മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിൽ തിളങ്ങി വനിതകൾ; കൂടുതൽ ഈ പ്രായക്കാർ

40 ശതമാനം വനിതാ നിക്ഷേപകരുമായി മുന്നിൽ ഗോവ

Update:2024-03-13 08:17 IST

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ സ്ത്രീകളുടെ താല്‍പ്പര്യം വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തില്‍ നിന്ന് 2023-ല്‍ 20.9 ശതമാനമായി ഉയര്‍ന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) ഡാറ്റ ഉപയോഗിച്ച് ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രീതിയിലെ വനിതകളുടെ ശാക്തീകരണം, ഓഹരി വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള കൂടിയ താല്‍പര്യം എന്നിവയാണ് ഇത് സൂചിപ്പിക്കുന്നത്.

കൂടുതലും ചെറുപ്പക്കാർ 

മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 50 ലക്ഷം കോടി രൂപ കടന്നപ്പോള്‍ വനിതകളുടെ സാന്നിധ്യവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്. ബി-30 വിഭാഗത്തില്‍ പെട്ട പട്ടണങ്ങളില്‍ വനിതാ നിക്ഷേപകരുടെ പങ്കാളിത്തം 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും അവരുടെ ആസ്തികള്‍ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. വനിതാ നിക്ഷേപകരില്‍ പകുതിയോളവും 25-44  വയസിനിടയിലുള്ളവരാണ്.

വനിതാ നിക്ഷേപകര്‍ 40 ശതമാനമുള്ള ഗോവയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 30 ശതമാനവുമായി വടക്കു കിഴക്കന്‍ മേഖല രണ്ടാം സ്ഥാനത്തുമുണ്ട്.

ഡിസ്ട്രിബ്യൂട്ടര്‍മാരുടെ എണ്ണവും കൂടി 

മ്യൂച്വല്‍ ഫണ്ട് രംഗത്തെ വനിതാ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ 42,000 രജിസ്ട്രേഷനുകളാണ് ഇവിടെയുള്ളത്.

പരമ്പരാഗത രീതികളില്‍ തുടരാത്ത വനിതാ നിക്ഷേപകര്‍ ഈ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴി തെളിക്കുമെന്ന് മ്യൂച്വല്‍ ഗ്രോത്ത് എന്ന പേരിലുള്ള റിപോര്‍ട്ട് പുറത്തിറക്കവെ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു. 

Tags:    

Similar News