ഇന്ത്യ-പാക് മത്സരത്തിനിടെ പരസ്യം കൊടുക്കണോ? പണം ഒഴുക്കേണ്ടിവരും

Update:2019-06-14 13:25 IST

ജൂൺ 16ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. രണ്ടു ടീമുകളും നേർക്കുനേരെ വരുമ്പോൾ കളിയുടെ ആവേശം ഏറ്റെടുക്കാൻ ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ സ്പോർട്സും തയ്യാറായിക്കഴിഞ്ഞു.

ലോകകപ്പിനായുള്ള 80 ശതമാനം പരസ്യ ഇൻവെന്ററികളും വിറ്റുകഴിഞ്ഞെങ്കിലും ഇന്ത്യ-പാക് മത്സരത്തിനുള്ള ഇൻവെന്ററിയ്ക്ക് 50 ശതമാനം വില കൂട്ടിയിരിക്കുകയാണ് ചാനൽ. അവസാന മിനിറ്റ് പരസ്യ സ്ലോട്ടുകൾക്കാണ് വില കൂട്ടിയത്.

10 സെക്കൻഡ് നീളുന്ന പരസ്യ സ്ലോട്ടിന് 25 ലക്ഷം വരെയാണ് ഇപ്പോൾ നിരക്ക്. 5,500 സെക്കന്റിന്റെ ഇൻവെന്ററിയാണ് സ്റ്റാർ വിൽക്കാൻ വെച്ചിരിക്കുന്നതെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 100 കോടി രൂപയിലധികം നേടാനാവുമെന്നാണ് പ്രതീക്ഷ.

ബണ്ടിൽഡ് പരസ്യങ്ങളിലെ സ്ലോട്ടുകൾക്ക് 10 സെക്കന്ഡിന് 16-18 ലക്ഷം രൂപ വരെയാണ് സ്റ്റാർ മുൻപ് വാങ്ങിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിലാണ് ഇതിനു മുൻപ് ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടത്.

40-ലധികം കമ്പനികളുമായി സ്റ്റാർ കരാർ ഒപ്പിട്ടിട്ടുണ്ട്. ഫോൺ പേ, വൺപ്ലസ്, ഹാവെൽസ്, ആമസോൺ, ഡ്രീം 11, എംആർഎഫ് ടയേഴ്‌സ്, കൊക്കക്കോള, യൂബർ, മോണ്ടെലെസ്, ഓപ്പോ, ഫിലിപ്സ്, സിയറ്റ് ടയേഴ്‌സ്, ഐസിഐസിഐ ലൊംബാർഡ് എന്നിവർ ഇതിലുൾപ്പെടും.

ഏകദേശം 1,200-1,500 കോടി രൂപയോളം ടെലിവിഷൻ പരസ്യത്തിൽ നിന്നും ഹോട്ട്സ്റ്റാർ വഴി 300 കോടി രൂപയും കമ്പനി വരുമാനം പ്രതീക്ഷിക്കുന്നു. 2015 ലോകകപ്പിൽ 700 കോടി രൂപയായിരുന്നു സ്റ്റാർ നേടിയത്. 2500 കോടി രൂപയുടെ പരസ്യവരുമാനമാണ് ഇത്തവണത്തെ ഐപിഎൽ വഴി നേടിയത്.

Similar News