നിങ്ങളുടെ ബിസിനസ് നടത്തിപ്പ് സുഗമമാക്കാന്‍ ഇപ്പോള്‍ ചെയ്യാം, ഇക്കാര്യങ്ങള്‍

Update: 2020-03-17 08:53 GMT

സാധ്യമായത്ര മുന്‍കരുതല്‍ സ്വീകരിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങളെയും നിങ്ങളുടെ ബിസിനസിനെയും സുരക്ഷിതമാക്കാന്‍ ചെയ്യാവുന്ന കാര്യം ഇതാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒട്ടേറെ വിവരങ്ങള്‍ ഇപ്പോള്‍ നാം ഏവരെയും തേടി വരുന്നുണ്ട്. ഇതില്‍ വാസ്തവമുള്ളതുണ്ടാകും. വ്യാജപ്രചാരണങ്ങളും കാണും. അവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബിസിനസുകള്‍ സുഗമമായി നടത്തുന്നതിന് വേണ്ട പൊതുവായ ചില കാര്യങ്ങളിതാ.

1. ബിസിനസിനെ മഹാമാരിയില്‍ നിന്ന് അകറ്റി നിര്‍ത്തുക: മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മഹാമാരിയെ അകറ്റി നിര്‍ത്താനുള്ള നടപടിയാണ് എത്രയും വേഗം എടുക്കേണ്ടത്. കഴിയുന്നത്ര ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുക. ഓഫീസ് തുറന്നുപ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെങ്കില്‍ ജീവനക്കാരുടെ വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും അങ്ങേയറ്റം മുന്‍തൂക്കം നല്‍കുക. വളരെ അത്യാവശ്യമുള്ളവരെ മാത്രം ഓഫീസുകളിലേക്ക് വരുത്തിക്കുക.

2. ഇവന്റുകളും അപ്പോയ്‌മെന്റുകളും മാറ്റിവെയ്ക്കുക: മുന്‍കൂര്‍ തീരുമാനിച്ച പല ഇവന്റുകളുമുണ്ടായേക്കാം. കസ്റ്റമര്‍ക്ക് ഇപ്പോള്‍ ചില സേവനങ്ങള്‍ നല്‍കേണ്ടി വന്നേക്കാം. എന്നാല്‍ എല്ലാവരുടെയും സുരക്ഷ കരുതി അവ മാറ്റിവെയ്ക്കുക. ഇവ മാറ്റി വെയ്ക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ഇവന്റുകള്‍ മാറ്റിവെയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോള്‍

A. അക്കാര്യം കൃത്യമായി ഏവരെയും അറിയിക്കുക. ഓരോരുത്തരെയും സംബോധന ചെയ്ത് സന്ദേശങ്ങള്‍ അയക്കുക.

B. അതിവേഗം റീഫണ്ട് ചെയ്യുക: ഇവന്റുകളില്‍ സംബന്ധിക്കാന്‍ പണം നല്‍കിയവര്‍ക്ക് ഉടന്‍ അത് തിരിച്ചുനല്‍കുക. കസ്റ്റമറുമായുള്ള ദീര്‍ഘകാല ബന്ധം സ്ഥാപിക്കാന്‍ ഇത് ഉപകരിക്കും

C. റീഫണ്ട് പോളിസി ഉണ്ടാക്കുക: ഇപ്പോഴത്തേതിന് സമാനമായ സാഹചര്യം ഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാം. അത് മുന്‍കൂട്ടി കണ്ട് കൃത്യമായൊരു റീഫണ്ട് പോളിസി രൂപീകരിച്ച് വെബ്‌സൈറ്റിലൂടെയും മറ്റും കസ്റ്റമേഴ്‌സിനെ അറിയിക്കുക.

D. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുക: ഇവന്റുകള്‍ നടത്തണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് നിങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഇപ്പോള്‍ അതിനും വഴിയുണ്ട്. ലൈവ് സ്ട്രീം ചെയ്യുക. ഫേസ്ബുക്ക് ലൈവ്, ഇന്‍സ്റ്റാഗ്രാം ടിവി, പെരിസ്‌കോപ്പ് പോലുള്ളവ നിങ്ങളുടെ ഇവന്റ് സോഷ്യല്‍ മീഡിയയില്‍ ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ ഉപയോഗിക്കാം. നിങ്ങളുടെ ഇവന്റിനെ ഒരു വെബിനാര്‍ ആക്കുക.

സര്‍വീസ്, അപ്പോയ്‌മെന്റുകള്‍

A. വെര്‍ച്വര്‍ ആകുക: മനുഷ്യസമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ നല്ല മാര്‍ഗം വെര്‍ച്വര്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുക എന്നതാണ്. ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കെല്ലാം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കാം.

B. കടുംപിടുത്തം വേണ്ട: കസ്റ്റമറോട് കടുംപിടുത്തം പാടില്ല. അവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ഫ്‌ളെക്‌സിബിള്‍ ആയിരിക്കണം സമീപനം. കസ്റ്റമര്‍ കൂപ്പണ്‍, ലോയല്‍റ്റി കാര്‍ഡ് പോലുള്ള നല്‍കി അവര്‍ക്ക് കൂടി അനുയോജ്യമായ സമയം സേവനം നേടാന്‍ പറ്റുന്ന സന്ദര്‍ഭം ഉണ്ടാക്കണം.

C. പേയ്‌മെന്റ് പ്ലാനുകള്‍ പുനഃക്രമീകരിക്കുക: നിങ്ങള്‍ നല്‍കിയ സേവനത്തിന്റെയോ ഉല്‍പ്പന്നത്തിന്റെയോ പേരിലുള്ള പെയ്‌മെന്റിനുള്ള സമയം ക്രമീകരിച്ച് നല്‍കുക.

3. സുതാര്യമായിരിക്കട്ടേ പ്രവര്‍ത്തനശൈലി: കസ്റ്റമേഴ്‌സും ജീവനക്കാരുമായുള്ള ആശയവിനിമയം സുതാര്യമായിരിക്കണം. മാറിയ സാഹചര്യത്തില്‍ നിങ്ങളുടെ കസ്റ്റമര്‍ക്ക് നല്‍കുന്ന ഏറ്റവും പുതിയ സേവനങ്ങളെയും ഉല്‍പ്പന്നങ്ങളെയും കുറിച്ച് അറിയിക്കാന്‍ ഇ മെയ്ല്‍ മാര്‍ക്കറ്റിംഗ് രീതി ഉപയോഗിക്കാം. മൊബീല്‍ ആപ്പുകള്‍ ആരംഭിക്കാം. ബ്ലോഗുകള്‍ വഴി അവരുമായി നിരന്തരം സംവദിക്കാം. സാഹചര്യങ്ങള്‍ എത്ര പ്രതികൂലമാണെങ്കിലും ഉപഭോക്താവിനൊപ്പമുണ്ട് നിങ്ങളെന്ന ധാരണ സൃഷ്ടിക്കണം.

4. വെബ്‌സൈറ്റ് മികച്ചതാക്കുക: പലരും അവരുടെ വെബ്‌സൈറ്റുകള്‍ ഒരു പേരിനുള്ളതായി നിലനിര്‍ത്തുന്നതാകാം. ഇനി അത് പറ്റില്ല. കൊറോണ മാറിയാലും ജനങ്ങള്‍ ചില ശീലങ്ങള്‍ മാറ്റില്ല. അവര്‍ കൈയിലെ സ്മാര്‍ട്ട് ഫോണിലാകും പല കാര്യങ്ങളും തിരയുക. അത് മുന്‍കൂട്ടി കണ്ട് നിങ്ങളുടെ വെബ്‌സൈറ്റ് പരിഷ്‌കരിച്ച് യൂസര്‍ ഫ്രണ്ട്‌ലി ആക്കുക.

5. ഭാവനാശാലികളാകുക: ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും അനുയോജ്യമായ രക്ഷാപദ്ധതികള്‍ ഒന്നും ആര്‍ക്കും നിര്‍ദേശിക്കാനാവില്ല. ഓരോരുത്തര്‍ക്കും അവരുടേതായ സവിശേഷ സാഹചര്യങ്ങളാകും. പ്രതിസന്ധിയുടെ ആഴവും പരപ്പും സ്വയം ചിന്തിച്ചറിഞ്ഞ് സ്വന്തമായൊരു പ്ലാന്‍ സൃഷ്ടിക്കുക. അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലാണ് വിജയം. എന്നും എല്ലാം ഒരുപോലെയാകില്ല. ഈ ഘട്ടവും കടന്നുപോകും. കാറും കോളും നിറഞ്ഞ കടലില്‍ കൈത്തഴക്കം വന്ന കപ്പിത്താനെ പോലെ നിങ്ങളുടെ ബിസിനസിനെ മുങ്ങാതെ കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. ഇതുവരെ ചെയ്ത രീതികള്‍ മറന്നേക്കൂ. പുതിയവ സ്വയം കണ്ടെത്തൂ. വിജയം നിങ്ങള്‍ക്കൊപ്പം നില്‍ക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News