പുതിയ ഈ-കോമേഴ്‌സ് നയം: താരങ്ങൾക്ക് തലവേദനയാകും

Update:2019-01-24 17:17 IST

വിദേശ നിക്ഷേപ (FDI) ചട്ടങ്ങളിലെ പഴുതുകൾ അടക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയങ്ങൾ ഫെബ്രുവരി ഒന്നുമുതൽ നടപ്പിലാക്കുമ്പോൾ നഷ്ടം നേരിടുക ഈ-കോമേഴ്‌സ് വമ്പൻമാർക്ക് മാത്രമല്ല! ഹൃതിക്ക് റോഷൻ, ആലിയ ഭട്ട്, ദീപിക പദുകോൺ, സെയ്‌ഫ് അലി ഖാൻ തുടങ്ങിയ മുൻനിര ബോളിവുഡ് താരങ്ങൾക്കുകൂടിയാണ്.

കരണമെന്തെന്നോ? ഇവരുടെയെല്ലാം സ്വന്തം ഫാഷൻ ബ്രാൻഡുകളിൽ മിന്ത്ര , ജബോങ്, ഫ്ലിപ്കാർട്ട് എന്നീ പ്ലാറ്റ് ഫോമുകൾക്ക് ഓഹരി പങ്കാളിത്തമുണ്ട്.

ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി & പ്രൊമോഷൻ (ഡിഐപിപി) പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ അനുസരിച്ച് ഇ-കോമേഴ്‌സ് കമ്പനികൾക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉൽപന്നങ്ങൾ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വിൽപന നടത്താൻ പാടില്ല.

അങ്ങനെ വരുമ്പോൾ തങ്ങൾക്ക് പങ്കാളിത്തമുള്ള താരങ്ങളുടെ ഫാഷൻ ബ്രാൻഡുകളും അവർക്ക് വിൽപന നടത്താൻ പറ്റാതെ വരും.

സെയ്‌ഫ് അലി ഖാന്റെ 'ഹൗസ് ഓഫ് പടൗഡി', ഹൃതിക് റോഷന്റെ HRX, ദീപികയുടെ 'ഓൾ എബൗട്ട് യു', ആലിയ ബട്ട് ഫോർ ജബോങ് എന്നീ ബ്രാൻഡുകളുടെ ഭാവി ഇതുമൂലം ഇപ്പോൾ അനിശ്ചിതത്വത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഫെബ്രുവരി ഒന്നിന് മുൻപ് തങ്ങൾക്ക് ഈ ഫാഷൻ ബ്രാന്ഡുകളിലുള്ള ഓഹരി വിൽക്കാതെ മറ്റു മാർഗങ്ങളില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സൽമാൻ ഖാൻ, വിരാട് കോലി, സോനം കപൂർ എന്നിവരുടെ ബ്രാൻഡുകൾക്ക് ഇ-കോമേഴ്‌സ് കമ്പനികളുമായി ഓഹരി പങ്കാളിത്ത കരാർ ഇല്ലാത്തതിനാൽ പ്രശ്നമുണ്ടാകില്ല.

കൂടുതൽ വായിക്കാം: ഓൺലൈൻ വിൽപനക്ക് കടിഞ്ഞാണിട്ട് സർക്കാർ

Similar News