ഇന്ത്യയുടെ 2019 ഓസ്കാർ എൻട്രി: ഇല്ലായ്മകളിൽ നിന്ന് ലക്ഷ്യം നേടിയവരുടെ കഥ

Update: 2018-09-24 09:18 GMT

ഇന്ത്യയില്‍നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് റിമാ ദാസിന്റെ ആസാമീസ് ചിത്രം ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ആണ്. പദ്മാവത്, റാസി, ഹിച്ച്ക്കി, ഒക്ടോബർ എന്നിങ്ങനെ 28 സിനിമകളെ പിന്തള്ളിയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സ് 2019 ഓസ്കാറിന്റെ 'മികച്ച വിദേശ ഭാഷാ ചിത്രം' എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 12 അംഗ ജൂറിയാണ് ഇന്ത്യന്‍ ഓസ്‌കാര്‍ എന്‍ട്രിയായി ചിത്രം തെരഞ്ഞെടുത്തത്.

അസമിലെ ഛായാഗാവ് എന്ന ഗ്രാമത്തിലെ പത്തുവയസ്സുകാരിയായ ധനു എന്ന പെൺകുട്ടിയെക്കുറിച്ചാണ് കഥ. ഒരു ഗിറ്റാർ വാങ്ങി സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് തുടങ്ങുക എന്നതാണ് ധനുവിന്റെ ആഗ്രഹം.

ഗിറ്റാർ വാങ്ങുന്നതിനായി കുറച്ച് നാണയത്തുട്ടുകൾ സൂക്ഷിച്ച് വച്ച് തുടങ്ങുമ്പോഴാണ് തിരിച്ചടിയായി പ്രകൃതി ദുരന്തം എത്തുന്നത്. എന്നാൽ അതോടെ ആ സ്വപ്നം വേണ്ടെന്ന് വെക്കാൻ ധനു തയ്യാറല്ലായിരുന്നു.

പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടക്കാനും പ്രതീക്ഷ കൈവിടാതെ, ആരുടെയും സഹായമില്ലാതെ ലക്ഷ്യങ്ങൾ കൈയ്യെത്തിപ്പിടിക്കാനും പെൺകുട്ടി കാണിക്കുന്ന ദൃഢനിശ്ചയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പരിമിതികളെക്കുറിച്ച് മാത്രം ഓർത്ത്, കഴിഞ്ഞുപോയ കാലത്തെ പഴിച്ച് സമയം പാഴാക്കുന്നവർക്ക് ഒരു ഗുണപാഠമാണ് റിമ ദാസിന്റെ ഈ ചിത്രം.

സിനിമയുടെ സംവിധാനം, നിർമ്മാണം, സംഭാഷണം, തിരക്കഥ, ഛായാഗ്രഹണം എല്ലാം റിമാ ദാസ് തന്നെയാണെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. രാജ്യത്തെ 70 ലധികം രാഷ്ട്രീയ, അന്താരാഷ്ട്രീയ ഫിലിം ഫെസ്റ്റിവലുകളിൽ ഇതിനകം ചിത്രം പങ്കെടുത്തുകഴിഞ്ഞു.

Similar News