പുറത്തു പോയി ഭക്ഷണം കഴിക്കാം; ₹ 7.76 ലക്ഷം കോടിക്ക്!
യുവാക്കളുടെ ശീലം മാറി; വരുമാന വളര്‍ച്ചയും ഭക്ഷണ രീതി മാറ്റി
വീട്ടില്‍ വിരുന്നുകാര്‍ എത്തുമ്പോള്‍ കോഴിയെ ഓടിച്ചു പിടിച്ച് കറി വെക്കുന്നതൊക്കെ പണ്ട്. ഓണവും ക്രിസ്മസും പെരുന്നാളുമൊക്കെ, പുറത്തു നിന്ന് വിഭവങ്ങള്‍ വീട്ടിലെത്തുന്ന ദിവസങ്ങളായി. പുറത്തു പോയി ഭക്ഷണം കഴിക്കുന്നതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. സുഹൃദ് സല്‍ക്കാരങ്ങള്‍ റസ്‌റ്റോറന്റുകളിലേക്ക് മാറി. സ്വാദിനു പിന്നാലെയാണ് എല്ലാവരും. ഈ ശീലം വളര്‍ന്നു വളര്‍ന്ന് ഹോട്ടല്‍-റസ്‌റ്റോറന്റ് വ്യവസായം 2028 ആകുമ്പോള്‍ വീണ്ടുമൊരു എട്ടു ശതമാനം കൂടി വളര്‍ന്ന് 7.76 ലക്ഷം കോടി രൂപയുടേതാകുമെന്നാണ് പുതിയ പഠനം. ഇപ്പോള്‍ അത് 5.69 ലക്ഷം കോടിയുടേതാണ്.
ഭക്ഷണങ്ങള്‍ പാകം ചെയ്ത് കൊടുക്കുന്ന വിപണിയില്‍ ലോകത്തു തന്നെ മൂന്നാം സ്ഥാനക്കാരായി മാറിയിട്ടുണ്ട് ഇന്ത്യ. ജപ്പാനെ മറിച്ചിട്ടു കൊണ്ടാണിത്. ഈ മേഖലയിലെ അതിവേഗ വളര്‍ച്ചയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. കോവിഡ് സൃഷ്ടിച്ച കെടുതിയുടെ കാലം കഴിഞ്ഞ് കുതിക്കുകയാണ് ഈ വ്യവസായമെന്ന് നാഷണല്‍ റസ്‌റ്റോറന്റസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
85.50 ലക്ഷം പേരുടെ ജീവിതമാര്‍ഗം
അടുത്ത നാലു വര്‍ഷം കൊണ്ട് ശരാശരി എട്ടു ശതമാനം വളര്‍ച്ചയെന്നാണ് കണക്കാക്കുന്നതെങ്കിലും സംഘടിത മേഖലയുടെ കാര്യം വരുമ്പോള്‍ അതല്ല സ്ഥിതി. പ്രതീക്ഷിക്കുന്ന വളര്‍ച്ച 13.2 ശതമാനമാണ്. ഭക്ഷണം പുറത്തുനിന്ന് കഴിക്കുന്നതൊരു പതിവു ശീലമായി മാറാന്‍ കാരണങ്ങള്‍ പലതാണ്. അതിവേഗ നഗരവല്‍ക്കരണം, യുവ ജനസംഖ്യാ വളര്‍ച്ച എന്നിവക്കൊപ്പം വരുമാന വര്‍ധനവും പ്രധാന കാരണമാണ്. വരുമാനമില്ലാതെ ചെലവാക്കാനാവില്ലല്ലോ. 2028 ആകുമ്പോള്‍ 85.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതും ഖജനാവിലേക്ക് 33,809 കോടി രൂപ എത്തിക്കുന്നതുമായ വ്യവസായമായി ഭക്ഷ്യസേവന രംഗം മാറുകയാണ്.