സംരംഭകർ കണ്ടിരിക്കേണ്ട ആറ് ബോളിവുഡ് ചിത്രങ്ങൾ

Update: 2018-06-19 05:26 GMT

ഒരു നല്ല പുസ്തകമോ സിനിമയോ പലപ്പോഴും നമ്മുടെ ജീവിതം മാറ്റിമറിച്ചേക്കാം. നമ്മുടെ ലക്ഷ്യങ്ങൾക്ക് കൂടുതൽ മൂർച്ച വരുത്തിയേക്കാം. പ്രതിസന്ധികൾ മറികടക്കാൻ ധൈര്യം നൽകിയേക്കാം. ഒരു സംരംഭം തുടങ്ങാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാനും പ്രചോദനം തരുന്നവയാണവ. അവയിൽ ചിലത്...

1. റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദി ഇയർ

രൺബീർ കപൂർ നായകനായെത്തുന്ന കോമഡി-ഡ്രാമയാണ് റോക്കറ്റ് സിംഗ്. 2009 ൽ റിലീസ് ചെയ്ത ഈ സിനിമ സംവിധാനം ചെയ്തത് ഷിമിത് അമിൻ ആണ്. വെറും 39 ശതമാനം മാത്രം മാർക്ക് നേടി ഡിഗ്രി പാസായ ഒരു ചെറുപ്പക്കാരൻ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അവഗണന താങ്ങാനാകാതെ പുതിയ സംരംഭം തുടങ്ങി അത് വിജയിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

പഠനരംഗത്തെ മികവല്ല ജീവിത വിജയത്തിന്റെ അളവുകോൽ എന്നാണ് ഈ ചിത്രം നമ്മോടു പറയാൻ ശ്രമിക്കുന്നത്. നായക കഥാപാത്രത്തിന്റെ റിസ്ക് എടുക്കാനുള്ള അഭിവാഞ്ഛ, കൃത്യമായി ടീമംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള കഴിവ്, ഉപഭോക്താക്കളോടുള്ള ആത്മാർത്ഥത എന്നതാണ് ചിത്രം ഉയർത്തിക്കാട്ടുന്ന വസ്തുതകൾ.

2. ത്രീ ഇഡിയറ്റ്സ്

2009 ൽ ആമീർ ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത സിനിമയാണ് ത്രീ ഇഡിയറ്റ്സ്. നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ രീതികളെ ചോദ്യം ചെയ്യുന്ന സിനിമ, ക്ലാസ് മുറികൾക്ക് പുറമേയ്ക്ക് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

3. ഗുരു

2007 ൽ മണിരത്‌നം സംവിധാനം ചെയ്ത ഗുരു ധിരുഭായ് അംബാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. അഭിഷേക് ബച്ചൻ നായക കഥാപാത്രമായ ഗുരുകാന്ത് ദേശായിയായി വേഷമിടുന്നു. വിജയത്തിലേക്കെത്താനുള്ള ഒരാളുടെ തീപാറുന്ന ഉത്സാഹത്തെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ജീവിതത്തിലെ വിഷമഘട്ടങ്ങളൊന്നും അദ്ദേഹത്തിന്റെ ഈ ഉത്സാഹത്തെ ഒട്ടും കുറക്കുന്നില്ല എന്നതാണ് ഒരു സംരംഭകന് ഈ സിനിമയിൽ നിന്ന് പഠിക്കാനുള്ള പാഠം.

4. ബാൻഡ് ബാജാ ബാരാത്

2010 മനീഷ് ശർമ്മ സംവിധാനം ചെയ്ത ബാൻഡ് ബാജാ ബാരാത്തിൽ അഭിനയിച്ചിരിക്കുന്നത് അനുഷ്ക ശർമയും രൺവീർ സിംഗുമാണ്. കോളജ് പഠനം പൂർത്തിയാക്കിയിറങ്ങിയ രണ്ട് പേരും ഒരു വെഡിങ്

പ്ലാനിംഗ് ബിസിനസ് തുടങ്ങുന്നതാണ് കഥ.

ഒരു സ്റ്റാർട്ട് അപ്പ് അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും ബിസിനസ് തുടങ്ങുമ്പോഴുള്ള അവരുടെ മിഥ്യാബോധങ്ങളും ചിത്രത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിനോടുള്ള ആത്മാർത്ഥത, ബിസിനസ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെപ്പറ്റിയും ചിത്രം ചർച്ച ചെയ്യുന്നു.

5. ചക് ദേ ഇന്ത്യ

2007 ൽ ഷിമിത് അമിൻ ഷാരൂഖ് ഖാനെ നായകനാക്കി നിർമ്മിച്ച ചിത്രം ആരിലും ആവേശമുണർത്തുന്നതായിരുന്നു. എല്ലാത്തരം പ്രതിസന്ധികളെയും കുറവുകളേയും മറികടന്ന് ലോക ചാമ്പ്യൻമാരാകുന്ന ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു നല്ല ടീം എങ്ങിനെ കെട്ടിപ്പടുക്കണം ഒരു ടീം ലീഡർ എങ്ങനെയായിരിക്കണം എന്നീ കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. വ്യത്യാസങ്ങൾ മറന്ന്, ലക്ഷ്യത്തിൽ ഉറച്ച് മുന്നോട്ട് നീങ്ങിയാൽ ഒരു നല്ല ടീമിന് നേടാൻ കഴിയാത്തതൊന്നുമില്ലെന്ന് ഈ സിനിമ നമ്മോട് പറയുന്നു.

6. മാൻഛി: ദി മൗണ്ടൈൻ മാൻ

2015 ൽ കേതൻ മെഹ്ത സംവിധാനം ചെയ്ത മാൻഛി സംരംഭകർക്കുള്ള ഒരു സമ്മാനമാണ്. കാരണം തനിച്ച് ഒരു കുന്ന് വെട്ടി അപ്പുറത്തേയ്ക്ക് പാത പണിയുന്ന മാൻഛി നേരിടുന്ന പ്രശ്നങ്ങളും, ഒരു സംരംഭകൻ അയാളുടെ യാത്രയിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും സമാന സ്വഭാവമുള്ളതാണ്.

മനക്കരുത്ത്‌, നിശ്ചയദാര്‍ഢ്യം, ഫോക്കസ് എന്നിവ ലക്ഷ്യം നേടാൻ എങ്ങനെ ഉപയോഗിക്കണം എന്ന് ചിത്രം നമ്മോട് പറയുന്നു. മറ്റുള്ളവർ പരിഹസിച്ചാലും നമ്മുടെ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള പ്രചോദനം നൽകുന്നതാണ് ഈ ചിത്രം.

ഇതുപോലെ അനേകം സിനിമകൾ നമുക്കുണ്ട്. പ്രതിസന്ധികൾ വിജയത്തിലേക്കുള്ള പടികളാണെന്നാണ് ഇവ ഒരേ സ്വരത്തിൽ പറയുന്നത്.

Similar News