ബെംഗളൂരു ഉത്തരഹള്ളിയിലെ ഒരു ചെറിയ വർക്ക് ഷോപ്പാണ് രാം ഭണ്ഡാരിയുടെ ലോകം. നിന്നു തിരിയാൻ പോലും ഇടമില്ലാത്ത ഈ കൊച്ചു ഷോപ്പിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ബാറ്റ് റിപ്പയർ ചെയ്യുന്നതെന്ന് പറഞ്ഞാൽ ആരു വിശ്വസിക്കാൻ!
കോലിയുടെ മാത്രമല്ല ധോണിയുടേയും രോഹിത് ശർമയുടെയും ബാറ്റ് നന്നാക്കുന്നത് രാം ഭണ്ഡാരിയാണ്. തീർന്നില്ല, സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും വിരേന്ദർ സെവാഗും വരെ ബാറ്റ് റിപ്പയർ ചെയ്തിരുന്നത് ഭണ്ഡാരിയുടെ പക്കലാണ്.
"ലോകകപ്പിന് മുൻപ് വിരാട് കോലിയുടെ ബാറ്റ് ഞാൻ നന്നാക്കിക്കൊടുത്തു. വൃത്താകൃതിയിലുള്ള ഹാൻഡിലിനേക്കാളും അദ്ദേഹത്തിന് വേണ്ടത് ഓവൽ ആകൃതിയിലുള്ള ഹാൻഡിലാണ്," രാം ഭണ്ഡാരി പറയുന്നു.
ബീഹാർ സ്വദേശിയായ ഭണ്ഡാരി 1979 ലാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. മരപ്പണിക്കാരനായ അദ്ദേഹം പിന്നീട് ക്രിക്കറ്റ് ബാറ്റുകളിൽ വൈദഗ്ധ്യം നേടുകയായിരുന്നു.
"ഓരോ ബാറ്റും വ്യത്യസ്തമാണ്. ഒരു ബാറ്റിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം ബാലൻസ് ആണ്," ഭണ്ഡാരി പറയുന്നു.
"അതുപോലെ ഓരോ ക്രിക്കറ്റർക്കും വേണ്ട ബാറ്റുകൾ വ്യത്യസ്തമായിരിക്കും. ഞാൻ അവരുടെ ബാറ്റിംഗ് രീതി പഠിക്കും. എന്നിട്ടാണ് ബാറ്റുകൾ തയ്യാറാക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. "ടെണ്ടുൽക്കറിൻറെ ബാറ്റിന്റെ ബാലൻസ് അദ്ദേഹം തന്നെയാണ് പരിശോധിക്കാറ്."
രാഹുൽ ദ്രാവിഡ് അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലയന്റുകളിൽ ഒരാളാണ്. രഞ്ജി ട്രോഫിക്കിടയിലാണ് ദ്രാവിഡിനെ പരിചയപ്പെട്ടത്. അതോടെ നിരവധിപേർ ബാറ്റ് ശരിയാക്കാനായി എത്തിയെന്നും അദ്ദേഹം പറയുന്നു.