ഹോട്ടലുകളില്‍ ടിപ്പ് നല്‍കാന്‍ മാത്രം കീശയില്‍ പണം കരുതാറുണ്ട്: ട്രംപ്

Update: 2019-09-19 12:30 GMT

ഹോട്ടലുകളില്‍ ടിപ്പ് നല്‍കുന്നത് തനിക്കിഷ്ടമാണെന്നും അതിനാലാണ് കീശയില്‍ പണം കൊണ്ടുനടക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയിലെ ഒരു ചടങ്ങു കഴിഞ്ഞു വിമാനത്തില്‍ മടങ്ങുമ്പോള്‍ ട്രംപിന്റെ പിന്‍ പോക്കറ്റില്‍ നിന്ന് 20 ഡോളര്‍ നോട്ട് താഴെ വീഴാറായി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

തുടര്‍ന്ന് ട്രംപ്, തന്റെ പാന്റിന്റെ വലതുവശത്തെ പിന്‍പോക്കറ്റില്‍ നിന്ന് ഒരു വലിയ പഴ്‌സ് പുറത്തെടുത്ത് എയര്‍ഫോഴ്‌സ് വണ്ണില്‍ തന്നോടൊപ്പം യാത്ര ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരുടെ മുന്നില്‍ വച്ചു. 'ഞാന്‍ ഇത് വളരെക്കാലമായി ഉപയോഗിച്ചിട്ടില്ല ' - അദ്ദേഹം പറഞ്ഞു. ആ പണം എപ്പോഴാണ് ഉപയോഗിക്കുന്നതെന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് ഹോട്ടലുകളില്‍ ടിപ്പ് നല്‍കാന്‍ മാത്രമാണ് കീശയില്‍ പണം താന്‍ കൊണ്ടുനടക്കുന്നതെന്ന വിശദീകരണമുണ്ടായത്.

'ഒരു പ്രസിഡന്റ് അത് ചെയ്യാന്‍ പാടില്ലായിരിക്കാം.എന്തായാലും എനിക്ക് വളരെക്കാലമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടി വന്നിട്ടില്ല .അതിനാല്‍ വാലറ്റ് എടുക്കാറേയില്ല '-ട്രംപ് കൂട്ടിച്ചേര്‍ത്തു

Similar News