ധോണിയെക്കുറിച്ച് ക്രിക്കറ്റ് ലോകം എന്താണിത്ര ചർച്ച ചെയ്യുന്നത്!

Update: 2019-07-11 09:42 GMT

ന്യൂസിലണ്ടിനെതിരെ ഇന്ത്യ പൊരുതിത്തോറ്റെന്നേ നമുക്ക് പറയാൻ കഴിയൂ. രവീന്ദ്ര ജഡേജ – എംഎസ് ധോണി സഖ്യം കാഴ്ചവച്ച പ്രകടനം തോൽവിയിലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒന്നായിരുന്നു. ലോകകപ്പ് സ്വപ്നങ്ങളെല്ലാം മാറ്റി വെച്ച് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് ഒരേയൊരാളെക്കുറിച്ചാണ്. മഹേന്ദ്രസിംഗ് ധോണി. 

എന്താണിവർ ധോണിയെക്കുറിച്ച് ഇത്രയധികം ചർച്ചചെയ്യുന്നത്? ഒന്നല്ല, നിരവധി വാദങ്ങളാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റനെക്കുറിച്ച് മുതിർന്ന ക്രിക്കറ്റ് താരങ്ങളും മാധ്യമങ്ങളും നിരീക്ഷകരും പങ്കുവെക്കുന്നത്. 

  • ഏഴാമതായി ഇറങ്ങിയതിന് പകരം ധോണിയാണ് അഞ്ചാം നമ്പറിൽ എത്തിയിരുന്നതെങ്കിൽ  മൽസരഫലം തന്നെ മാറുമായിരുന്നെന്നാണ് സച്ചിൻ ടെണ്ടുൽക്കർ അഭിപ്രായപ്പെട്ടത്. ധോണിയെ ബാറ്റിങ് ലൈനപ്പിൽ താഴേയ്ക്കു മാറ്റിയത് തന്ത്രപരമായ പിഴവു തന്നെയാണെന്ന് വി.വി.എസ്. ലക്ഷ്മണും അഭിപ്രായപ്പെട്ടു. 
  • ധോണി പുറത്തായ പന്ത് നോബോൾ ആയിരുന്നെന്നും ആരോപണങ്ങളുണ്ട്.  പന്തെറിയുന്നതിന് മുമ്പ് ഫീൽഡിങ് സംബന്ധിച്ച് കാണിച്ച ഗ്രാഫിക്സിൽ സർക്കിളിന് പുറത്ത് ആറ് ഫീൽഡർമാർ ഉണ്ടായിരുന്നു. ആ സമയത്ത് അഞ്ച് ഫീൽഡർമാരെ മാത്രമാണ് സർക്കിളിന് പുറത്ത് അനുവദിക്കുന്നത്.  എല്ലാതവണത്തേയും പോലെ ധോണിയുടെ ഫിനിഷിങ് മികവ് ഇന്ത്യയെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ആ റണൗട്ട്.  
  • ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്നതാണ് മറ്റൊരു ചർച്ച. എന്നാൽ ഇതേക്കുറിച്ച് ധോണി തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ചോദ്യങ്ങൾക്ക് മറുപടിയായി വിരാട് കോലി പറഞ്ഞത്. 

ഈ ലോകകപ്പിൽ നിരവധി വിമർശനങ്ങളാണ് ധോണി നേരിട്ടത്. ഡോട്ട് ബോളുകൾ കൂടുതൽ കളിക്കുന്നു, സ്ട്രൈക്ക് റേറ്റ് പോരാഎന്ന ആക്ഷേപങ്ങൾ പോരാതെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന്റെ ആത്മാർഥത കൂടി ചോദ്യം ചെയ്യപ്പെട്ടു. ധോണിയെ വിമർശിച്ച പലരും ഇപ്പോൾ ക്യാപ്റ്റനും കൊച്ചിനുമെതിരെ തിരിഞ്ഞിരിക്കുകയാണെന്നതാണ് മറ്റൊരു കാര്യം. 

സെമിഫൈനൽ തോൽവിക്ക് ശേഷം വിരാട് കോലി പറഞ്ഞ ഒരു വാചകം വളരെ പ്രസക്തമാണ്. ടൂർണമെന്റ് മുഴുവനും നന്നായി കളിച്ചിട്ട്, വെറും 45 മിനിറ്റത്തെ മോശം പ്രകടനം നിങ്ങളെ ആ ടൂർണമെന്റിൽ നിന്ന് പുറത്താക്കുന്നത് അത്യധികം നിരാശയുണ്ടാക്കുന്ന കാര്യമാണെന്നായിരുന്നു കോലി പറഞ്ഞത്.

Similar News