'പിഎം നരേന്ദ്ര മോദി' പെരുമാറ്റചട്ടം ലംഘിക്കുന്നുണ്ടോ?

Update: 2019-03-21 11:48 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രം മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് ലഘിക്കുന്നുണ്ടോ? ചോദ്യം ചില രാഷ്ട്രീയ നിരീക്ഷകരുടെയാണ്. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഏപ്രിൽ 5-നാണ് സിനിമ റിലീസ് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ പേരുതന്നെ ടൈറ്റിലാക്കിയ ചിത്രം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമായേക്കാമെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയും അടിയന്തിരാവസ്ഥക്കാലവും, ഗുജറാത്ത് കലാപവുമെല്ലാം പ്രമേയമാക്കിയിട്ടുണ്ട്.

ഒരു സാധാരണക്കാരനിൽ നിന്നും രാജ്യത്തിൻറെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

ചുരുക്കത്തിൽ ഒരു 'പ്രൊപ്പഗാണ്ട' സിനിമയുടെ എല്ലാലക്ഷണങ്ങളും തികഞ്ഞതാണ് 'പിഎം നരേന്ദ്ര മോദി' എന്നാണ് വിമർശകരുടെ പക്ഷം.

പ്രമുഖ ബോളിവുഡ് നടൻ വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ മോദിയായി വേഷമിടുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഒമംഗ് കുമാറാണ് 'പിഎം നരേന്ദ്ര മോദി'യുടെയും സംവിധായകൻ.

ഇത്തരത്തിലുള്ള സിനിമകൾ ഇലക്ഷൻ കമ്മീഷൻ പരിശോധിക്കേണ്ടതാണെന്നാണ് ആക്ടിവിസ്റ്റുകളുടെ വാദം.

വിഷയത്തിൽ നിലവിലുള്ള നിയമമനുസരിച്ച് ഇലക്ഷൻ കമ്മീഷന് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് ഒരു മുൻ ഇലക്ഷൻ കമ്മീഷണനെ ഉദ്ധരിച്ച് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു. ഇത് ഒരു സ്വകാര്യ വ്യക്തി പണം ചെലവിട്ട് നിർമിക്കുന്ന ചിത്രമാണ്. സർക്കാരോ സർക്കാരിന്റെ ഏജൻസികളോ ഇതിൽ പണം മുടക്കിയിട്ടില്ല. അതുകൊണ്ടുതന്നെ കമ്മീഷന് ഇതിൽ ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ആരെങ്കിലും പരാതി ഉന്നയിച്ചാൽ കമ്മീഷന് അത് പരിശോധിക്കേണ്ടി വരുമെന്ന് മറ്റൊരു മുൻ ഇലക്ഷൻ കമ്മീഷണർ പറയുന്നു.

1970 കളിൽ റിലീസായ 'ആന്ധി' ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള സിനിമയാണെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ അത് ഇന്ദിരയ്ക്ക് സ്തുതി പാടുന്ന ചിത്രമല്ലെന്നുള്ള നിരീക്ഷണത്തിലാണ് അവസാനം എല്ലാവരുമെത്തിച്ചേർന്നത്.

രാഷ്ട്രീയ സ്വഭാവമുള്ള സിനിമകളാണ് ബോളിവുഡിൽ ഇപ്പോഴത്തെ ട്രെൻഡ്. ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ, താക്കറെ എന്നിവ ഈയടുത്ത കാലത്ത് റിലീസ് ആയവയാണ്. നസറുദീൻ ഷാ കേന്ദ്ര കഥാപാത്രമാകുന്ന ദി താഷ്കന്റ് ഫയൽസ് മുൻ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കഥ പറയുന്ന മറ്റൊരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഈ ചിത്രം ഏപ്രിൽ 12 നാണ് റിലീസ് ചെയ്യുന്നത്.

'പിഎം നരേന്ദ്ര മോദി' നിർമ്മിക്കുന്നത് സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിലാണ്.

Similar News