കേരളത്തിലെ ടെലിവിഷൻ ചാനൽ രംഗത്തെ മത്സരത്തിന് മാറ്റുകൂട്ടാൻ 'സീ കേരളം' 

Update: 2018-10-26 09:58 GMT

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍) കേരളത്തിലേക്കെത്തുന്നു. 'സീ കേരളം' എന്ന മലയാളം ചാനൽ സീലിന്റെ ദക്ഷിണേന്ത്യയിലെ അഞ്ചാമത്തെ ചാനലാണ്.

'നെയ്‌തെടുക്കാം ജീവിത വിസ്മയങ്ങള്‍' എന്നതാണ് ബ്രാന്‍ഡിന്റെ വാഗ്ദാനം. അസാധാരണ വിധി കുറിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ചുള്ള കഥകളെ മുൻനിർത്തിയാണ് ചാനൽ പ്രവർത്തനം തുടങ്ങുക. നവംബറിൽ ചാനൽ സംപ്രേഷണം ആരംഭിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സീ ദക്ഷിണ മേഖലയില്‍ വലിയ തോതിലുള്ള വളര്‍ച്ച നേടുകയായിരുന്നുവെന്നും സീ കേരളത്തിന്റെ അവതരണത്തോടെ മേഖലയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് ഉറപ്പുണ്ടെന്നും ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍ പറഞ്ഞു.

2005ല്‍ സീ തെലുങ്കുവിലൂടെയാണ് കമ്പനി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചത്. തുടര്‍ന്ന് 2006ല്‍ സീ കന്നടയും 2008ല്‍ സീ തമിഴും 2016ല്‍ സീ സിനിമാലുവും ആരംഭിച്ചു.

സീലിന് ആകെ 38 ആഭ്യന്തര ചാനലുകളും 39 രാജ്യാന്തര ചാനലുകളുമാണുള്ളത്. എച്ച്ഡി ഉള്‍പ്പടെയുള്ള സംപ്രേഷണവുമായിട്ടായിരിക്കും സീ കേരളം എത്തുക.

1993ല്‍ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയ ശേഷം നിരവധി വിനോദ ചാനലുകളാണ് മലയാളത്തില്‍ ആരംഭിച്ചത്. നിലവിൽ കേരളത്തിൽ 35 ലധികം ചാനലുകളുണ്ട്. സീ കൂടി എത്തുന്നതോടെ മത്സരം കടുക്കും.

Similar News