പുതിയ വാരത്തില്‍ നേട്ടത്തോടെ സൂചികകള്‍; ബാങ്ക്, മെറ്റല്‍ ഓഹരികള്‍ മുന്നേറി

കോവിഡ് വാക്‌സിനെ കുറിച്ചുള്ള പ്രതീക്ഷയും യുഎസ് ഉത്തേജക പാക്കേജ് സൂചനകളും നിക്ഷേപകരെ സ്വാധീനിച്ചു. കേരള കമ്പനികളില്‍ അപ്പോളോയും എവിടിയും ഉള്‍പ്പെടെ ഭൂരിഭാഗം ഓഹരികളും നേട്ടത്തില്‍

Update: 2020-10-19 12:38 GMT

പുതിയ വാരത്തിലെ ആദ്യ വ്യാപരദിനത്തില്‍ ഓഹരി സൂചികകള്‍ മുന്നേറി. സെന്‍സെക്‌സ് 449 പോയ്ന്റ് ഉയര്‍ന്ന് 40,432 ലും നിഫ്റ്റി 111 പോയ്ന്റ് ഉയര്‍ന്ന് 11,876 ലാണ് ക്ലോസ് ചെയ്തത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മികച്ച പാദഫലങ്ങള്‍ മറ്റു ബാങ്ക് റിസള്‍ട്ടുകളിലും പ്രതിഫലിച്ചേക്കാമെന്ന പ്രതീക്ഷയില്‍ ബാങ്ക് ഓഹരികളാണ് വിപണി സൂചികകളെ മുന്നോട്ട് നയിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് പ്രൊഫിറ്റ് 18 ശതമാനം ഉയര്‍ന്ന് 7,513 കോടി രൂപയായി.

വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ എത്തിയേക്കുമെന്നുള്ള പ്രതീക്ഷകളും അമേരിക്കയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തേജക പാക്കേജുകള്‍ ലഭിച്ചേക്കുമെന്ന സൂചനകളും ഇന്ന് നിക്ഷേപകരുടെ സെന്റിമെന്റ്‌സിനെ സ്വാധീനിച്ചു.
കഴിഞ്ഞ 12 ട്രേഡിംഗ് സെഷനുകളില്‍ ഒന്നിലൊഴികെ ബാക്കിയെല്ലാം സെന്‍സെക്‌സ് നിഫ്റ്റി സൂചികകള്‍ മുന്നേറ്റം കാഴ്ചവച്ചിരുന്നു.

എന്‍എസ്ഇയില്‍ 11 സെക്ടറുകളില്‍ ഏഴും ഇന്ന് നേട്ടത്തിലായിരുന്നു. നാല് ശതമാനത്തിലധികം ഉയര്‍ന്ന നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയാണ് നിഫ്റ്റിയെ മുന്നോട്ട് നയിച്ചത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, ധനകാര്യം, എഫ്എംസിജി, റിയല്‍റ്റി സൂചികകല്‍ ഒരു ശതമാനത്തിനും മൂന്നു ശതമാനത്തിനുമിടയില്‍ നേട്ടമുണ്ടാക്കി.
അതേ സമയം, ഓട്ടോ, ഐടി, ഫാര്‍മ സെക്ടറുകള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായിരുന്നു.
ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനം നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

ഫെഡറല്‍ ബാങ്കാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ച കേരള ഓഹരി. വില ഏഴു ശതമാനത്തിലധികം വര്‍ധിച്ച് 56.25 രൂപയായി. നാല് ശതമാനത്തിലധികം നേട്ടവുമായി ഏവിടി തൊട്ടുപിന്നിലുണ്ട്. അപ്പോളോ, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ആസ്റ്റര്‍, എഫ് എ സിടി എന്നീ ഓഹരികള്‍ രണ്ടു ശതമാനം മുതല്‍ മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാത്രമാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസും രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ മണപ്പുറം നേരിയ നേട്ടത്തിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News