തീപാറും യോർക്കറുകൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബുംറ 

Update: 2019-07-03 11:55 GMT

ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന യോർക്കറുകൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയമുറപ്പിച്ചത് ബുംറയായിരുന്നു. ഒരു ഘട്ടത്തിൽ കൈവിട്ടുപോകുമെന്ന് വിചാരിച്ച മാച്ചിൽ നിർണായകമായത് അവസാന ഓവറുകളിലെ ആ യോർക്കറുകളായിരുന്നു.

ഇന്ത്യയുടെ 'യോർക്കർ സ്പെഷ്യലിസ്റ്റ്' എന്നറിയപ്പെടുന്ന ബുംറ തന്റെ സ്ഥിരതയാർന്ന ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. കഠിന പരിശ്രമമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറയുന്നു.

"നെറ്റ്സിൽ വീണ്ടും വീണ്ടും പരിശീലിക്കും. എത്ര അധികം പരിശീലിക്കുന്നോ, അത്രയും നിങ്ങൾ മികച്ചതാവും. എന്നാൽ ഒരിക്കലും അതിൽ മാസ്റ്റർ ആകാൻ കഴിയില്ല," ബുംറ പറയുന്നു. "നിരന്തരം മെച്ചപ്പെടാൻ ശ്രമിക്കുകയാണ് വേണ്ടത്. ആവർത്തനം പ്രധാനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

നെറ്റ്‌സ് എന്നാൽ ബുംറക്ക് ഒരു ലബോറട്ടറി പോലെയാണ്. "ഓരോ സന്ദർഭവും ഞാൻ നെറ്റ്സിൽ പരീക്ഷിക്കും. പുതിയ ബോളുകൊണ്ടായാലും പഴയതുകൊണ്ടായാലും. അവസാന ഓവറുകളിലെ ബോളും പരീക്ഷിക്കുന്നത് ഇവിടെയാണ്. അങ്ങനെ എല്ലാ ബോക്സുകളും ടിക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെയത് എക്സിക്യൂട്ട് ചെയ്യുന്നതിനുള്ള സമയമായി," ബുംറ പറയുന്നു.

"ഓരോ തവണ ബോൾ ചെയ്യുമ്പോഴും ടീമിന് എന്ത് കോണ്ട്രിബ്യുഷൻ ചെയ്യാനാകുമെന്നാണ് ഞാൻ ചിന്തിക്കാറ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയുമായുള്ള കളി നടക്കുമ്പോൾ വിശ്രമം ആവശ്യമാണോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം ആർക്കും പ്രചോദനം നൽകുന്നതായിരുന്നു: "ഇതെന്റെ ആദ്യ ലോകകപ്പാണ്. ഞാനൊരു അനുവഭ സമ്പത്തുള്ള ബൗളർ ആണെന്ന് എനിക്കു തോന്നിയിട്ടില്ല. എത്ര കളികൾ കളിക്കാനാവുമോ അത്രയും കളിയ്ക്കാനാണ് എനിക്കാഗ്രഹം."

Similar News