കുകയാണെങ്കില്‍ അതിന് ചെലവുമുണ്ട്. വീട്ടില്‍ സൂക്ഷിച്ചാല്‍ അപകട സാധ്യതയുമേറെ. രാജ്യങ്ങളുടെ വളര്‍ച്ച കുറഞ്ഞ് പ്രതിസന്ധിനേരിടുമ്പോഴാണ് സ്വര്‍ണം മുന്നേറുന്നത്. അത് കൊണ്ട് തന്നെയാണ് നാം കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലെ സ്വര്‍ണവിലക്കയറ്റം കണ്ടത്.
എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ രാജ്യത്തിന്റെ ധനക്കമ്മി വര്‍ധനയ്ക്കാണ് വഴിവയ്ക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സ്വര്‍ണ ഇറക്കുമതി കൂടി വര്‍ധിക്കുന്നതിനാലാണ് ധനക്കമ്മി കൂടാനിടയാകുന്നത്. ഈ സാഹചര്യത്തിലല്‍ സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനായി ഗോള്‍ഡ് ബോണ്ടുപോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചെങ്കിലും ഇനിയും ജനങ്ങള്‍ അത് പൂര്‍ണണായും സ്വീകരിച്ചിട്ടില്ല.
ഡെറ്റും ഇക്വിറ്റിയും തിരിച്ചറിയാം
ഡെറ്റിനെ കടമെന്നും ഇക്വിറ്റിയെ ഉടമസ്ഥാവകാശമെന്നും വേര്‍തിരിക്കാം. ഒരു ഡെറ്റ് ഇന്‍സ്ട്രമെന്റില്‍ (കടപ്പത്രം പോലുള്ളവ) നിക്ഷേപിക്കുന്നതിലൂടെ, പലിശയ്ക്ക് വായ്പ നല്‍കുന്നയാള്‍ക്ക് കടമായി പണം നല്‍കുകയാണ് ചെയ്യുന്നത്. ബാങ്കില്‍ എഫ്ഡിയിടുന്നവരും ഇതേ കാര്യമാണ് ചെയ്യുന്നത്. നിക്ഷേപിക്കുന്ന തുക കൂടിയ പലിശയ്ക്ക് വായ്പ കൊടുത്ത് ബാങ്കുകള്‍ ആദായം നേടുന്നു. കടമായി പണം നല്‍കുമ്പോള്‍ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാനാവില്ലെന്ന കാര്യം മറക്കുക.ാണിവിടെ. എന്നാല്‍ ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ബിസിനസില്‍ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അതായത് കമ്പനിയുടെ ഉടമയാകുന്നുവെന്നര്‍ഥം. ബിസിനസ് നന്നായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ലഭിക്കുന്ന വരുമാനത്തിന് ഉയര്‍ന്ന പരിധിയൊന്നുമില്ല. നിക്ഷേപം പലമടങ്ങായി വര്‍ധിപ്പിക്കാന്‍ ഓഹരി നിക്ഷേപത്തിന് കഴിയും. എന്നാല്‍ ശരിയായ ഓഹരികള്‍ വ്യക്തിഗതമായി വിദഗ്ധ നിര്‍ദേശത്തോടെ തെരഞ്ഞെടുക്കണം.
കൊമ്മോഡിറ്റി മാര്‍ക്കറ്റ്
ലോഹങ്ങള്‍, എണ്ണ, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് കൊമ്മോഡിറ്റി വിപണി കൈകാര്യം ചെയ്യുന്നത്. വ്യക്തിഗത നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഡെറിവേറ്റീവുകള്‍ കൈകാര്യം ചെയ്യുന്നത് സങ്കീര്‍ണവും അപകടകരവുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനു മുമ്പ് അവ നിങ്ങള്‍ക്ക് കനത്ത നഷ്ടം നല്‍കിയേക്കാം. കറന്‍സി ഫ്യൂച്ചറും ഏറെക്കുറെ അതുപോലെതന്നെയാണ്.
എന്ത്‌കൊണ്ട് ഓഹരി
സമ്പത്ത് സൃഷ്ടിക്കാനുള്ള ഒരു പ്രായോഗിക മാര്‍ഗമായി ഓഹരി നിക്ഷേപത്തെ കാണുന്ന നിരവധി പേരുണ്ട്. അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കാനായാല്‍ ഭാവനയില്‍ കാണുന്നതിലുമപ്പുറമുള്ള നേട്ടം സ്വന്തമാക്കാാന്‍ കഴിഞ്ഞേക്കും. എന്നാല്‍ യഥാസമയത്തെ നിക്ഷേപവും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റും നടത്തണമെന്നു മാത്രം. ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റെ വഴിതേടുകയുമാകാം. എസ്‌ഐപികളും മികച്ച നിക്ഷേപ മാര്‍ഗമാണ്.
(വിവരങ്ങള്‍ക്ക് കടപ്പാട് : പ്രിന്‍സ് ജോര്‍ജ്, ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്റര്‍)