കുട്ടികളെ വിജയികളാക്കാം, ഇതാ എളുപ്പമുള്ള 5 വഴികള്‍

Update:2019-07-01 11:00 IST

1. അവര്‍ക്ക് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നല്‍കുക

നിങ്ങള്‍ പറയുന്നത് കുട്ടികള്‍ ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയിലൂടെ കളയുകയാണോ? നിങ്ങളുടെ വാക്കുകള്‍ അവരില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്നുവരില്ല. പകരം അവരില്‍ ഉയര്‍ന്ന ലക്ഷ്യബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകണം. ജീവിതവിജയം നേടുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച് അതില്‍ അവര്‍ക്ക് ആഗ്രഹം ജനിപ്പിക്കണം. അല്ലാതെ വെറുതെ ഉപദേശിച്ചു സമയം കളഞ്ഞിട്ട് കാര്യമില്ല. ഉയര്‍ന്ന പ്രതീക്ഷകള്‍ പകര്‍ന്നുകൊടുക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ മുതിരുമ്പോള്‍ വിജയികളായി മാറുന്നതായി ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി. 15,000 ബ്രിട്ടീഷ് പെണ്‍കുട്ടികളില്‍ 13 മുതല്‍ 24 വരെയുള്ള പ്രായത്തില്‍ 10 വര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് ഇങ്ങനെ കണ്ടെത്തിയത്.

2. കൃത്യമായ രീതിയില്‍ അഭിനന്ദിക്കുക

രണ്ട് രീതിയിലുള്ള അഭിനന്ദനമുണ്ട്. ഒന്ന് അവരുടെ ഉള്ളിലുള്ള കഴിവുകള്‍ക്ക് നല്‍കുന്ന അഭിനന്ദനം. രണ്ടാമത്തെ അഭിനന്ദനം അവരുടെ ശ്രമങ്ങള്‍ക്കുള്ളതാണ്. ഉദാഹരണത്തിന് കഴിവുകള്‍ക്കുള്ള അംഗീകാരം ഇങ്ങനെയാണ്: ഗ്രേറ്റ്! നീ ശരിക്കും സ്മാര്‍ട്ടാണ്! ശ്രമത്തിനുള്ള അംഗീകാരം ഇങ്ങനെയും: ഗ്രേറ്റ്! നീ നന്നായി അദ്ധ്വാനിച്ച് അത് നേടിയെടുത്തല്ലോ!

നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അഭിനന്ദിക്കുമ്പോള്‍ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുക, അവരുടെ കഴിവുകളെയല്ല. അതിന് കാരണം നിങ്ങള്‍ കഴിവുകളെ അഭിനന്ദിക്കുമ്പോള്‍ അത് അവരുടെ നേട്ടമല്ല. മറ്റൊന്ന് അവര്‍ക്ക് അതില്‍ മെച്ചപ്പെടുത്താനായി ഒന്നുമില്ല. പക്ഷെ ശ്രമത്തെ അഭിനന്ദിക്കുമ്പോള്‍ അവര്‍ക്ക് അത് കൂടുതല്‍ ശ്രമിക്കാനുള്ള പ്രോല്‍സാഹനമാകും. ജീവിതത്തില്‍ വിജയിക്കാനുള്ള ഏറ്റവും വലിയ കാര്യമാണത്.

3. അവരെ പുറത്തേക്കിറക്കുക

നിങ്ങള്‍ ഓഫീസില്‍ത്തന്നെ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരാകാം. കുട്ടികളും 6-7 മണിക്കൂര്‍ ക്ലാസ് മുറിയില്‍ത്തന്നെ ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ പുറത്തേക്കിറങ്ങി കളിക്കാന്‍ അവരെ പരമാവധി പ്രോല്‍സാഹിപ്പിക്കുന്നത് നിങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. പുറത്തേക്കിറങ്ങിയുള്ള കളികള്‍ കുട്ടികളെ മൊത്തത്തിലുള്ള വികസനത്തെ സഹായിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

4. അവര്‍ക്ക് വായിച്ചുകൊടുക്കുക

വളരെ വലിയ വിജയം നേടിയവരുടെ കുട്ടിക്കാലത്തെ കുറിച്ച് പരിശോധിച്ചപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അവര്‍ക്ക് വായിച്ചുകൊടുക്കുമായിരുന്നു. വായിക്കുന്നതിനും ഒരു രീതിയുണ്ട്. അവരുടെ ഭാവന വളര്‍ത്തുന്ന രീതിയില്‍ വായിക്കുക. അടുത്തതായി എന്ത് സംഭവിക്കും എന്ന് അവരോട് ചോദിക്കുക. ഇതവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. വായിക്കുന്നതിലൂടെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ചില സന്ദേശങ്ങള്‍ കുട്ടികളിലേക്ക് പരോക്ഷമായി പകരാന്‍ സാധിക്കും.

5. അവര്‍ തനിയെ ചെയ്യട്ടെ

അവരുടെ കാര്യങ്ങളും വീട്ടിലെ ചെറിയ ചെറിയ ജോലികളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് അവരുടെ ഭാവിജീവിതത്തില്‍ ഏറെ പ്രയോജനം ചെയ്യും. ഉദാഹരണത്തിന് കുട്ടികളുടെ പ്രായമനുസരിച്ച് പാത്രം കഴുകുക, ഊണ്‍മേശ വൃത്തിയാക്കുക, അവരുടെ വസ്ത്രങ്ങള്‍ മടക്കിവെക്കുക തുടങ്ങിയ പല കാര്യങ്ങളും ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കാം. അതുപോലെ ചില കാര്യങ്ങളില്‍ അവര്‍ തനിയെ തീരുമാനങ്ങളെടുക്കട്ടെ. ഇത്തരം ചെറിയ ചെറിയ ഉത്തരവാദിത്തങ്ങളാണ് ഭാവിയില്‍ വലിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടിയെ പ്രാപ്തമാക്കുന്നത്.

Similar News