മലയാളി മങ്കമാര്‍ക്കും ഉലകം ചുറ്റാം

Update: 2019-04-30 07:25 GMT

സ്ത്രീ ശാക്തീകരണത്തിന് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അനു കരണീയ മാതൃകയാണ് കുടുംബശ്രീ. അതിന്റെ വിജയാഘോഷങ്ങള്‍ ഇങ്ങു കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല. നമ്മുടെ സര്‍ക്കാര്‍ കുടുംബശ്രീ നാഷണല്‍ എന്ന ഒരു കണ്‍സള്‍ട്ടന്‍സി തുടങ്ങട്ടെ, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന അഭ്യസ്തവിദ്യരായ ഒരു റിസോഴ്‌സ് ടീം തയ്യാറാകട്ടെ, ഇന്ന് KITCO യും KSIDC യും നല്‍കുന്നതുപോലെ സ്ത്രീശാക്തീകരണത്തെക്കുറിച്ചു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും കോര്‍പ്പറേറ്റകള്‍ക്കും യൂണിവേഴ്‌സിറ്റി കള്‍ക്കും പ്രൊജക്ടുകള്‍ ചെയ്യാം. പ്രൊജക്ട് എക്‌സിക്യൂട്ട് ചെയ്യാന്‍ പോകുന്ന വനിതകള്‍ക്ക് ജോലിയും ഭാരത ദര്‍ശനത്തിനുള്ള അവസരവും ലഭിക്കും.

യുവ IAS ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനവും തുടങ്ങട്ടെ! ഇതിന്റെ പ്രൊജക്റ്റ് അങ്ങ് UN ല്‍ അവതരിപ്പിച്ചു അനുമതി വാങ്ങിയാല്‍ (നമ്മുടെ മുരളി തുമ്മാരുകുടിയുടെ സഹായം ഇതിനു നമുക്ക് തേടാവുന്നതാണ്) ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീക്ക് പ്രൊജക്ട് consultancy നടത്താം. പണ്ട് USAID എന്ന ഒരു സഹായ പദ്ധതി അമേരിക്കന്‍ സായിപ്പ് നടപ്പാക്കിയതിലൂടെ ആയിരക്കണക്കിന് അമേരിക്കക്കാര്‍ ആണ് ഇന്ന് ലോകത്തെല്ലായിടത്തും അവരുടെ പ്രോജക്ടുകള്‍ നടപ്പാക്കുന്നത്. സമീപ ഭാവിയില്‍ കേരള മങ്കമാര്‍ കടല്‍കടന്ന് കുടുംബശ്രീയുടെ തോളിലേറി ലോകസഞ്ചാരം നടത്തുന്ന നാളുകള്‍ വിദൂരത്തല്ല.

ക്രൗഡ് ഫണ്ടിംഗും കിഫ്ബിയും

ഇന്ത്യ മുഴുവന്‍ ഇപ്പൊ തെരഞ്ഞെടുപ്പു ചൂടിലാണ്. ബീഹാറിലെ ബഹുസരായ് മണ്ഡലത്തില്‍ നിന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കനയ്യകുമാര്‍ മത്സരിക്കുന്നു. നാട്ടിലെ ബക്കറ്റു പിരിവൊക്കെ ഒഴിവാക്കി കക്ഷി crowd ഫണ്ടിംഗ് ലൂടെ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിട്ടുള്ള 70 ലക്ഷം രൂപ സമാഹരിക്കാന്‍ ശ്രമിച്ചു. 30 മണിക്കൂറിനുള്ളില്‍ 30 ലക്ഷം രൂപയിലധികം സമാഹരിച്ചപ്പോള്‍ അസൂയ മൂത്ത മറ്റു രാക്ഷ്ട്രീയ കൂലി സൈബര്‍ അറ്റാക്കേഴ്‌സ് crowd funding പ്ലാറ്റഫോം തകര്‍ത്തു. രാഷ്ട്രീയം എന്തായാലും crowd ഫണ്ടിംഗ് നല്ലൊരു ആശയമാണ്, വികസിത രാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് എല്ലാം crowd funding ലൂടെയാണ്. ഭാവിയിലെ ബാങ്കിംഗ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ യൂണിവേഴ്‌സി റ്റികളും കോളേജുകളും crowd ഫണ്ടിംഗിനെക്കുറിച്ചു കോഴ്‌സുകള്‍ തുടങ്ങട്ടെ, അതിന്റെ സാങ്കേതികത്വവും അറിവും നമ്മുടെ വ്യാപാര വ്യാവസായിക മേഖലയ്ക്ക് വലിയ ഉത്തേജനവും വരാനിരിക്കുന്ന ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യും. നമ്മുടെ ഐസക് സാറിന്റെ കിഫ്ബി crowd ഫണ്ടിംഗ് പരീക്ഷിച്ചു വിജയിച്ചില്ല എന്നതും ഇവിടെ കൂട്ടി വായിക്കണം.

സിപിഎമ്മിന് ഒരു ദുബായ് മാതൃക

സിപിഎം കണ്ണൂര്‍ ജില്ലയില്‍ PSC ട്രെയിനിംഗ് സെന്റര്‍ തുടങ്ങു ന്നെന്ന വാര്‍ത്ത കണ്ടു, അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കി PSC പരീക്ഷ പാസാക്കാന്‍ സഹായിക്കുന്ന നല്ല ഒരു ആശയം, നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ജോലികള്‍ തുലോം കുറവാണെന്ന സത്യം മനസിലാക്കുമ്പോള്‍ അങ്ങ് ദുബായില്‍, ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ഒരു മില്യണ്‍ യുവാക്കള്‍ക്കു ഭാവിയുടെ സ്‌കില്‍ ആയ കമ്പ്യൂട്ടര്‍ കോഡിംഗ് പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സൗജന്യമായി തുടരുന്ന ഇ വിദൂര വിദ്യാഭ്യാസത്തിലൂടെ ഓണ്‍ലൈനില്‍ ലക്ഷക്കണക്കിന് അറബ് യുവാക്കള്‍ ഇന്ന് കോഡിംഗ് പഠിച്ചു ജോലിക്കെത്തുന്നു. പാര്‍ട്ടിക്ക് ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ അത് കേരളത്തിലെ യുവാക്കള്‍ക്ക് വലിയ ആശ്വാസമാകും. അതിലൂടെ മില്ലേനിയല്‍സിന്റെയുള്ളില്‍ അല്‍പ്പം വിപ്ലവാവേശത്തിന്റെ തിരി കൊളുത്തുകയും ചെയ്യാം.

വയനാട് വളരട്ടെ

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാട് ദേശീയ മാധ്യമ ശ്രദ്ധ നേടുന്നു. വയനാടന്‍ ടൂറിസം മാര്‍ക്കറ്റ് ചെയ്യാന്‍ ഇതൊരു നല്ല അവസരമാണ്. സര്‍ക്കാരും ഉദ്യോഗസ്ഥരും ഇപ്പൊ നല്ല ഇലക്ഷന്‍ തിരക്കിലാണ് എന്നതിനാല്‍ ടുറിസം ഓപ്പറേറ്റേഴ്‌സ് തന്നെ കളത്തില്‍ ഇറങ്ങണം, വയനാടിന്റെ പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയും ഭക്ഷണ വൈവിധ്യങ്ങളും കാടും ചുരവും താണ്ടി അവിടേക്കു വരുന്ന മാധ്യമപ്പടക്ക് അനുഭവവേദ്യമാകണം. വ്യാപാര വ്യവസായ സമിതി ഒരു വയനാടന്‍ ടൂറിസം റോഡ് ഷോ നടത്തട്ടെ, ഹോട്ടല്‍ & റെസ്റ്ററന്റ് അസോസിയേഷന്‍ കൂടിയാലോചിച്ചു ഒരു പ്രൊമോഷന്‍ ഓഫര്‍ ചെയ്യട്ടെ, റിസോര്‍ട്ടുകള്‍ തങ്ങളുടെ ബേസ് ഓഫര്‍ പുറത്തെടുക്കട്ടെ, മെയ് 23 ന് ആരു ജയിച്ചാലും തോറ്റാലും നമുക്ക് പറയാനാകും, ഇരുവഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്‍ വയനാട് ടൂറിസത്തിനുള്ളതാണ്!

Similar News