പ്രിയങ്ക ചോപ്രയുടെ വെഡ്ഡിംഗ്‌ ഗിഫ്റ്റ് രജിസ്ടറി: ഇതിൽ നമുക്കെന്തു കാര്യം? 

Update:2018-12-04 16:04 IST

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിന്റെയും വിവാഹമാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ച. വിവാഹത്തിലെ അതിഥികളെയും ചടങ്ങുകളേയും കുറിച്ചുള്ള വിശേഷങ്ങൾ വിവരിക്കുന്നതിനിടയിൽ പലരും അധികം ശ്രദ്ധിക്കാതെപോയ ഒരു കാര്യമുണ്ട്. പ്രിയങ്കയുടെ വെഡ്ഡിംഗ്‌ ഗിഫ്റ്റ് രജിസ്ടറി.

ദീപികാ പദുക്കോണും രൺവീർ സിങ്ങും വിവാഹ സമ്മാനങ്ങൾ വേണ്ട എന്ന് പറഞ്ഞപ്പോൾ പ്രിയങ്കയും നിക്കും തങ്ങൾക്ക് എന്തൊക്കെ വേണം എന്ന് അതിഥികളോട് അങ്ങോട്ട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. അതിന് ഈ താരജോഡികളെ സഹായിച്ചത് വെഡ്ഡിംഗ്‌ ഗിഫ്റ്റ് രജിസ്ടറിയാണ്. ഇനി എന്താണ് ഈ വെഡ്ഡിംഗ്‌ രജിസ്ടറി എന്ന് പരിശോധിക്കാം.

പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത ഒരുപാട് വസ്തുക്കൾ ഗിഫ്റ്റ് ആയി ലഭിക്കാറുണ്ട്. അത് വീട്ടിലെ ഒരു മൂലയിൽ പൊടിപിടിച്ച് കിടക്കുകയും ചെയ്യും. എന്നാൽ നമുക്കാവശ്യമെന്താണെന്ന് വരുന്നവർക്ക് അറിയാൻ കഴിഞ്ഞാലോ? വധുവിനോ വരനോ വിവാഹ സമ്മാനമായി വേണ്ട സാധനങ്ങൾ ഒരു പട്ടികയായി നിരത്തി അതിഥികൾക്ക് നൽകുന്ന സേവനമാണ് വെഡ്ഡിംഗ്‌ രജിസ്ടറി.

ഇത് തയ്യാറാക്കാൻ പ്രിയങ്ക തെരഞ്ഞെടുത്തത് ആമസോണിനെയാണ്. ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുമായി കൈകോർത്ത് തയ്യാറാക്കിയ രജിസ്ടറിയിൽ പ്രിയങ്ക ആവശ്യപ്പെട്ടത് ഇവയൊക്കെയാണ്. ബെഡ്ഷീറ്റ് സെറ്റ്, ഡിന്നർ പ്ലെയ്റ്റ്, വളർത്തു നായക്ക് ഒരു റെയ്ൻകോട്ട്, ഒഎൽഇഡി ടി.വി, ബാർ കാർട്ട്, ബ്ലെൻഡർ. താല്പര്യമുള്ളവർക്ക് ഇതിൽ നിന്ന് തന്നെ ഗിഫ്റ്റ് പർച്ചേയ്‌സ് ചെയ്യാം.

ഇതൊരു ബിസിനസ് അവസരമല്ലേ!

യു.എസിലും യു.കെയിലും ധാരാളമായി കാണുന്ന ഒന്നാണ് വെഡ്ഡിംഗ്‌ രജിസ്ടറി സേവനങ്ങൾ. വെറും കൈയ്യോടെ ഒരു വിവാഹ വേദിയിൽ കയറിച്ചെല്ലാൻ താല്പര്യമില്ലാത്തവരാണ് ഇന്ത്യക്കാർ. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ പരീക്ഷിക്കാവുന്ന ഒരു ബിസിനസ് ഐഡിയ ആണിത്.

ഇന്ത്യയിൽ വെഡ്ഡിംഗ്‌ രജിസ്ടറികൾ പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ. യെല്ലോ ഡോർ സ്റ്റോർ, സിബോൻഗ, വെഡ്ഡിംഗ്‌ വിഷ് ലിസ്റ്റ് ഡോട്ട് കോം എന്നിവ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചില കമ്പനികളാണ്.

വെഡ്ഡിംഗ്‌ രജിസ്ടറിയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ആവശ്യമുള്ളവ ലിസ്റ്റ് ചെയ്യാം. ഒന്നിലധികം പേർ ഒരേ ഗിഫ്റ്റ് തെരഞ്ഞെടുക്കുമോയെന്ന ആശങ്കയും വേണ്ട. കാരണം ഒരു തവണ ഒരു ഗിഫ്റ്റ് തെരഞ്ഞെടുത്തു കഴിഞ്ഞാൽ അത് ലിസ്റ്റിൽ നിന്ന് മാറ്റും.

വിവാഹത്തിന് മാത്രമല്ല, ഏത് ചടങ്ങിന് വേണ്ടിയും ഈ സേവനം ഉപയോഗിക്കാം. അതിഥികൾക്ക് ഗിഫ്റ്റ് വാങ്ങാൻ പല ഷോപ്പുകളിൽ കയറിയിറങ്ങേണ്ട ആവശ്യവും വരുന്നില്ല.

ഗിഫ്റ്റ് ചോദിച്ച് വാങ്ങുന്നത് നമ്മുടെ നാട്ടിൽ ശീലമില്ലാത്ത ഒരു കാര്യമാണ്. പക്ഷെ ഒരുപാട് ആവശ്യമില്ലാത്ത വസ്തുക്കൾ വീട്ടിൽ കുമിഞ്ഞു കൂടുന്നതിനേക്കാൾ നല്ലതല്ലേ ആവശ്യമുള്ളത് മാത്രം ഗിഫ്റ്റായി ലഭിക്കുന്നത്.

Similar News