ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ ഈ 5 ശീലങ്ങള്‍

Update: 2020-01-14 11:55 GMT

നിങ്ങള്‍ രാവിലെ ഉറക്കമുണരുന്നത് വളരെ ഉന്മേഷത്തോടെയാണെങ്കിലേ നിങ്ങളുടെ അന്നേ ദിവസത്തെ പ്രവര്‍ത്തികളും ഊര്‍ജസ്വലതയോടെ ചെയ്തു തീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയൂ. എങ്ങനെയാണ് നിങ്ങള്‍ക്ക് ഉന്മേഷത്തോടെയാണോ ഉണരുന്നതെന്ന് സ്വയം കണ്ടെത്താന്‍ കഴിയുന്നതെന്നു നോക്കാം. ഉറക്കമുണരുന്ന നേരം കിടക്കയില്‍ നിന്നും വളരെ വേഗത്തില്‍ ബെഡിന് പുറത്തേക്കെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉന്മേഷവാനാണ്. ഉറക്കമുണര്‍ന്നാലും ക്ഷീണിതനായി കിടക്കയില്‍ ഏറെനേരം ഇരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഉന്മേഷക്കുറവുണ്ട് എന്നാണ് മനസ്സിലാക്കാനാകുക. ഉന്മേഷത്തോടെ ഉറക്കമുണരുകയും ഉറങ്ങാന്‍ കിടക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആരോഗ്യവാനാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്ങനെയാണ് തിരക്കുകള്‍ക്കിടയിലും ഉന്മേഷവാനായി ഇരിക്കുക. ഇതിന് നിങ്ങളെ സഹായിക്കുന്ന 5 ശീലങ്ങള്‍ പറയാം.

വ്യായാമം

വ്യായാമം ചെയ്താല്‍ വീണ്ടും ക്ഷീണിതരാകുമെന്നാണ് പലരും കരുതുന്നത്. അതിനാല്‍ ഏറെ ജോലി ചെയ്യേണ്ടി വരുന്ന ദിവസങ്ങളില്‍ പലരും വ്യായാമം ചെയ്യാറില്ല. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം കൂടുകയും എന്‌ഡോര്‍ഫിനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന വ്യായാമങ്ങള്‍ തെരഞ്ഞെടുക്കുക.

അത്താഴം കുറച്ചു മാത്രം

രാത്രി നേരം 'ഹെവി' ആയി ഭക്ഷണം കഴിക്കുന്നവര്‍ക്ക് രാവിലെ ഉണര്‍ന്നാലും ആ ഹെവിനെസ് അനുഭവപ്പെടും. ഉന്മേഷക്കുറവുള്ളവരില്‍ പലരും സാധാരണയായി വിപരീത ദിശയില്‍ ഭക്ഷണം കഴിക്കുന്നവരാണ്. അതായത് ഹെവിയായി കഴിക്കേണ്ട പ്രഭാത ഭക്ഷണം കുറച്ചും മിതമായി കഴിക്കേണ്ട ഉച്ചഭക്ഷണം വളരെ കൂടുതലും തീരെ കുറച്ചു കഴിക്കേണ്ട അത്താഴം വളരെ വൈകി കൂടുതല്‍ കഴിക്കുകയോ ആണ് പതിവ്. എന്നാല്‍ ഈ ശീലം മോശമായിട്ടാണ് ഫലിക്കുക. രാവിലെ കഴിക്കുന്നതിന്റെ പകുതിയളവില്‍ ഉച്ചയ്ക്കും ഉച്ചയ്ക്കത്തേതിന്റെ പകുതി അളവില്‍ വൈകിട്ടും കഴിക്കൂ. എനര്‍ജി പാക്കുകളാകാം. ഒപ്പം ധാരാളം വെള്ളവും കുടിക്കണം.

പ്രഭാതം ക്രിയേറ്റീവ് ആക്കാം

ദിവസം മുഴുവനും നിങ്ങള്‍ എങ്ങനെയായിരിക്കുന്നുവെന്ന് തീരുമാനിക്കുന്നത് പ്രഭാത നേരങ്ങളാണ്. അത്‌കൊണ്ട് തന്നെ നിങ്ങള്‍ രാവിലത്തെ ഒരു ഷെഡ്യൂള്‍ ഉണ്ടാക്കുക. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വ്യായാമം. പഴച്ചാറുകള്‍ അടങ്ങിയ ബ്രേക്കഫാസ്റ്റ്, പത്രം, പുസ്തക വായനയ്ക്കായി 30 മിനിട്ട്, പ്രാര്‍ത്ഥന ഇതൊക്കെ ക്രമീകരിക്കുക. ദിവസം മുഴുവനും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ പ്രൊഡക്റ്റീവ് ആകാന്‍ രാവിലത്തെ ഈ കൃത്യനിഷ്ഠ സഹായിക്കും.

ബെഡിനെ പ്രണയിക്കേണ്ട

ബെഡ് ഉറങ്ങാനുള്ള ഇടമാണ്. പാട്ടു കേള്‍ക്കല്‍, പുസ്തക വായന എന്നിവയെല്ലാം കസേരയിലോ ബാല്‍ക്കണിയിലോ റീഡിംഗ് റൂമിലോ മറ്റോ ക്രമീകരിക്കാം. ഇതൊരു സൈക്കോളജിക്കല്‍ പ്രാക്ടീസ് ആണ്. ഉറക്കം വരാതെ ഏറെ നേരെ ബെഡില്‍ ചെലവിടുന്നവര്‍ക്ക് പിന്നീട് അവരുടെ മൈന്‍ഡ് സെറ്റ് അത്തരത്തില്‍ ക്രമീകരിക്കപ്പെടും. ഉറങ്ങാറാകുമ്പോള്‍ മാത്രം ബെഡില്‍ കിടക്കുക. ഇത് ഉണരാനുള്ള ഉന്മേഷം കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഗ്രീന്‍ ഡയറ്റ്

ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഡയറ്റ് ആണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ നിങ്ങളുടെ എനര്‍ജി ലെവലും അത്തരത്തില്‍ ഉയര്‍ന്ന നിലയില്‍ ആയിരിക്കും. കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, മധുര പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News