എയര്‍ ഇന്ത്യ ലഗേജ് അലവന്‍സ് കുറച്ചു; ആഭ്യന്തര യാത്രക്ക് പുതിയ നിബന്ധനകള്‍
ബിസിനസ് ക്ളാസില്‍ 25 മുതല്‍ 35 കിലോ വരെ ബാഗേജ് അനുവദിച്ചിട്ടുണ്ട്
ആഭ്യന്തര യാത്രയ്ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ്, ഫ്‌ളക്‌സ് എന്നീ മൂന്ന് ഫെയര്‍ വിഭാഗങ്ങളില്‍ കംഫര്‍ട്ട് വിഭാഗത്തില്‍ നേരത്തെ അനുവദിച്ചിരുന്ന 20 കിലോ കാബിന്‍ ബാഗേജിന്റെ സ്ഥാനത്ത് ഇനി മുതല്‍ 15 കിലോയും കംഫര്‍ട്ട് പ്ലസ് വിഭാഗത്തില്‍ നേരത്തെ അനുവദിച്ചിരുന്ന 25 കിലോയുടെ സ്ഥാനത്ത് 15 കിലോയും മാത്രമെ ഇനി അനുവദിക്കുകയുള്ളു. ഫ്‌ളക്‌സ് വിഭാഗത്തില്‍ തുടര്‍ന്നും 25 കിലോ ബാഗേജ് അനുവദിക്കും.
ബിസിനസ് ക്ളാസില്‍ 25 മുതല്‍ 35 കിലോ വരെ ബാഗേജ് അനുവദിച്ചിട്ടുണ്ട്. മിക്ക ആഭ്യന്തര വിമാന സര്‍വീസിലും 15 കിലോ കാബിന്‍ ബാഗേജാണ് അനുവദനീയം.
ഉപഭോക്താക്കളുടെ പ്രതികരണം ലഭിച്ചതില്‍ നിന്നാണ് രണ്ടു ഇക്കോണോമി വിഭാഗത്തിന് ബാഗേജ് അലവന്‍സ് കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ രണ്ടു വിഭാഗങ്ങളുടെ നിരക്കില്‍ ഫ്ലെക്സുമായി ചില റൂട്ടുകളില്‍ 1,000 രൂപയില്‍ അധികം വ്യത്യാസം ഉണ്ട്.
നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനത്തെ ഏറ്റെടുത്ത ശേഷം ടാറ്റാ ഗ്രൂപ്പ് കമ്പനിയെ ലാഭത്തിലാക്കാനുള്ള വിവിധ തന്ത്രങ്ങള്‍ നടപ്പാക്കി വരികയാണ്. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ ഫെയറുകള്‍ എയര്‍ ഇന്ത്യ അവതരിപ്പിച്ചത്.