ദുബൈയില്‍ ഐഫോണ്‍ 16 ഹിറ്റ്, 2,500 ദിര്‍ഹം വരെ അധിക വില
ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ പ്രീമിയം നല്‍കി വാങ്ങാനും തയ്യാര്‍
ആപ്പിള്‍ ഐഫോണ്‍ 16 മോഡലുകള്‍ നേരത്തെ സ്വന്തമാക്കാന്‍ ദുബൈ വിപണിയില്‍ വന്‍ തിരക്ക്. മുന്‍ കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ 2,500 ദിര്‍ഹം വരെ അധിക വില നല്‍കി വാങ്ങാന്‍ മുന്നോട്ടുവരുന്നതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്വന്തം രാജ്യങ്ങളില്‍ എത്തുന്നതിന് മുമ്പ് ഐഫോണ്‍ പുതിയ മോഡല്‍ സ്വന്തമാക്കാനാണ് പ്രവാസികള്‍ ശ്രമിക്കുന്നത്. ഡിമാന്റ് വര്‍ധിച്ചതോടെ നേരത്തെ ബുക്ക് ചെയ്തവര്‍ പ്രീമിയം തുകക്ക് വില്‍പ്പന നടത്താനും തയ്യാറാകുന്നുണ്ട്. റീട്ടെയില്‍ വിലയേക്കാള്‍ 1,500 മുതല്‍ 2,500 ദിര്‍ഹം വരെ അധികമായി നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകുന്നുണ്ടെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു.
ആദ്യ ദിനത്തില്‍ വലിയ തിരക്ക്
കഴിഞ്ഞ ദിവസമാണ് ദുബൈ വിപണിയില്‍ ഐഫോണ്‍ 16 മോഡലുകള്‍ ആപ്പിള്‍ ലോഞ്ച് ചെയ്തത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കുള്ള പരിമിതമായ സ്റ്റോക്കുകളാണ് എത്തിയത്. ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നേരത്തെ ബുക്ക് ചെയ്തവര്‍ മുതല്‍ പ്രീമിയം തുക നല്‍കി വാങ്ങാന്‍ തയ്യാറായവരും സ്റ്റോറുകളില്‍ എത്തിയിരുന്നു. സ്വന്തം രാജ്യങ്ങളില്‍ ഈ മോഡലുകള്‍ എത്താന്‍ വൈകുമെന്നതും കൂടുതല്‍ വിലവരുമെന്നതുമാണ് പ്രീമിയം തുക നല്‍കി ഫോണ്‍ വാങ്ങാന്‍ വിദേശികളെ പ്രേരിപ്പിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഐഫോണ്‍ 16 പ്രോ മാസ്‌ക്‌സ് 512 ജി.ബിക്ക് 2,000 ദിര്‍ഹം അധികമായി നല്‍കി വാങ്ങിയതായി ഉസ്ബകിസ്ഥാന്‍ സ്വദേശിയായ അഹമ്മദ് പറഞ്ഞു. നാട്ടില്‍ ഈ മോഡല്‍ വരാന്‍ വൈകുമെന്നും ദുബൈ വിപണിയിലേക്കാള്‍ 9,500 ദിര്‍ഹം വരെ കൂടുതല്‍ നല്‍കേണ്ടി വരുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പ്രോ മാക്‌സ് മോഡലുകള്‍ പെട്ടെന്ന് ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് മുംബൈ സ്വദേശിയായ കുമാര്‍ പറയുന്നു. ഇന്ത്യയില്‍ ഈ മോഡലുകള്‍ക്ക് വലിയ ഡിമാന്റുണ്ട്. നാട്ടിലേക്ക് കൊണ്ടു പോകാനായി രണ്ട് ഫോണുകളാണ് കുമാര്‍ ബുക്ക് ചെയ്തത്.
ലാഭം മുന്നില്‍ കണ്ടുള്ള ബുക്കിംഗ്
അഞ്ച് ഫോണുകള്‍ വരെ ബുക്ക് ചെയ്തവരുണ്ട്. ബുക്കിംഗ് വിലയില്‍ ലഭിക്കുകയാണെങ്കില്‍ പ്രീമിയം തുകക്ക് വില്‍പ്പന നടത്താന്‍ വേണ്ടിയാണിത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബുക്കിംഗ് വലിയ തോതില്‍ നടന്നു വരുന്നതായി വ്യാപാരികളും പറയുന്നു. കഴിഞ്ഞയാഴ്ച മാത്രം 60 ബുക്കിംഗ് നടന്നതായി ദുബൈ ദേരയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഷരാസ് പറഞ്ഞു. ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ 2.500 ദിര്‍ഹം വരെ പ്രീമിയം തുക ഓഫര്‍ ചെയ്യുന്നുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ഐ ഫോണ്‍ 16 മോഡലുകള്‍ക്ക് ദുബൈ വിപണിയില്‍ 3,400 ദിര്‍ഹം മുതല്‍ 5,100 ദിര്‍ഹം വരെയാണ് വില.