ഐസിസി ലോകകപ്പിൽ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. ഇനിയുള്ള രണ്ടുമാസക്കാലത്തോളം രാജ്യത്തെമ്പാടുമുള്ള ആരാധകരുടെ കണ്ണും കാതും ഈ ടൂർണമെന്റിന് പിന്നാലെയായിരിക്കും. ഇന്ത്യക്കാർക്ക് ക്രിക്കറ്റെന്നാൽ സ്പോർട്സ് മാൻ സ്പിരിറ്റ്, സമർപ്പണ മനോഭാവം, ദൃഢനിശ്ചയം എന്നിവയെ പ്രതിനിധികരിക്കുന്ന ഒരു ഗെയിമാണ്. ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പഠിക്കാൻ ഇതാ 4 സാമ്പത്തിക പാഠങ്ങൾ
1. സംരക്ഷണ കവചമില്ലാതെ കളിക്കളത്തിൽ ഇറങ്ങരുത്
ക്രിക്കറ്റിൽ കളിക്കാർ ഇപ്പോഴും അവരുടെ protective gear ധരിച്ചിരിക്കും. എന്തുകൊണ്ടാണിത്? അപകടം സംഭവിച്ചാൽ കരിയറിനോ ജീവനുപോലുമോ ആപത്തുണ്ടാകും. ഫിനാൻഷ്യൽ പ്ലാനിംഗ് നടത്തുമ്പോൾ നമ്മളും ഇതുപോലെ തന്നെ ചിന്തിക്കണം. നിക്ഷേപങ്ങൾ നടത്തുമ്പോൾ അതിലുൾപ്പെട്ടിട്ടുള്ള റിസ്കിനെതിരെ സംരക്ഷണം നേടണം. ഒരു എമർജൻസി ഫണ്ട്, ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് കവറുകൾ എന്നിവ ഉറപ്പായും നേടണം.
2. ക്ഷമ, മനക്കരുത്ത് ഇവ രണ്ടും കൂടെക്കരുതണം
ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങളും സമ്മർദ്ദം താങ്ങാനാവാതെ പരിശ്രമം ഉപേക്ഷിക്കുന്നതും കളിയിൽ നിന്ന് പെട്ടെന്ന് പുറത്താകാനേ ഉപകരിക്കൂ. ക്ഷമയും മനക്കരുത്തും ഉണ്ടെങ്കിലേ മഹാനായ കളിക്കാരനാകാനാവൂ. നിക്ഷേപങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് വേണ്ടത്. നിക്ഷേപങ്ങൾ നീണ്ട കാലത്തേയ്ക്ക് വേണ്ടിയുള്ളതാവണം. ഇടക്കുണ്ടാവുന്ന അനിശ്ചിതത്വങ്ങളിലും വിപണി ഇടിവിലും പ്രതീക്ഷ കൈവിട്ട് പെട്ടെന്നൊരു തീരുമാനം എടുക്കരുത്.
3. ഒരു കളിക്കാരനെ മാത്രം കണ്ടുകൊണ്ട് കളി മുന്നോട്ടു കൊണ്ടുപോകരുത്.
തന്റെ പൂർവകാല പ്രകടനത്തിന്റെ മികവിൽ ചില കളിക്കാർ എല്ലാവർക്കും പ്രിയങ്കരനായി മാറും. പക്ഷെ ഒരാളെ മാത്രം ആശ്രയിച്ച് ഗെയിം ജയിക്കാൻ കഴിയില്ല. ഒരൊറ്റ സെക്ടറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അതിൽ നിക്ഷേപം നടത്തുന്നതിന് പകരം പല മേഖലകളിലായി പണം നിക്ഷേപിക്കാൻ നിക്ഷേപകർ ശ്രദ്ധിക്കണം.
4. നല്ല തുടക്കം നല്ല സ്കോർ
ക്രിക്കറ്റിൽ ആദ്യ 10 ഓവറിൽ നന്നായി കളിക്കാൻ ചെയ്യാൻ സാധിച്ചാൽ 300 എന്ന സ്കോർ നിഷ്പ്രയാസം എത്തിക്കാം. അതുപോലെതന്നെയാണ് നിക്ഷേപങ്ങളുടെ കാര്യവും. എത്ര നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്ര മികച്ചതായിരിക്കും സമ്പാദ്യവും.