ഐസ്ഡ് ഗ്രീന്‍ടീ പുറത്തിറക്കി കൊക്ക-കോള; എലിസബത്ത് രാജ്ഞിക്ക് മോദി സമ്മാനിച്ച അതേ ചായ
ഇനി ബോട്ടിലില്‍ വാങ്ങാം കൊക്കകോളയുടെ ഐസ്ഡ് ഗ്രീന്‍ ടീ
2015ലെ യു.കെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ചത് അവാര്‍ഡ് വിന്നിംഗ് ടീ വെറൈറ്റി ആയ 'മകൈബറി' എസ്‌റ്റേറ്റിലെ (Makaibari tea estate) ഒരു ഡാര്‍ജിലിംഗ് ടീ വെറൈറ്റി ആണ്. സത്യജിത് റേയുടെ കഥാപാത്രമായിരുന്ന 'ഫെലൂദ' കുടിച്ചിരുന്നതും അതേ ചായ തന്നെ. ഇന്ത്യയിലെ തേയിലത്തോട്ടങ്ങളിലെ ഏറ്റവും വിശിഷ്ടമായ ചായയാണ് ഇതെന്ന് കരുതപ്പെടുന്നു.
ഇതേ ചായ ഐസ്ഡ് ഗ്രീന്‍ ടീ ആയി കുപ്പിയിലാക്കി അവതരിപ്പിക്കുകയാണ് കൊക്കകോള. കൊക്കകോളയുടെ ഉപ കമ്പനിയായ ഓണസ്റ്റ് ടീയാണ് (Honest Tea) ഈ ഓർഗാനിക് ഗ്രീന്‍ ടീ വൈവിധ്യവും പുറത്തിറക്കുന്നത്.
2011ലാണ് അമേരിക്കന്‍ കമ്പനിയായ ഓണസ്റ്റ് ടീയെ കൊക്കകോള ഏറ്റെടുത്തത്. ജനങ്ങള്‍ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പാനീയങ്ങള്‍ക്കും മുൻഗണന കൊടുക്കുന്ന ഇപ്പോഴുള്ള ബിസിനസ് ട്രെന്‍ഡ് ആണ് കൊക്കകോളയെയും പുതിയ റെഡി ടു ഡ്രിങ്ക് ഗ്രീന്‍ ടീ ബിസിനസിലേക്ക് എത്തിച്ചതെന്നു കരുതാം.
ബംഗാൾ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റിലാണ് ഐസ്ഡ് ഗ്രീന്‍ ടീ വെറൈറ്റി കമ്പനി പുറത്തിറക്കിയത്. തുളസി-ലെമണ്‍, മാങ്ങാ എന്നിങ്ങനെ ഫ്‌ളേവറിലെ വെറൈറ്റിയിലാണ് ഇത് പുറത്തിറങ്ങുന്നത്.