വിശ്വരൂപം 2 തീയേറ്ററിൽ: കമലഹാസന് ഈ യുദ്ധം വിജയിച്ചേ തീരൂ 

Update: 2018-08-09 08:27 GMT

എല്ലാവരും കാത്തിരുന്ന കമലഹാസൻ ചിത്രം വിശ്വരൂപം 2 നാളെ തീയേറ്ററുകളിൽ എത്തുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പലതവണ റിലീസ് തീയതി മാറ്റിവക്കേണ്ടി വന്നെങ്കിലും വിജയിക്കാൻ തീരുമാനിച്ചുറച്ച പോലെയാണ് ഈ ബിഗ് ബജറ്റ് ചിത്രം നാളെ വെള്ളിത്തിരയിലെത്തുന്നത്.

കമലഹാസൻ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നിർമ്മിക്കുന്ന വിശ്വരൂപം രണ്ടാം ഭാഗത്തിന് 75 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ ഇപ്പോൾത്തന്നെ സിനിമ 110 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു.

വിശ്വരൂപം 2, 2013 ൽ പുറത്തിറങ്ങിയ അതിന്റെ ആദ്യ ഭാഗം പോലെത്തന്നെ പല വിവാദങ്ങളിലും പെട്ടിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയാണ് കമൽ ഈ ചിത്രം റിലീസിന് കൊണ്ടുവരുന്നത്. ഒരു നടൻ എന്ന നിലക്കും നിർമ്മാതാവെന്ന നിലക്കും കമലിന് വളരെ പ്രധാനമാണ് ഈ പ്രോജക്ടിൻറെ വിജയം.

കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ സിനിമ എന്ന നിലയിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ ഒരു വിലയിരുത്തലുകൂടിയാകും വിശ്വരൂപം 2 ന്റെ വിജയം.

ചിത്രം വിജയിക്കാനുള്ള സാധ്യതയാണ് കൂടുതൽ എന്ന് സിനിമ നിരീക്ഷകർ പറയുന്നു. അതിനുള്ള പ്രധാന ഘടകങ്ങൾ ഇവയാണ്.

  • ആദ്യ ഭാഗത്തിന്റെ വിജയം തന്നെയാണ് രണ്ടാമത്തേതിന്റെ വിജയത്തിന് അനുകൂലമായ ഒരു ഘടകം. ഏകദേശം 95 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ആദ്യ ഭാഗം, മൊത്തം 220 കോടി രൂപയാണ് നേടിയത്. തമിഴ്നാട്ടിലെ തീയേറ്ററുകളിൽ ഒരു മാസത്തിൽ കൂടുതൽ നിറഞ്ഞോടിയിരുന്നു.
  • മറ്റൊന്ന്, വിശ്വരൂപം 2 ന് മത്സരം ഇല്ല എന്നുള്ളതാണ്. ദക്ഷിണേന്ത്യയിൽ നിന്നോ ബോളിവുഡിൽ നിന്നോ എന്തിന് ഹോളിവുഡിൽ നിന്നു പോലും ഒരു ബിഗ് ബജറ്റ് സിനിമയും ഇപ്പോൾ ഇറങ്ങാനില്ല.
  • അക്ഷയ് കുമാറിന്റെ ഗോൾഡ്, ജോൺ അബ്രഹാമിന്റെ സത്യമേവ ജയതേ എന്നീ ചിത്രങ്ങൾ ഇറങ്ങുന്നവരെ വിശ്വരൂപത്തിന് തീയേറ്ററുകളിൽ നിറഞ്ഞാടാം. ഇക്കാരണത്താൽ സിനിമയ്ക്ക് പരമാവധി ഷോകളും ലഭിക്കും.

Similar News