മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഓഫീസ്: പ്രകൃതിയോട് ചേര്‍ന്ന്, മനം മയക്കും നിർമിതി
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ മൗണ്ടാന ഹില്‍സില്‍ പ്രകൃതിയോടൊട്ടി നില്‍ക്കുന്നൊരു കെട്ടിടം കാണാം. കുന്നിന്‍ ചെരിവിനൊപ്പിച്ച് പച്ചപ്പില്‍ പുതഞ്ഞൊരു കെട്ടിടം. ലോകത്തെ ഏറ്റവും വലിയ ജൂവല്‍റി ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡിന്റെ പുതിയ കോര്‍പ്പറേറ്റ് കെട്ടിടമാണത്.
പ്രമുഖ ആര്‍ക്കിടെക്റ്റ് ടോണി ജോസഫിന്റെ ആശയത്തില്‍ വിരിഞ്ഞ കെട്ടിടം, ഏറ്റവും ചൂടു കൂടിയ പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമിട്ട് നില്‍ക്കുകയാണെങ്കിലും പച്ചപ്പില്‍ പൊതിഞ്ഞതിനാല്‍ ചൂട് അകത്ത് എത്തുകയേയില്ല. തെക്കു ഭാഗം പൂര്‍ണമായും ഭൂമിയോട് ചേര്‍ത്ത് പുല്‍ വിരിച്ചിരിക്കുകയാണ്. മലയുടെ സ്വാഭാവിക കയറ്റിറക്കങ്ങള്‍ അതേപടി നിലനിര്‍ത്തി. അതു കൊണ്ടു തന്നെ ഒന്‍പത് നിലകളായുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ടെറസിലേക്ക് കുന്നിന്‍ മുകളില്‍ നിന്ന് നേരിട്ട് പ്രവേശിക്കാം. എന്നു വെച്ചാല്‍ കെട്ടിടത്തിനും കുന്നിനും അതിരിടുന്നതായി ഒന്നുമില്ല.
പ്രകൃതിയോട് ഇത്രയേറെ ചേര്‍ന്നു നില്‍ക്കുന്നതും മനോഹരവുമായ കോര്‍പ്പറേറ്റ് ഓഫീസ് കേരളത്തില്‍ കണ്ടെത്തുക തന്നെ അസാധ്യമായിരിക്കും. സമുദ്ര നിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ പ്രകൃതിരമണീയമായ 150 ഏക്കറില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായാണ് മൗണ്ടാന എസ്റ്റേറ്റ് ഒരുക്കുന്നത്.
പച്ചപ്പിന്റെ സുഖം
രണ്ടു ലക്ഷം ചതുരശ്രയടിയിലാണ് കോര്‍പ്പറേറ്റ് ഓഫീസ്. ഒന്‍പതു നിലകള്‍. ആദ്യത്തെ നാലു നിലകള്‍ പാര്‍ക്കിംഗിന് ഉള്ളതാണ്. അഞ്ചാം നിലയാണ് റിസപ്ഷന്‍. ബാക്കി നിലകളിലായി ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.
റിസപ്ഷനില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പച്ചപ്പ് അനുഭവിച്ചറിയാം. പൂര്‍ണമായും ശീതീകരിച്ചിരിക്കുന്ന കെട്ടിടം അത്യാധുനിക രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത നില ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനായി ഒരുക്കിയിരിക്കുന്നു. ഇവിടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയുമുള്ള അഞ്ച് ക്ലാസ് മുറികളുണ്ട്. 150 ലേറെ പേര്‍ക്ക് താമസിക്കാനും ഇവിടെ സൗകര്യമുണ്ട്. മറ്റു നിലകളില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഓരോ നിലയിലുമുണ്ട്.
രണ്ടു ബ്ലോക്കുകളായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. രണ്ടു ബ്ലോക്കുകളെയും നടപ്പാലം വഴി ബന്ധിച്ചിരിക്കുന്നു. ഇടയില്‍ വരുന്ന കോര്‍ട്ട് യാര്‍ഡിന് മുകളില്‍ സൗരോര്‍ജ പാനലുകള്‍ നിരത്തിയിരിക്കുന്നു. ഓഫീസിലേക്കുള്ള വൈദ്യുതിയുടെ 30 ശതമാനവും ഇതിലൂടെയാണ് ലഭ്യമാക്കുന്നത്.
മുന്‍വശത്ത് ഗ്ലാസ് ചുമരുകളാണ്. അറബിക്കടലോളം നീളുന്ന ദൃശ്യഭംഗിയാണ് ഇതിന്റെ ഹൈലൈറ്റ്. ചെടികള്‍ ധാരാളം ഇവിടെ വെച്ചു പിടിപ്പിച്ചതിനാല്‍ സൂര്യതാപം കാര്യമായി ഏല്‍ക്കില്ല.
വടക്കു ഭാഗത്തെ ചുമരിലാണ് ജനാലകള്‍ ഒരുക്കിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യങ്ങളോടെയുള്ള പ്രധാന ബോര്‍ഡ് റൂമിന് പകരം അഞ്ച് ചെറു ബോര്‍ഡ് റൂമുകളും ഒരുക്കിയിട്ടുണ്ട്.
ഒരുങ്ങുന്നു വില്ലകളും
നിര്‍മാണത്തില്‍ കൃത്രിമ വസ്തുക്കള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. മാര്‍ബിളിന് പകരം സിമന്റ് തറകളാണിവിടെ. ലാന്‍ഡ് സ്‌കേപ്പിന് പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ ശുദ്ധമായ വായു ധാരാളമുണ്ട്. ഏറ്റവും മുകളിലെ ടെറസില്‍ ഒഴിവു സമയങ്ങളില്‍ കാറ്റുകൊണ്ട് വിശ്രമിക്കാന്‍ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.
ഇവിടെ ജോലി ചെയ്യുന്ന 400 ലേറെ ജീവനക്കാര്‍ക്ക് ഭക്ഷണം പൂര്‍ണമായും സൗജന്യമാണ്. ഇതിനായി അത്യാധുനിക രീതിയിലുള്ള കിച്ചന്‍ തയാറാക്കിയിട്ടുണ്ട്. 250 ലേറെ പേര്‍ക്ക് ഇവിടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദിന്റെ ആശയങ്ങളും ആര്‍ക്കിടെക്റ്റ് ടോണി ജോസഫിന്റെ പ്രതിഭയും ഒത്തു ചേര്‍ന്നപ്പോഴാണ് വ്യത്യസ്തമായ ഈ കെട്ടിടം ഒരുങ്ങിയത്. മലബാര്‍ ഡെവലപ്പേഴ്‌സാണ് നിര്‍മാണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി നിരവധി വില്ലകളും തയാറാക്കി വരുന്നുണ്ട്.
ഇന്റര്‍നാഷണല്‍ സ്‌കൂളടക്കം 100 ലേറെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കാനുള്ള തയാറെടുപ്പിലാണ് മലബാര്‍ ഗ്രൂപ്പ്. സുസ്ഥിരമായതും ഊര്‍ജ സംരക്ഷണം പാലിക്കുന്നതും അതേസമയം അത്യാധുനിക സൗകര്യങ്ങളുള്ളതുമായ ഒരു ഓഫീസ് എന്ന ആഗോള തലത്തിലുള്ള സങ്കല്‍പ്പമാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതെന്ന് ടോണി ജോസഫ് പറഞ്ഞു.